
ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ പിടിമുറുക്കി ഇന്ത്യ. ചെപ്പോക്കില്‍ 227 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായി ഇറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ 287-4 എന്ന നിലയില്‍ ഡിക്ലയർ ചെയ്തു. രണ്ടാം ഇന്നിംഗ്സിൽ സെഞ്ച്വറി നേടിയ ശുഭ്മാന്‍ ഗില്ലിന്റെയും, റിഷഭ് പന്തിന്റെയും വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ ലീഡ് സമ്മാനിച്ചത്.
വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ബംഗ്ലാദേശിന് ഓപ്പണർമാരായ സക്കീർ ഹസനും ഷദ്മാൻ ഇസ്‌ലാമും ചേർന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 62 റണ്‍സാണ് സഖ്യം ചേർത്തത്. ജസ്പ്രിത് ബുംറയുടെ പന്തില്‍ യശസ്വി ജയ്‌സ്വാളിന്റെ അത്യുഗ്രൻ ക്യാച്ചിലായിരുന്നു സക്കീർ മടങ്ങിയത്. വൈകാതെ അശ്വിന്റെ പന്തില്‍ ഗില്ലിന്റെ കൈകളില്‍ ഷദ്മാന്റെ ഇന്നിങ്സും അവസാനിച്ചു. മുന്നാം ദിനം കളി അവസാനിച്ചപ്പോൾ അശ്വിൻ മൂന്നും, ബുംറ ഒരു വിക്കറ്റും നേടി.
മോശം വെളിച്ചം മൂലമാണ് മൂന്നാം ദിനം നേരത്തെ അവസാനിച്ചത്. ആറ് വിക്കറ്റ് ബാക്കി നില്‍ക്കെ 357 റണ്‍സാണ് ബംഗ്ലാദേശിന് വിജയിക്കാൻ ആവശ്യം. നജ്‍മുള്‍ ഷാന്റോയും, ഷാക്കിബ് അല്‍ ഹസനുമാണ് ക്രീസില്‍. അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ഇന്ത്യക്ക് നാളെ ചെപ്പോക്കിൽ വിജയക്കൊടി നാട്ടാം.