സിപിഎം കീഴ്‌വഴക്കം അനുസരിച്ച് മുതിർന്ന ഒരു പോളിറ്റ് ബ്യൂറോ അംഗം തന്നെയാകണം ജനറൽ സെക്രട്ടറി
സിപിഎം എന്ന പാർട്ടിക്ക് അതിന്‍റെ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കാൻ അതിവിപുലമായ സമ്മേളനം ആവശ്യമില്ല. കേന്ദ്ര കമ്മിറ്റിയാണ് രണ്ടു പാർട്ടി കോൺഗ്രസുകൾക്കിടയുള്ള കാലത്തെ ഏറ്റവും ഉന്നത സമിതി. സ്വന്തം അംഗങ്ങളിൽ നിന്ന് ഒരു പോളിറ്റ് ബ്യൂറോയേയും ജനറൽ സെക്രട്ടറിയേയും കേന്ദ്ര കമ്മിറ്റി തെരഞ്ഞെടുക്കുമെന്നുമാണ് ഭരണഘടനയിൽ എഴുതിയിരിക്കുന്നത്. ഈ മാസം 28 മുതൽ 30 വരെ നടക്കുന്ന കേന്ദ്ര കമ്മിറ്റിക്ക് ഒരു ജനറൽ സെക്രട്ടറിയേയും പിബിയിലെ ഒഴിവിലേക്ക് മറ്റൊരാളേയും നിർദേശിക്കാം. ജനറൽ സെക്രട്ടറി നിലവിലെ പോളിറ്റ് ബ്യുറോ അംഗങ്ങൾ ആവണം എന്ന നിർബന്ധം പോലും ഭരണഘടനയിൽ ഇല്ല. കേന്ദ്ര കമ്മിറ്റിയിൽ ഉള്ളവരിൽ ആരിൽ നിന്നുവേണമെങ്കിലും പോളിറ്റ് ബ്യൂറോയേയും ജനറൽ സെക്രട്ടറിയേയും തെരഞ്ഞെടുക്കാം എന്നാണ് ഭരണഘടന പറയുന്നത്. സിപിഎം കീഴ്‌വഴക്കം അനുസരിച്ച് മുതിർന്ന ഒരു പോളിറ്റ് ബ്യൂറോ അംഗം തന്നെയാകണം ജനറൽ സെക്രട്ടറി.
യെച്ചൂരിക്കു ശേഷം സിപിഐഎം
മൂന്നുവട്ടം ജനറൽ സെക്രട്ടറിയായ പ്രകാശ് കാരാട്ട് കഴിഞ്ഞാൽ നിലിവിൽ പോളിറ്റ് ബ്യൂറോയിൽ ഏറ്റവും മുതിർന്ന അംഗങ്ങൾ കേരള മുഖ്യമന്ത്രി പിണറായി വിജയനും മുൻ ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാരുമാണ്. ഇരുവർക്കുമൊപ്പം പോളിറ്റ് ബ്യൂറോയിൽ എത്തിയ ബിമൻ ബോസ് കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ വിരമിച്ചു. ഇരുവർക്കുമുള്ള പോരായ്മ ഡൽഹി കേന്ദ്രീകരിച്ചുള്ള പ്രവർത്തന പരിചയത്തിലെ കുറവാണ്. നിലവിലുള്ള പി ബി അംഗങ്ങളിൽ പാർട്ടി ആസ്ഥാനത്തു പ്രവർത്തിച്ച് ഏറ്റവും പരിചയം ബൃന്ദാ കാരാട്ടിനാണ്. 2005 മുതൽ പോളിറ്റ് ബ്യുറോ അംഗമാണ് ബൃന്ദ. മുൻ തമിഴ്നാട് സംസ്ഥാന സെക്രട്ടറിയായ ജി രാമകൃഷ്ണനാണ് പിന്നെ മുതിർന്ന അംഗം. 2010 മുതൽ പോളിറ്റ് ബ്യൂറോയിൽ ഉണ്ട്. സൂര്യകാന്ത മിശ്രയും എം.എ. ബേബിയുമാണ് പോളിറ്റ് ബ്യൂറോ അംഗത്വത്തിൽ പിന്നാലെ വരുന്നത്. സൂര്യകാന്ത് മിശ്ര ബംഗാൾ കേന്ദ്രീകരിച്ചായിരുന്നു ഏറെക്കാലവും. 2012ൽ പോളിറ്റ് ബ്യൂറോയിൽ എത്തിയതുമുതൽ എം.എ. ബേബി ഡൽഹി കേന്ദ്രീകരിച്ചു തന്നെയാണ്. മറ്റൊരു വനിതാ അംഗമായ സുഭാഷിണി അലി 2015ൽ ആണ് പോളിറ്റ് ബ്യൂറോയിൽ എത്തിയത്. ഈ സാഹചര്യത്തിൽ തീരുമാനം ബൃന്ദ കാരാട്ടിൽ എത്തുമോ എന്നാണ് ഉയരുന്ന ചോദ്യം.
ആദ്യത്തെ വനിതാ ജനറൽ സെക്രട്ടറി?
വനിതകൾ പ്രധാനപ്പെട്ട സംസ്ഥാന സെക്രട്ടറിമാർ പോലും ആയ പാരമ്പര്യം സിപിഎമ്മിലോ സിപിഐയിലോ ഇല്ല. ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന രണ്ടു വനിതാ കമ്യൂണിസ്റ്റ് നേതാക്കൾ അവരുടെ പങ്കാളികളായ മുതിർന്ന നേതാക്കൾക്കൊപ്പം അവിടെ സ്ഥിര താമസം ആക്കിയവരാണ്. ബൃന്ദാ കാരാട്ടും ആനി രാജയും. പ്രകാശ് കാരാട്ടും ഡി രാജയും ഉയർന്ന പദവിയിൽ ഉള്ളതിനാൽ മാത്രം പിന്തുടർന്ന് എത്തിയവരുമല്ല ഇരുവരും. സ്വന്തം നിലയ്ക്കു നടത്തിയ പ്രവർത്തനങ്ങളിലൂടെയാണ് ശ്രദ്ധേയരായത്. ആദ്യ വനിതാ ജനറൽ സെക്രട്ടറിയായി ബൃന്ദയെ ഇപ്പോൾ തെരഞ്ഞെടുത്താൽ ഏഴുമാസം കഴിഞ്ഞുവരുന്ന പാർട്ടി കോൺഗ്രസിലും ആ നിയമനം തുടരുകയാണ് പതിവ്. സീതാറാം യെച്ചൂരിക്ക് ഉണ്ടായിരുന്നതുപോലെ ഇന്ത്യ സഖ്യത്തിലെ ദേശീയ നേതാക്കൾക്കിടയിൽ വലിയ സ്വാധീനം ഉള്ളയാളാണ് ബൃന്ദ. യച്ചൂരിയെപ്പോലെ തന്നെ പ്രവർത്തനം സുതാര്യവുമാണ്. മനസ്സിലൊന്നു വച്ച് പുറത്തു മറ്റൊന്നു പറയുന്ന രീതിയില്ലാത്ത നേതാവാണ്. നിലപാടുകളുടെ കാര്യത്തിൽ പത്തരമാറ്റ് തിളക്കവുമുണ്ട്. വനിതയെ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്കു മേൽക്കൈ കിട്ടിയാൽ 28ന് ആരംഭിക്കുന്ന കേന്ദ്ര കമ്മിറ്റി പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കില്ല. പകരം ഏഴുമാസത്തേക്കുള്ള താൽക്കാലിക സംവിധാനം വരാം.
യെച്ചൂരിയുടെ നേർവഴി രാഷ്ട്രീയം
കമ്യൂണിസ്റ്റ് നേതാക്കളുടെ കാരിരുമ്പ് കാർക്കശ്യം ഇല്ലാത്ത പ്രവർത്തനങ്ങളാണ് സീതാറാം യെച്ചൂരിയെ വേറിട്ടുനിർത്തിയത്. പാർട്ടി സമ്മേളനത്തിൽ നടന്ന വോട്ടെടുപ്പിനെക്കുറിച്ചുപോലും അഭിമുഖങ്ങളിൽ പറയാൻ മടികാണിച്ചിട്ടില്ല. 2015ൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എസ് രാമചന്ദ്രൻപിള്ളയുമായി മൽസരമുണ്ടായതുപോലും യെച്ചൂരി പറഞ്ഞുതന്നെയാണ് സ്ഥിരീകരിക്കപ്പെട്ടത്. ആദ്യ ജനറൽ സെക്രട്ടറി പി. സുന്ദരയ്യ പുലർത്തിയ ജനകീയ ഇടപെടൽ തന്നെയായിരുന്നു യെച്ചൂരിയും പിൻതുടർന്നത്. സുന്ദരയ്യ തന്നെയാണ് യെച്ചൂരിയുടെ മാതൃകാ പുരുഷനും. പിന്നീട് വന്ന ഇഎംഎസും ഹർകിഷൻ സിങ് സുർജിത്തും പ്രകാശ് കാരാട്ടും പാർട്ടി അംഗങ്ങൾക്കു മുന്നിൽ പൂർണമായി വാതിൽ തുറന്നിട്ടവരല്ല. ബ്രാഞ്ചിൽ നിന്ന് ലോക്കൽ കമ്മിറ്റിവഴി ഏരിയാ കമ്മിറ്റിയിലേക്കും ജില്ലാ കമ്മിറ്റിയിൽ നിന്ന് സംസ്ഥാന കമ്മിറ്റി വഴി കേന്ദ്ര കമ്മിറ്റിയിലേക്കും എന്ന നയം പിൻതുടർന്നവരാണ്. താഴെത്തട്ടിലെ അംഗങ്ങളോട് നേരിട്ടുള്ള സംവാദം ആ മുന്നുപേർക്കും ഉണ്ടായിരുന്നില്ല. അതിനു ശേഷം വന്ന യെച്ചൂരിയാണ് ബ്രാഞ്ച് അംഗം മുതൽ പി ബി അംഗം വരെയായവരെ നേരിട്ടു കേൾക്കാൻ തുടങ്ങിയത്. പാർട്ടി ചിട്ട യെച്ചൂരിക്കു ബാധകമല്ലായിരുന്നു. ആ ഒരു പ്രവർത്തന രീതിയുള്ളയാളാണ് ബൃന്ദയും. എം.എ. ബേബിക്കും സൂര്യകാന്ത് മിശ്രയ്ക്കും ഉള്ള പോരായ്മയായി ചൂണ്ടിക്കാണിക്കുന്നത് ഇന്ത്യ സഖ്യത്തിലെ ഉൾപ്പെടെ ദേശീയ നേതാക്കളുമായുള്ള അടുപ്പം ഇല്ലാത്തതാണ്.
കാരാട്ട് പറയുന്ന വിഭാഗീയത
പ്രകാശ് കാരാട്ട് ഈ ഓണക്കാലത്ത് ഔട്ട്ലുക്ക് മാസികയ്ക്കു നൽകിയ ഒരു അഭിമുഖമുണ്ട്. അതിൽ കേരളത്തിൽ പാർട്ടി നേരിടുന്ന പ്രതിസന്ധി എന്താണെന്ന് വ്യക്തമായി പറയുന്നുണ്ട്. കേരളത്തെക്കുറിച്ച് കാരാട്ട് പറഞ്ഞ ആ വാചകങ്ങൾ കേൾക്കണം. 'കേരളത്തിൽ ഏറെക്കാലമായി പാർലമെന്‍ററി വ്യാമോഹത്തിൽ അധിഷ്ടിതമായ വിഭാഗീയത പാർട്ടിയെ ഗ്രസിച്ചിരിക്കുകയാണ്. ഇത് ഇരുപതു കൊല്ലമായുള്ള പ്രശ്നമാണ്. ഞങ്ങൾ ഇതിനെതിരേ നടപടി എടുത്തിട്ടുണ്ടെങ്കിലും ഇപ്പോഴും ഇത് പാർട്ടിയിലുണ്ട്. നിങ്ങൾ പറയുന്നതുപോലെ ഇതൊരു വിഎസ്-പിണറായി പ്രശ്നമല്ല. രാഷ്ട്രീയമോ ആശയപരമോ ആയ സമരവുമല്ല. ഇത് അധികാര സ്ഥാനമാനങ്ങൾക്കു വേണ്ടിയുള്ളതു മാത്രമാണ്.' കേരളത്തിലെ സിപിഐഎം നേരിടുന്ന പ്രശ്നത്തെ ഈ ആറുവാചകങ്ങളിൽ വ്യക്തമാക്കുകയാണ് പ്രകാശ് കാരാട്ട്. പുതിയ ജനറൽ സെക്രട്ടറിയെ നിയമിക്കുമ്പോൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഈ വിഭാഗീയതയാണ്. കേരളത്തിലെ ഏതെങ്കിലും വിഭാഗത്തിനു വിധേയപ്പെടുന്ന ജനറൽ സെക്രട്ടറി വന്നാൽ കാര്യങ്ങൾ കൈവിട്ടുപോകും എന്ന തിരിച്ചറിവ് ചില കേന്ദ്ര നേതാക്കൾക്കെങ്കിലും ഇപ്പോഴുണ്ട്.
ബൃന്ദ എന്ന നേതാവ്
ഡൽഹിയിൽ ചേരികളിൽ ജെസിബിയുമായി എത്തിയപ്പോൾ അവിടെപ്പോയി മുന്നിൽ നിന്ന ബൃന്ദാ കാരാട്ടിലെ തീർച്ചയായും ഇക്കാലത്ത് സിപിഎമ്മിനു മുന്നോട്ടുവയ്ക്കാം. സ്ത്രീ വിഷയങ്ങളിലെ പോരാളിയായി മാത്രമല്ല ബൃന്ദ ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധ നേടിയത്. പൊതു വിഷയങ്ങളിൽ ശക്തമായ നിലപാട് പറയുന്ന ദേശീയ നേതാവുമാണ്. കേരളത്തിൽ ഉൾപ്പെടെ സിപിഎം നേരിടുന്നത് പ്രത്യയശാസ്ത്ര പ്രതിസന്ധിയേക്കാൾ സക്രിയമായ ഇടപെടലുകളുടെ അഭാവമാണ്. അക്കാര്യത്തിൽ യെച്ചൂരിയേക്കാൾ ഒരുപടി മുകളിലാണ് ബൃന്ദ. അനീതികളോടുള്ള രോഷവും വൈകാരികമായി ജനങ്ങളോട് താദാത്മ്യം പ്രാപിക്കാനുള്ള മാനസികാവസ്ഥയും ഇപ്പോഴും പുലർത്തുന്ന നേതാവുമാണ്. കേരളത്തിൽ ഉൾപ്പെടെ സിപിഎം നേരിടുന്ന വിശ്വാസ്യതാ പ്രശ്നത്തിനും ഒരു പരിധിവരെ പരിഹാരമാകും അങ്ങനെ ഒരു തീരുമാനം. 1978ൽ ഇഎംഎസിനെ ജനറൽ സെക്രട്ടറിയാക്കിയത് കേരള മുഖ്യമന്ത്രി എന്ന നിലയിൽ ദേശീയ രാഷ്ട്രീയത്തിൽ ഉണ്ടായിരുന്ന പ്രതിച്ഛായ മുൻനിർത്തിയാണ്. കേരളത്തിൽ ഇ.കെ. നായനാർ നേതാവായി വന്നത് അങ്ങനെയാണ്. അങ്ങനെ ഒരു മാറ്റം നടപ്പാക്കാനുള്ള രാഷ്ട്രീയ സാഹചര്യം കേന്ദ്രത്തിലും കേരളത്തിലും ഇപ്പോൾ ഉണ്ടോ എന്ന ചോദ്യവും ബാക്കിയാണ്.
ചീഫ് ജസ്റ്റിസിന്‍റെ വീട്ടിലെ പ്രധാനമന്ത്രിയുടെ പൂജ; ന്യായാധിപന്മാർ പക്ഷം ചേരുന്നോ?