ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ റൗഫിനെ ലക്ഷ്യമാക്കുമ്പോഴും അയാൾ പാകിസ്ഥാനിൽ സ്വൈരവിഹാരം നടത്തുകയായിരുന്നു
ഓപ്പറേഷൻ സിന്ദൂറിലൂടെ പഹൽഗാമിൽ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് മാത്രമല്ല ഇന്ത്യ മറുപടി നൽകുന്നത്. നാളിതുവരെ രാജ്യത്തെ നടുക്കിയ ഭീകരാക്രമണങ്ങൾക്കുള്ള മറുപടികൂടിയായിരുന്നു ഇന്ത്യയുടെ നടപടി. ബഹാവല്‍പുരിലെ ജയ്‌ഷെ ആസ്ഥാനത്തിന് നേരേ ഇന്ത്യ നടത്തിയ തിരിച്ചടിയിൽ ജയ്ഷെ മുഹമ്മദ് സുപ്രീം കമാൻഡറും മസൂദ് അസ്ഹറിന്റെ സഹോദരനുമായ അബ്ദുള്‍ റൗഫ് അസ്ഹറിന്റെ മരണം ഇതാണ് വ്യക്തമാക്കുന്നത്.
ആരാണ് റൗഫ് അസ്ഹർ?
മുഫ്തി അബ്ദുൾ റൗഫ് അസ്ഗർ എന്ന റൗഫ് അസ്ഹർ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ബഹവൽപൂരിലാണ് ജനിച്ചത്. ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ തലവനായ മസൂദ് അസ്ഹറിന്റെ സഹോദരനായ റൗഫ് കേവലം ഒരു കാലാൾപ്പടയാളി ആയിരുന്നില്ല. ജയ്ഷെ മുഹമ്മദിന്റെ നിരവധി ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തത് റൗഫ് ആണ്. മസൂദിന്റെ അസാന്നിധ്യത്തിൽ ജയ്ഷെയുടെ അവസാന വാക്ക് ഇയാളായിരുന്നു. എന്നാൽ, ഇയാളുടെ ഐഡിന്റിറ്റി എല്ലാക്കാലത്തും അവ്യക്തമായി തുടർന്നു. സൈനിക വിശദീകരണങ്ങളിൽ മാത്രം ഇടയ്ക്കിടയ്ക്ക് ആ പേര് ഉയർന്നുവന്നു.
ഇന്ത്യയുടെ മണ്ണിൽ നടന്ന പല ഭീകരാക്രമണങ്ങൾക്കും നിശബ്ദമായി നേതൃത്വം നൽകിയത് റൗഫായിരുന്നു. 2002ൽ അന്താരാഷ്ട്ര സമ്മർദങ്ങൾ കാരണം പാകിസ്ഥാൻ ജയ്ഷെ മുഹമ്മദിനെ നിരോധിക്കുമ്പോഴും റൗഫ് സജീവമായി പ്രവർത്തിക്കുന്നുണ്ടായിരുന്നു. ആൾബലം കൊണ്ടും സാമ്പത്തികമായും അയാൾ ആ ഭീകരസംഘടനയുടെ പ്രഹര ശേഷി വർധിപ്പിച്ചു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ റൗഫിനെ ലക്ഷ്യമാക്കുമ്പോഴും അയാൾ പാകിസ്ഥാനിൽ സ്വൈരവിഹാരം നടത്തി.
രക്തക്കറ പുരണ്ട ജീവിതം
1999-ലെ കാണ്ഡഹാര്‍ വിമാന റാഞ്ചലിന്റെ മുഖ്യസൂത്രധാരനാണ് റൗഫ് അസ്ഹർ. മസൂദ് അസ്ഹറിനെ ഇന്ത്യയുടെ കയ്യിൽ നിന്ന് മോചിപ്പിക്കാനായാണ് നേപ്പാളിലെ കാഠ്മണ്ഡുവിൽനിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്ന ഐസി–814 വിമാനം ഹർക്കത്തുൽ മുജാഹിദ്ദീൻ ഭീകരർ റാഞ്ചിയത്. ഇന്ത്യയുടെ തടവിലായിരുന്ന ഭീകരരായ മസൂദ് അസ്ഹർ, മുഷ്താഖ് സർഗർ, ഒമർ ഷെയ്ഖ് എന്നിവരെ വിട്ടുനൽകുകയായിരുന്നു ഭീകരരുടെ ആവശ്യം. പാകിസ്ഥാനിൽ വിമാനം ഇറാക്കാൻ അനുമതി ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് വിമാനവുമായി താലിബാൻ ഭരണത്തിനു കീഴിലുള്ള അഫ്ഗാനിസ്ഥാനിലേക്ക് ഭീകരർ എത്തിയത്. ബന്ദികളായ യാത്രക്കാരുടെ ജീവൻ രക്ഷിക്കാനായി അന്ന് അവർ ആവശ്യപ്പെട്ടപോലെ മൂന്ന് ഭീകരരേയും ഇന്ത്യക്ക് മോചിപ്പിക്കേണ്ടിവന്നു. അന്നു മുതൽ ഇന്ത്യയുടെ കണ്ണിലെ കരടാണ് റൗഫ് അസ്ഹർ.
2001ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണം ലഷ്ക്കറെ ത്വയ്ബയുമായി ചേർന്ന് റൗഫാണ് ആസൂത്രണം ചെയ്തത്. ഇന്ത്യാ-പാക് യുദ്ധത്തിന്റെ വക്കിലെത്തിച്ച സംഭവമായിരുന്നുവിത്. ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയ്ക്ക് നേരെ നടന്ന ആക്രമണമായാണ് 2001ലെ ഭീകരാക്രമണത്തെ വിലയിരുത്തുന്നത്.
2002ൽ വാൾ സ്രീറ്റ് ജേർണലിസ്റ്റായ ഡാനിയൽ പേളിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിലും റൗഫ് അസ്ഹറിന് പങ്കാളിത്തമുണ്ട്. പേളിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ അൽ-ഖ്വയ്ദ ഭീകരൻ ഒമർ സയീദ് ഷെയ്ഖിന്റെ മോചനത്തിന് വഴിയൊരുക്കിയത് റൗഫ് ആസൂത്രണം ചെയ്ത കാണ്ഡഹാർ വിമാന റാഞ്ചലാണ്.
2002 ജനുവരി 23നാണ് അന്വേഷണാത്മക മാധ്യമപ്രവർത്തകനായ ഡാനിയേൽ പേളിനെ കറാച്ചിയിൽ നിന്നും കാണാതാകുന്നത്. ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ചുള്ള ഗവേഷണത്തിന്റെ ഭാഗമായി ഒരു മതനേതാവിനെ അഭിമുഖം ചെയ്യാനിരിക്കെയാണ് പേൾ അപ്രത്യക്ഷനായത്. ഒരു കഫേയ്ക്ക് സമീപത്ത് വെച്ച് അദ്ദേഹത്തെ ഭീകരവാദികൾ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
പാകിസ്ഥാന്റെ പരമാധികാരം പുനഃസ്ഥാപിക്കുന്നതിനുള്ള ദേശീയ പ്രസ്ഥാനമായി സ്വയം വിശേഷിപ്പിച്ച ഈ ഭീകര സംഘടന, ചാരനാണ് എന്ന് ആരോപിച്ചാണ് പേളിനെ തട്ടിക്കൊണ്ടുപോയി തലയറുത്തത്. അതുകൊണ്ട് തന്നെ പാകിസ്ഥാനിലെ ഒൻപത് ഭീകരവാദ കേന്ദ്രങ്ങൾക്ക് നേരെ നടത്തിയ ആക്രമണത്തിലൂടെ ആ മാധ്യമ പ്രവർത്തകനു കൂടിയാണ് നീതി ലഭിക്കുന്നത്.
2016ലെ പത്താൻകോട്ട് വ്യോമതാവള ആക്രമണത്തിനു പിന്നാൽ പ്രവർത്തിച്ചതും റൗഫിന്റെ തലച്ചോറാണ്. ആക്രമണത്തിനായുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റം ആസൂത്രണം ചെയ്തതും മേൽനോട്ടം വഹിച്ചതും റൗഫാണെന്നാണ് കരുതപ്പെടുന്നത്.
ജയ്‌ഷെ മുഹമ്മദിന്റെ പ്രത്യയശാസ്ത്ര പഠന- പരിശീലന കേന്ദ്രമായ മർകസ് സുബ്ഹാൻ അല്ലാഹ് സമുച്ചയം ലക്ഷ്യമിട്ടു നടന്ന ഇന്ത്യയുടെ സംയുക്ത സൈനിക നീക്കത്തിലാണ് റൗഫ് അസ്ഹർ കൊല്ലപ്പെട്ടത്. റൗഫിനൊപ്പം, മസൂദ് അസ്ഹറിന്റെ കുടുംബത്തിലെ പത്ത് അംഗങ്ങളെയും നാല് അടുത്ത സഹായികളെയും സൈന്യം ഇല്ലാതാക്കി. ഭീകരവാദത്തിനോട് ക്ഷമിക്കുകയില്ല എന്ന ശക്തമായ സന്ദേശമാണ് ഇന്ത്യ ഇതുവഴി നൽകുന്നത്.