അക്ഷരാർഥത്തിൽ ന്യൂ ഡൽഹി മണ്ഡലത്തിൽ രാഷ്ട്രീയ സംഭവവികാസങ്ങളുടെ ആവർത്തനമായിരുന്നു
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ന്യൂ ഡൽഹി സീറ്റിന് വലിയ ചരിത്ര പ്രാധാന്യമുണ്ട്. വലിയവരുടെ വീഴ്ചയും അപ്രസക്തരുടെ വാഴ്ചയും കണ്ട മണ്ഡലമാണിത്. ഇത്തവണ ആം ആദ്മി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‍രിവാളിന്റെ തെരഞ്ഞെടുപ്പ് തോൽവിയാണ് ന്യൂ ഡൽഹി മണ്ഡലത്തെ വീണ്ടും തലക്കെട്ടുകളിലേക്ക് എത്തിച്ചത്. ബിജെപി സ്ഥാനാർഥി പർവേഷ് വർമയോടായിരുന്നു കെജ്‍രിവാളിൻറെ തോൽവി. എന്നാൽ ഈ സംഭവത്തിന് ഒരു ഉപ കഥയുണ്ട്. ആം ആദ്മി അധ്യക്ഷന്റെ പരാജയം ഉറപ്പാക്കിയത് മൂന്നാം സ്ഥാനത്ത് എത്തിയ കോൺഗ്രസ് സ്ഥാനാർഥി സന്ദീപ് ദീക്ഷിത് ആണ്. സന്ദീപ് ദീക്ഷിത്, ആം ആദ്മിയുടെ ഉദയത്തോടെ രാഷ്ട്രീയ വനവാസത്തിലേക്ക് കടന്ന ഡൽഹി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകൻ.
അക്ഷരാർഥത്തിൽ ന്യൂ ഡൽഹി മണ്ഡലത്തിൽ രാഷ്ട്രീയ സംഭവവികാസങ്ങളുടെ ആവർത്തനമായിരുന്നു. മുൻപ് ഗോൽ മാർക്കറ്റ് എന്ന് അറിയപ്പെട്ടിരുന്ന ഈ മണ്ഡലത്തിൽ 1998ലും 2003ലും ഷീല ദീക്ഷിത്തിനായിരുന്നു വിജയം. പിന്നീട് 2008ൽ മണ്ഡല പുനർനിർണയത്തിനു ശേഷം ന്യൂ ഡൽഹിയുടെ ഭാഗമായ മണ്ഡലത്തിലും ജനങ്ങൾ ഷീലയ്‌ക്കൊപ്പമായിരുന്നു. എന്നാൽ, 2013ല്‍ സ്ഥിതിഗതികൾ മാറി. കേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസിനെതിരെ രാജ്യത്താകമാനം അഴിമതി ആരോപണങ്ങൾ ഉയർന്നു. ഡൽഹിയായിരുന്നു അതിന്റെ കേന്ദ്രം. സ്വാഭാവികമായി ഷീല ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരും പ്രതിരോധത്തിലായി. അണ്ണാ ഹസാരെയുടെ ഇന്ത്യ എഗെയ്ൻസ്റ്റ് കറപ്ഷൻ മൂവ്മെന്റിന്റെ ഭാഗമായി മുന്‍നിരയിലേക്കെത്തിയ കെജ്‌രിവാൾ 2013ല്‍ തന്റെ അനുയായികളുമായി രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങി. കെജ്‌രിവാൾ തെരഞ്ഞെടുത്ത മണ്ഡലം, ഷീലയുടെ തടക്കമായ ന്യൂ ഡൽഹിയായിരുന്നു. മണ്ഡല രൂപീകരണം മുതൽ വിജയം മാത്രം അറിഞ്ഞ ഷീലയും കോൺഗ്രസും കെജ്‌രിവാളിനോട് പരാജയം അറിഞ്ഞു.
Also Read: കെജ്‌രിവാളിന് അഗ്നിശുദ്ധിക്ക് അവസരം നൽകാതെ ജനങ്ങള്‍; എന്തായിരുന്നു ബിജെപിയുടെ ഡൽഹി പ്ലാന്‍?
20 വർഷങ്ങൾക്ക് ശേഷം, അതേ മണ്ഡലത്തിലാണ് കെജ്‌രിവാളിന് അടിപതറിയത്. അഴിമതി ആരോപണങ്ങളിൽ അഗ്നിശുദ്ധി വരുത്തി തിരിച്ചുവരാനായി മത്സരിച്ച കെജ്‍രിവാളിനെ ജനങ്ങളെ കൈവിട്ടു. ഒപ്പം ആം ആദ്മിയെയും. ന്യൂ ഡൽഹിയിൽ ഷീലയെ വീഴ്ത്തിയ കെജ്‌രിവാളിന് ഗോലിയാത്ത് ആയത് ബിജെപിയുടെ പർവേഷ് ശർമയാണ്. എന്നാൽ കണക്കുകള്‍ പറയുന്നത് ഈ തോൽവിക്കു പിന്നിൽ കോൺഗ്രസിന്റെ സന്ദീപ് ദീക്ഷിതിന്റെ പ്രകടനമാണെന്നാണ്. 4,089 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാർഥിയുടെ വിജയം. മൂന്നാം സ്ഥാനത്ത് എത്തിയ സന്ദീപ് നേടിയതോ 4,568 വോട്ടുകളും. ഇൻഡ്യ മുന്നണിയിലെ തന്നെ രണ്ട് കക്ഷികൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ലാഭം കൊയ്ത കൂട്ടത്തിൽ സഖ്യത്തിലെ ഒരു പ്രമുഖ നേതാവിന്റെ വീഴ്ചയ്ക്കും അത് കാരണമായി. ആം ആദ്മിയുടെ കോൺഗ്രസും ഒരുമിച്ച് ഈ തെരഞ്ഞെടുപ്പ് നേരിട്ടിരുന്നെങ്കിൽ ഒരു നേരിയ ഭൂരിപക്ഷത്തിൽ കെജ്‌രിവാൾ ചിലപ്പോൾ വിജയം കണ്ടെത്തുമായിരുന്നു. എന്നാൽ അതും സാധ്യത മാത്രമാണ്.
Also Read: അഴിമതിവിരുദ്ധ പ്രസ്ഥാനത്തിലൂടെ കരുത്താർജിച്ച്... അഴിമതി ആരോപണങ്ങളിൽ തളർന്ന 'ആം ആദ്മി'
2020ലെ കണക്കുകൾ പരിശോധിച്ചാൽ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരും. 2020 തെരഞ്ഞെടുപ്പിൽ ന്യൂ ഡൽഹി മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയെ 21,000 വോട്ടുകൾക്കാണ് കെജ്‌രിവാൾ പരാജയപ്പെടുത്തിയത്. അന്ന് കോൺഗ്രസ് സ്ഥാനാർഥിക്ക് ലഭിച്ച വോട്ട് 3,220 ആയിരുന്നു. ബിജെപി ഈ രണ്ട് തെരഞ്ഞെടുപ്പുകൾക്കിടയിൽ വലിയ വോട്ട് വർധനയാണ് കൈവരിച്ചത്. മണ്ഡലത്തിലെ സ്വാധീനം നഷ്ടമായ കോൺഗ്രസിന് ലാഭം ആം ആദ്മിയുമായി ചേർന്ന് മത്സരിക്കുകയെന്നതായിരുന്നു. എന്നാൽ ബിജെപിയെക്കാൾ ഉപരിയായി കെജ്‌രിവാളിനെ പരാജയപ്പെടുത്തുകയായിരുന്നു കോൺഗ്രസിന്റെ ലക്ഷ്യം. സന്ദീപ് ദീക്ഷിതിനായി അമ്മ ഷീല ദീക്ഷിതും സഹോദരി ലതികയും പ്രചരണത്തിനിറങ്ങി. അവർ ഡൽഹി സർക്കാരിന്റെ വീഴ്ചകൾ ജനങ്ങളോട് എണ്ണിപ്പറഞ്ഞു. ഈ പ്രചരണങ്ങൾക്ക് കോൺഗ്രസിനെ ജയിപ്പിക്കാനായില്ലെങ്കിലും ആം ആദ്മിയെ തോൽപ്പിക്കാനായി.
മറ്റൊരു കൗതുകമുള്ള കാര്യം, അരവിന്ദ് കെജ്‌രിവാളിനെ പരാജയപ്പെടുത്തിയ ബിജെപി സ്ഥാനാർഥി പർവേഷ് സാഹിബ് സിംഗിന്റെ കാര്യത്തിലാണ്. ഡൽഹി മുൻ മുഖ്യമന്ത്രി സാഹിബ് സിംഗ് വർമയുടെ മകനാണ് പർവേഷ്. ബിജെപിയിലെ മുതിർന്ന നേതാക്കളിൽ ഒരാളായ സാഹിബ് സിംഗ് വർമ 1996 ഫെബ്രുവരി മുതൽ 1998 ഒക്ടോബർ വരെ രാജ്യ തലസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. ബിജെപിയുടെ മദൻ ലാൽ ഖുറാനയ്ക്ക് ശേഷമാണ് അദ്ദേഹം ഉന്നത സ്ഥാനത്തേക്ക് എത്തിയത്.