
ആരാണ് മികച്ച ക്രിക്കറ്റർ, ധോണിയോ കോഹ്‍ലിയോ രോഹിത്തോ.? പല ചർച്ചകളിലും ഉയർന്നു കേൾക്കുന്ന ചോദ്യമാണിത്. ഫേവറേറ്റുകളെ തെരഞ്ഞെടുക്കാനുള്ള ചോദ്യങ്ങളും പംക്തികളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാണ്. ആരാണ് മികച്ചത് എന്ന ചോദ്യത്തിന് ശേഷം പല ഓപ്ഷനുകൾ നൽകി ഒരാളെ വിജയിയായി പ്രഖ്യാപിക്കുന്ന പതിവ് ഇപ്പോൾ എല്ലായിടത്തും കണ്ടുവരുന്നതാണ്. 'ഹു ഈസ് ദ ബെസ്റ്റ്' ട്രെൻഡ് സാമൂഹമാധ്യമങ്ങളിൽ അലയൊലികൾ സൃഷ്ടിക്കുമ്പോൾ, ഇക്കൂട്ടത്തിൽ തന്റെ ഇഷ്ടതാരം ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ വിരേന്ദർ സെവാഗ്.
ഡൽഹി പ്രിമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിനിടെ നടന്ന ചോദ്യോത്തര വേളയിലാണ് സെവാഗ് തന്റെ ഇഷ്ട താരത്തെ തെരഞ്ഞെടുത്തത്. എംഎസ് ധോണിയാണോ ബെൻ സ്റ്റോക്സാണോ മികച്ച താരം എന്ന ചോദ്യത്തിൽ നിന്നായിരുന്നു തുടക്കം. സെവാഗ് പറഞ്ഞു, ധോണി എന്ന്. എന്നാൽ ധോണിയോ എബി ഡി വില്ലേഴ്സോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ ഉത്തരം എബി ഡി വില്ലേഴ്സ് എന്നായിരുന്നു.
അടുത്തത് ഡിവില്ലേഴ്സാണോ വിരാട് കോഹ്ലിയാണോ മികച്ച താരം എന്ന ചോദ്യമായിരുന്നു. സെവാഗ് നിന്നത് വിരാടിനൊപ്പമായിരുന്നു. എന്നാൽ വിരാടോ രോഹിത് ശർമ്മയോ എന്ന ചോദ്യത്തിൽ വിരാടും പുറത്തായി. ഏറ്റവും മികച്ച താരമായി മുൻ ഇന്ത്യൻ ഓപ്പണർ തെരഞ്ഞെടുത്തത് ഇന്ത്യൻ ടീമിന്റെ ഏകദിന ടെസ്റ്റ് ടീം നായകൻ രോഹിത് ശർമ്മയെയായിരുന്നു.