ജമ്മു കശ്മീരില്‍ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു; ഷോപിയാനില്‍ ഏറ്റുമുട്ടല്‍ തുടരുന്നു

സംഘത്തിലെ മറ്റൊരു ഭീകരനായി ഷോപിയാനിലെ സിൻപതർ കെല്ലർ മേഖലയിൽ തെരച്ചില്‍ പുരോ​ഗമിക്കുകയാണ്
ജമ്മു കശ്മീരില്‍ മൂന്ന്  ഭീകരർ കൊല്ലപ്പെട്ടു; ഷോപിയാനില്‍ ഏറ്റുമുട്ടല്‍ തുടരുന്നു
Published on

ജമ്മു കശ്മീരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. ലഷ്കറെ ത്വയ്ബ ഭീകരരാണ് കൊല്ലപ്പെട്ടത്. സംഘത്തിലെ മറ്റൊരു ഭീകരനായുള്ള തെരച്ചില്‍ പുരോ​ഗമിക്കുകയാണ്. ഇന്‍റലിജന്‍സ് വിവരത്തെ തുടർന്നാണ് സുരക്ഷാ സേന ഷോപിയാന്‍ മേഖലയില്‍ തെരച്ചില്‍ നടത്തിയത്. രണ്ട് മണിക്കൂറായി ഷോപിയാനിലെ സിൻപതർ കെല്ലർ മേഖലയിൽ സുരക്ഷാ സേനയും പാരാമിലിട്ടറിയും ഭീകരരുമായി ഏറ്റുമുട്ടുകയാണ്. 

ഏപ്രിൽ 22-ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിന് ഉത്തരവാദികളെന്ന് കരുതപ്പെടുന്ന ആദിൽ ഹുസൈൻ തോക്കർ, അലി ഭായ്, ഹാഷിം മൂസ എന്നീ മൂന്ന് ഭീകര‍‍ർക്കായി ജമ്മു കശ്മീർ പൊലീസ് ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറത്തിക്കിയതിനു പിന്നാലെയായിരുന്നു ഏറ്റുമുട്ടൽ. ശ്രീനഗർ, പുൽവാമ, ഷോപിയാൻ അടക്കമുള്ള മേഖലയിലെ വിവിധയിടങ്ങളിലാണ് പോസ്റ്റർ പതിപ്പിച്ചിരുന്നത്. "ഭീകരരഹിത കശ്മീർ" എന്ന സന്ദേശമുൾപ്പെടുത്തി കൊണ്ടാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.

ഭീകരവാദികളെ കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. വസ്തുനിഷ്ഠമായ വിവരങ്ങൾ നൽകുന്നവരുടെ ഐഡൻ്റിറ്റി സംരക്ഷിക്കുമെന്നും സുരക്ഷാ ഏജൻസി പതിപ്പിച്ച പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, ഓപ്പറേഷൻ സിന്ദൂറിലൂടെ ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ ഒരു പുതിയ മാനദണ്ഡം സൃഷ്ടിച്ചുവെന്നും ഒരു 'ന്യൂ നോർമല്‍' സ്ഥാപിച്ചുവെന്നും പ്രഖ്യാപിച്ചിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ തകർത്തതാണ് ഇന്ത്യ മറുപടി നല്‍കിയത്. ലഷ്കറെ ത്വയ്ബ, ജയ്ഷെ മുഹമ്മദ് എന്നീ ഭീകരസംഘടനകളുടെ  ഒന്‍പത് കേന്ദ്രങ്ങളാണ് ഇന്ത്യ തകർത്തത്. തിരിച്ചടിയായി ഇന്ത്യയിലെ ജനവാസ കേന്ദ്രങ്ങള്‍ അടക്കം ലക്ഷ്യം വെച്ചായിരുന്നു പാകിസ്ഥാന്‍റെ ആക്രമണം. പാകിസ്ഥാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇന്ത്യയും പ്രത്യാക്രമണം നടത്തിയതോടെ യുദ്ധ സമാനമായ അന്തരീക്ഷമാണ് ഉയർന്നത്. ഇരു രാജ്യങ്ങളും വെടിനിർത്തല്‍ ധാരണയിലെത്തിയെങ്കിലും പല അതിർത്തി മേഖലകളിലും പാക് പ്രകോപനം തുടർന്നു. നിലവില്‍ ജമ്മു അടക്കമുള്ള അതിർത്തി പ്രദേശങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com