
മുൻ ഗുസ്തി ഫെഡറേഷൻ മേധാവി ബ്രിജ് ഭൂഷൺ സിങ് പറഞ്ഞതെല്ലാം തെറ്റാണെന്ന് തെളിയിക്കപ്പെടുമെന്ന് വിനേഷ് ഫോഗട്ട്. കോൺഗ്രസ് അംഗത്വം ഏറ്റെടുത്തതിന് പിന്നാലെ ഗുസ്തി താരങ്ങൾക്കെതിരെ വിമർശനവുമായി ബ്രിജ് ഭൂഷൺ രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയായാണ് വിനേഷ് ഫോഗട്ട് പ്രതികരണം രേഖപ്പെടുത്തിയത്. ഗുസ്തിതാരം വിനേഷ് ഫോഗട്ടിൻ്റെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വത്തില്‍ ഗുസ്തി ഫെഡറേഷന് മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ് പ്രതികരിച്ചിരുന്നു. തനിക്കെതിരെ ഗുസ്തി താരങ്ങള്‍ നടത്തിയ പ്രതിഷേധത്തിന് പിന്നില്‍ കോണ്‍ഗ്രസായിരുന്നു. പ്രതിഷേധങ്ങൾ പെണ്മക്കള്ക്ക് വേണ്ടി ആയിരുന്നില്ല, മറിച്ച് രാഷ്ട്രീയത്തിന് വേണ്ടിയായിരുന്നുവെന്നും ബ്രിജ് ഭൂഷണ് ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ വിനേഷ് ഫോഗട്ടിനെ ആർക്കും പരാജയപ്പെടുത്താമെന്ന് പറഞ്ഞ ബ്രിജ് ഭൂഷൺ പാർട്ടി ആവശ്യപ്പെട്ടാൽ ഹരിയാനയിൽ ബിജെപിക്ക് വേണ്ടി പ്രചരണത്തിൽ പങ്കെടുക്കുമെന്നും വ്യക്തമാക്കി.
വരാനിരിക്കുന്ന ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ ജുലാന മണ്ഡലത്തിൽ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വിനേഷ് ഫോഗട്ട് മത്സരിക്കുമെന്ന് സ്ഥിരീകരണം വന്നിരുന്നു. ഹരിയാന കോൺഗ്രസ് അധ്യക്ഷൻ ദീപക് ബാബറിയയാണ് ഇക്കാര്യം അറിയിച്ചത്. ബജ്രംഗ് പുനിയയെ അഖിലേന്ത്യ കിസാൻ കോൺഗ്രസിന്റെ വർക്കിങ് ചെയർമാനായും നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പുറത്തിറക്കി. റെയിൽവേയിലെ ജോലി രാജിവെച്ചാണ് ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പൂനിയയും കോൺഗ്രസിൽ ചേർന്നത്.
വിനേഷ് ഫോഗട്ടിനെതിരെ തട്ടിപ്പ് ആരോപിച്ച റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ അധ്യക്ഷൻ ബ്രിജ്ഭൂഷനെതിരെ രൂക്ഷ വിമർശനവുമായി ഗുസ്തി താരവും കോൺഗ്രസ് നേതാവുമായ ബജ്രംഗ് പൂനിയ രംഗത്തെത്തിയിരുന്നു. ഒളിംപിക്സിൽ പങ്കെടുക്കാൻ വിനേഷ് തട്ടിപ്പ് കാണിച്ചെന്നും അതിന് ദൈവം കൊടുത്ത ശിക്ഷയാണ് മെഡൽ നഷ്ടമെന്നും ബ്രിജ്ഭൂഷൺ വിമർശിച്ചിരുന്നു.
ALSO READ: വിയറ്റ്നാമിൽ ഉരുൾപൊട്ടൽ; ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം
ബ്രിജ്ഭൂഷണിൻ്റെ പരാമർശങ്ങൾ രാജ്യത്തോടുള്ള അദ്ദേഹത്തിൻ്റെ മാനസികാവസ്ഥയെ ആണ് തുറന്നുകാട്ടുന്നതെന്ന് ബജ്രംഗ് പൂനിയ പറഞ്ഞിരുന്നു. "അത് വിനേഷിൻ്റെ മെഡൽ ആയിരുന്നില്ല. 140 കോടി ഇന്ത്യക്കാരുടെയും മെഡലായിരുന്നു. അവളുടെ നഷ്ടത്തിൽ ബ്രിജ്ഭൂഷൺ ആഹ്ളാദിക്കുകയാണ് ചെയ്യുന്നത്,” ഓൾ ഇന്ത്യ കിസാൻ കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പറഞ്ഞു.
"വിനേഷിൻ്റെ അയോഗ്യത ആഘോഷിച്ചവർ ദേശഭക്തരാണോ? ഞങ്ങൾ കുട്ടിക്കാലം മുതൽ രാജ്യത്തിന് വേണ്ടി പോരാടുന്നവരാണ്. അവർ പെൺകുട്ടികളെ പീഡിപ്പിക്കുന്നു. എന്നിട്ട് അവർ ഞങ്ങളെ രാജ്യസ്നേഹം പഠിപ്പിക്കാൻ ധൈര്യപ്പെടുകയാണ്," പൂനിയ ഇന്ത്യ ടുഡേയോട് പറഞ്ഞു.
ALSO READ: ഹരിയാന തെരഞ്ഞെടുപ്പ്: ബ്രിജ് ഭൂഷൺ സിങ്ങിന് താക്കീതുമായി ബിജെപി