ഇന്ത്യയില്‍ 2.55 ദശലക്ഷം പേര്‍ക്കാണ് 2023 ല്‍ ക്ഷയരോഗം സ്ഥിരീകരിച്ചത്. 1960 ല്‍ ക്ഷയരോഗ നിയന്ത്രണയജ്ഞം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഈ അടുത്ത കാലത്ത് ലോകത്തെ മുഴുവൻ ആശങ്കയിലാഴ്ത്തിയ രോഗമാണ് കൊവിഡ് മഹാമാരി. അരോഗ്യരംഗത്ത് ഏറെ പുരോഗതി കൈവരിച്ച രാജ്യങ്ങളെപ്പോലും വിറപ്പിച്ച്, ജനജീവിതം സ്തംഭിപ്പിച്ച്, ഏറെപ്പേരുടെ ജീവനെടുത്ത കൊവിഡ് 19 ആഗോള സാമ്പത്തിക വ്യവസ്ഥയെ തന്നെ താറുമാറാക്കിയാണ് കടന്നു പോയത്. ഇന്നും പലയിടത്തും കൊവിഡ് വേരിയൻ്റുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഇപ്പോഴിതാ അതിലും പേടിപ്പെടുത്തുന്ന റിപ്പോർട്ടാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ടിരിക്കുന്നത്. കോവിഡിനെ മറികടന്ന് ഏറ്റവും മാരകമായ രോഗമായി ക്ഷയരോഗം മാറുന്നുവെന്നാണ് കണ്ടെത്തൽ. ഇതു വ്യക്തമാക്കുന്ന കണക്കുകളും WHO പുറത്തുവിട്ടിട്ടുണ്ട്. 2023 ല്‍ ലോകത്ത് 8.2 ദശലക്ഷം പേര്‍ക്കാണ് ക്ഷയം സ്ഥിരീകരിച്ചത്. ലോകത്തെ ക്ഷയരോഗബാധയില്‍ 26 ശതമാനവും ഇന്ത്യയിലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ഇന്ത്യയില്‍ 2.55 ദശലക്ഷം പേര്‍ക്കാണ് 2023 ല്‍ ക്ഷയരോഗം സ്ഥിരീകരിച്ചത്. 1960 ല്‍ ക്ഷയരോഗ നിയന്ത്രണയജ്ഞം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലോകാരോഗ്യ സംഘടന പുറത്തു വിട്ട ഗ്ലോബല്‍ ട്യൂബുര്‍ക്കുലോസിസ് റിപ്പോര്‍ട്ട് 2024 പ്രകാരം ഇന്തോനേഷ്യയാണ് രോഗബാധയില്‍ ഇന്ത്യയ്ക്ക് തൊട്ടു പിറകിൽ നിൽക്കുന്നത്.
Also Read;സ്തനാർബുദം: അറിയാം, ചികിത്സിക്കാം; നേരത്തെ പ്രതിരോധിക്കാം
2023 ലെ കണക്കനുസരിച്ച് 10 ശതമാനമാണ് ഇന്തോനേഷ്യയിലെ രോഗബാധ.6.8 ശതമാനം വീതം ചൈനയിലും ഫിലിപ്പീന്‍സിലുമാണ്. 6.3 ശതമാനം പാകിസ്ഥാനിലുമാണെന്ന് കണക്കുകളിൽ പറയുന്നു. നിലവിലെ കണക്കുകൾ ഇന്ത്യയിലെ ആരോഗ്യ രംഗത്തും ആശങ്ക പടർത്തുന്നതാണ്.
രോഗ ബാധ സ്ഥിരീകരിച്ചതിൽ 55 ശതമാനവും പുരുഷന്മാരാണ്. 33 ശതമാനം സ്ത്രീകളും 12 ശതമാനം കുട്ടികളുമാണ്. 2022ല്‍ 7.5 ദശലക്ഷം കേസുകളാണ് ലോകത്ത് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഒരു വർഷത്തിനിടെ അത് 8.2 ദശലക്ഷമായി ഉയരുകയായിരുന്നു. ഈ വർധനവാണ് കൊവിഡിനെ പിന്തള്ളി ലോകത്തിലെ മാരക പകർച്ചവ്യാധിയായി ക്ഷയത്തെ മാറ്റിയത്. ടിബി സംബന്ധമായ മരണങ്ങള്‍ 2022-ല്‍ 1.32 ദശലക്ഷത്തില്‍ നിന്ന് 2023-ല്‍ 1.25 ദശലക്ഷമായി കുറഞ്ഞപ്പോള്‍, ടിബി ബാധിച്ചവരുടെ എണ്ണം 10.8 ദശലക്ഷമായി ഉയരുകയായിരുന്നു ചെയ്തത്.
മള്‍ട്ടിഡ്രഗ്-റെസിസ്റ്റന്റ് ട്യൂബര്‍കുലോസിസ് (എംഡിആര്‍-ടിബി) എന്ന വകഭേദം വർധിക്കുന്നതാണ് കടുത്ത വെല്ലുവിളിയെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. പൊതുജനാരോഗ്യത്തെ അപകടരമാകും വിധത്തിലാണ് ഈ രോഗാവസ്ഥ ബാധിക്കുക.അത് വലിയ ആശങ്കകൾക്ക് വഴിവയ്ക്കുന്നു. സാംക്രമിക രോഗങ്ങളുമായി ബന്ധപ്പെട്ട മരണങ്ങളുടെ പ്രധാനകാരണമായി ക്ഷയരോഗം പ്രവർത്തിക്കുമെന്നതിനാൽ തന്നെ ഈ സാഹചര്യത്തെ പ്രതിരോധിക്കാൻ അടിയന്തര നടപടി ആവശ്യമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണം. ക്ഷയരോഗം ചികിത്സിക്കാനും പ്രതിരോധിക്കാനും ഫലപ്രദമായ മാര്‍ഗങ്ങള്‍ നിലവിൽ ഉണ്ടെങ്കിൽ പോലും ധാരാളം ആളുകള്‍ മരണപ്പെടുന്നു എന്നത് ആശങ്കാജനകമാണെന്നും ലോകാരോഗ്യസംഘടനയുടെ ഡയറക്ടര്‍ ജനറല്‍ റ്റെഡ്രോസ് അഥനോം ഗബ്രിയേസസ് പറഞ്ഞു.
പ്രധാനമായും ശ്വാസകോശത്തെ ബാധിക്കുന്ന രോഗമാണ് ക്ഷയരോഗം. മൈകോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന ഒരുതരം ബാക്ടീരിയ മൂലമുണ്ടാകുന്ന ഈ രോഗം രോഗബാധിതരായ ആളുകൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ തുപ്പുമ്പോഴോ വായുവിലൂടെ പടരുന്നു. വൃക്ക, നട്ടെല്ല്, മസ്തിഷ്കം എന്നിങ്ങനെ ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളെ ബാധിക്കാനും ടിബി ബാക്ടീരിയയ്ക്ക് കഴിയും.