ധാർഷ്ട്യത്തിന്റെ ആയുധങ്ങൾ കൈവിട്ടു പോകുമ്പോൾ

ഇസ്രായേലി രാഷ്ട്രീയ നേതൃത്വത്തിന്‍റെ പോലും കൈവിട്ടുപോയ ഒരു യുദ്ധമാണ് ഇപ്പോൾ നടക്കുന്നത്. അവിടെ സമാധാന കരാർ ഇറക്കാൻ അമേരിക്കയും ഐക്യരാഷ്ട്ര സംഘടനയും ശ്രമിച്ചാൽ എങ്ങനെ ഫലിക്കും?
ധാർഷ്ട്യത്തിന്റെ ആയുധങ്ങൾ കൈവിട്ടു പോകുമ്പോൾ
Published on
Updated on

പലസ്തീൻ യുദ്ധത്തെക്കുറിച്ച് വീണ്ടും വീണ്ടും പറയാതെ കഴിയില്ല എന്ന നിലയായിരിക്കുന്നു. മരിച്ച പലസ്തീൻകാരുടെ എണ്ണം മുപ്പത്തിഏഴായിരം പിന്നിട്ടു. ഗസയിൽ ഇപ്പോൾ ശേഷിക്കുന്ന ബഹുഭൂരിപക്ഷം ജനതയും കൊടും പട്ടിണിയിലാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അധാനം പറയുന്നു. യുദ്ധം തുടങ്ങിയ സമയത്ത് 500 ട്രക്കുകളിൽ വരെ കാരുണ്യം എത്തിയെങ്കിൽ ഇപ്പോഴത് 98 ആയിരിക്കുന്നു. അഞ്ചിലൊന്നുപോലും സഹായം പലസ്തീന് കിട്ടാത്ത ഈ സമയത്ത് അതിലേറെ ഭീതിപ്പെടുത്തുന്ന റിപ്പോർട്ടുകളും പുറത്തുവരികയാണ്. ദിവസവും രാവിലെ എട്ടു മുതൽ വൈകിട്ട് ഏഴു വരെ ട്രക്കുകൾ എത്തിക്കുന്നതിനായി ഒരു പാത തുറന്നിടാൻ വെടിനിർത്തൽ നടപ്പാക്കുമെന്ന് ഇസ്രായേലി സൈന്യം പ്രഖ്യാപിക്കുകയാണ്. ഇങ്ങനെ ഒരു സംഭവം ഇല്ലെന്നും ഞങ്ങളൊന്നും അറിഞ്ഞിട്ടില്ലെന്നും പറയുകയാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി യോവ് ഗ്യാലന്‍റും. ഇസ്രായേലി രാഷ്ട്രീയ നേതൃത്വത്തിന്‍റെ പോലും കൈവിട്ടുപോയ ഒരു യുദ്ധമാണ് ഇപ്പോൾ നടക്കുന്നത് എന്നാണ് ഇതോടെ വെളിപ്പെട്ടത്. അവിടെ സമാധാന കരാർ ഇറക്കാൻ അമേരിക്കയും ഐക്യരാഷ്ട്ര സംഘടനയും ശ്രമിച്ചാൽ എങ്ങനെ ഫലിക്കും?

വെടിനിർത്തൽ കരാറിൽ ഇപ്പോൾ ഒപ്പുവീഴും എന്ന് അമേരിക്ക പറയാൻ തുടങ്ങിയിട്ട് ആഴ്ച നാലായി. മൂന്നുഘട്ടമായി നടപ്പാക്കുന്ന കരാർ ആണ് പ്രസിഡന്‍റ് ജോ ബൈഡൻ മുന്നോട്ടുവച്ചത്. ആദ്യം താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപനം. അതു നടപ്പാകുന്നു എന്ന് ഉറപ്പിക്കാൻ ഏതാനും ബന്തികളെ ഇരുപക്ഷവും മോചിപ്പിക്കുന്നു. രണ്ടാംഘട്ടമായി ഇരുവശവും ചർച്ചകൾ ആരംഭിക്കുന്നു. മൂന്നാം ഘട്ടത്തിൽ സമ്പൂർണ വെടിനിർത്തൽ. ഈ നിർദേശം സ്വാഗതം ചെയ്ത് ആദ്യം പ്രസ്താവന ഇറക്കിയത് ഹമാസ് ആണ്. ഇതുവരെയുള്ള രാഷ്ട്രീയ സാഹചര്യം വച്ച് അസംഭവ്യം എന്നു തോന്നിയ കാര്യമാണ് ഹമാസ് സമ്മതിച്ചത്. പക്ഷേ, ഇസ്രയേൽ പ്രധാനമന്ത്രിയോ പ്രതിരോധ മന്ത്രിയോ ഒരു വാക്കുപോലും പറഞ്ഞില്ല. ഇങ്ങനെയൊരു കരാർ ചർച്ചയിലുണ്ടെന്നുപോലും സമ്മതിച്ചതുമില്ല. ഇസ്രായേലി രാഷ്ട്രീയ സാഹചര്യത്തിൽ വെടിനിർത്തൽ എന്ന വാക്ക് മിണ്ടാൻ കഴിയില്ല എന്നതാണ് പച്ചപ്പരമാർത്ഥം.

ഹമാസിനെ ഇല്ലാതാക്കാതെ യുദ്ധം അവസാനിപ്പിക്കുന്ന പ്രശ്നമില്ല എന്നാണ് ഇസ്രായേലിന്‍റെ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദിവസവും പറയുന്നത്. തീവ്ര പലസ്തീൻ വിരുദ്ധ വികാരം ഉണർത്തി വോട്ട് പിടിച്ചു ജയിച്ചുവന്ന ഭരണകൂടമാണ്. വർഗീയത ഇളക്കിവിട്ട് ജനഹിതം നേടിയവർക്ക് ഇപ്പോൾ പിന്മാറാനാകില്ല. അധികാരം മാത്രമല്ല സ്വന്തം ജീവൻപോലും കൈവിട്ടുപോകും എന്ന സ്ഥിതി. ഇനി ഹമാസ് ഇല്ലാതായി എന്നു പ്രഖ്യാപിക്കും വരെ യുദ്ധത്തിൽ നിന്നു പിന്മാറാൻ കഴിയാത്ത രാഷ്ട്രീയ കത്രികപ്പൂട്ടിലാണ് ഇസ്രായേലി ഭരണകൂടം.

ഏഴുമാസം കൂടി യുദ്ധം ചെയ്താൽ!

ഇസ്രായേലിന്‍റെ ദേശീയ സുരക്ഷാ കൗൺസിൽ തലവൻ സാച്ചി ഹാനെഗ്ബി പറഞ്ഞത് നോക്കൂ. ഇനിയും ഏഴുമാസം കൂടി യുദ്ധം തുടരുമെന്നാണ് പ്രഖ്യാപനം. ആ ഏഴുമാസംകൊണ്ട് എന്താണ് ലക്ഷ്യമിടുന്നത് എന്നു വ്യക്തമാണ്. ഹമാസിനെ ഇല്ലാതാക്കുക. ഹമാസ് എന്നാൽ ആരാണ്. അതിപ്പോൾ പലസ്തീന്‍റെ സൈന്യം മാത്രമല്ല. ആ ജനത മുഴുവനുമാണ്. ഇപ്പോൾ മുറിവേൽക്കുന്നതിലും മരിക്കുന്നതിലും കൂടുതൽ കുട്ടികളും അമ്മമാരുമാണ്. സുരക്ഷാ കൗൺസിൽ തലവൻ പറയുന്ന ഏഴുമാസം എന്നത്, ഹമാസിനെ തുടച്ചു നീക്കാനുള്ള കാലാവധിയാണ്. അങ്ങനെ ഇല്ലാതാക്കുന്നത് തോക്കേന്തിയവരെ മാത്രമല്ല. ഭാവിയിൽ തോക്കെടുക്കാൻ സാധ്യതയുള്ള കുട്ടികളേയാണ്. ഇനി കുട്ടികളെ പ്രസവിച്ചേക്കാവുന്ന സ്ത്രീകളേയും അതിനൊപ്പം ഇല്ലാതാക്കുന്നു. ഇസ്രായേൽ ഇപ്പോൾ പറയുന്ന ഏഴുമാസം വംശഹത്യ പൂർത്തിയാക്കാനുള്ള കാലാവധിയാണെന്ന വിമർശനം ഉയരുന്നത് ഈ സാഹചര്യത്തിലാണ്.

യുദ്ധം തെരഞ്ഞെടുപ്പ് പ്രചാരണത്തിനോ?

ശരിക്കും ഈജിപ്റ്റിന്‍റേയും ഖത്തറിന്‍റേയും മധ്യസ്ഥതയിൽ ഉയർന്ന കരാർ ഹമാസ് അംഗീകരിച്ചതാണ്. സമാധാനത്തിനുള്ള വഴി തെളിയുകയും ചെയ്തിരുന്നു. എന്നാൽ ഹമാസിനെ ഇല്ലാതാക്കാതെ യുദ്ധവിരാമം ഇല്ല എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഇസ്രായേൽ. സ്വന്തം വിളിപ്പുറത്തുള്ള ഇസ്രായേലിനെ പറഞ്ഞ് ബോധ്യപ്പെടുത്താൻ കഴിയാത്ത കരാറുമായാണ് അമേരിക്ക ഐക്യ രാഷ്ട്ര സംഘടനയുടെ അരങ്ങിൽ എത്തിയത്.പ്രതിരോധ സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ പറയുന്നത് ഇസ്രായേൽ അംഗീകരിച്ചു, ഹമാസ് എതിർക്കുന്നു എന്നാണ്. തെരഞ്ഞെടുപ്പ് നേരിടുന്ന ജോ ബൈഡനും പറയുന്നു കരാർ അംഗീകരിക്കാത്തത് ഹമാസ് ആണെന്ന്. ബെഞ്ചമിൻ നെതന്യാഹുവിനും ജോ ബൈഡനും ഈ പ്രസ്താവന രാഷ്ട്രീയ നേട്ടത്തിനുള്ള ഉപാധിയാണ്. മറിച്ചുപറഞ്ഞാൽ വോട്ടുകിട്ടില്ല എന്നതാണ് സ്ഥിതി. അല്ലെങ്കിൽ തന്നെ ഇസ്രായേലിലേക്ക് ആയുധങ്ങൾ എത്തിച്ചുകൊടുത്ത് എന്തുസമാധാനമാണ് സാധ്യമാവുക.

ലീഗ് ഓഫ് നേഷൻസ് ഓർമിപ്പിച്ച്

രണ്ടാം ലോക യുദ്ധാനന്തരം ലീഗ് ഓഫ് നേഷൻസ് ഇല്ലാതായതിന് സമാനമായ പ്രതിസന്ധിയാണ് ഇപ്പോൾ ഐക്യരാഷ്ട്ര സംഘടനയും നേരിടുന്നത്. യുക്രെയ്ൻ യുദ്ധത്തിലും പലസ്തീൻ യുദ്ധത്തിലും പ്രസ്താവന ഇറക്കാനല്ലാതെ സംഘടനയ്ക്ക് മറ്റൊന്നും കഴിയുന്നില്ല. അമേരിക്ക കൊണ്ടുവരുന്ന പ്രമേയം തന്നെ ഐക്യരാഷ്ട്ര സംഘടനയുടെ ഔദ്യോഗിക നിലപാടായി മാറുന്ന സ്ഥിതിയാണ്. സമ്പൂർണ ഉപരോധം ഏർപ്പെടുത്തിയിട്ടും അതൊന്നും ബാധിക്കാതെ യുദ്ധവും വ്യാപാരവും നടത്തുന്ന റഷ്യയെ നമ്മൾ കണ്ടു. എത്ര മുന്നറിയിപ്പുകൊടുത്തിട്ടും ഗസയിൽ വഴികളെല്ലാം കൊട്ടിയടച്ച് തീവർഷിക്കുന്ന ഇസ്രായേലാണ് ഇപ്പോൾ മുന്നിൽ. ആയുധങ്ങളെല്ലാം കൈവിട്ടുപോയ ലോകമാണെന്നതിന് ഇതിനപ്പുറം എന്തു തെളിവു വേണം?  

Related Stories

No stories found.
News Malayalam 24x7
newsmalayalam.com