ജോജു ജോർജ്
ജോജു ജോർജ്

'നായക വേഷം ചെയ്യാൻ പലരെയും സമീപിച്ചു'; 'പണിയിൽ' നായകനാകാനുള്ള കാരണം വെളിപ്പെടുത്തി നടൻ ജോജു ജോർജ്

ജോജു ആദ്യമായി സംവിധാനം ചെയ്യുന്ന ' പണി ' എന്ന ചിത്രം ഈ മാസം 24-ന് റിലീസ് ചെയ്യും. കഴിഞ്ഞ ദിവസം ചിത്രത്തിന് U /A സെർട്ടിഫിക്കറ്റും ലഭിച്ചിരുന്നു.
Published on

മലയാള സിനിമയിലെ മുൻനിര നടന്മാരിലൊരാളാണ് ജോജു ജോർജ്. ജൂനിയർ ആർട്ടിസ്റ്റായി എത്തി ചെറിയ ചെറിയ റോളിലൂടെ നായക നടനിലെത്തി നിൽക്കുന്ന താരം മലയാളത്തിൽ മാത്രമല്ല തമിഴിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ജോജു ആദ്യമായി സംവിധാനം ചെയ്യുന്ന ' പണി ' എന്ന ചിത്രം ഈ മാസം 24-ന് റിലീസ് ചെയ്യും. കഴിഞ്ഞ ദിവസം ചിത്രത്തിന് U /A സെർട്ടിഫിക്കറ്റും ലഭിച്ചിരുന്നു.


താൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായി വേഷമിടാനുള്ള കാരണം വ്യക്തമാക്കുകയാണ് താരം. മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമയിൽ നായകൻ ഗിരിയുടെ വേഷം ചെയ്യാൻ താൻ പലരെയും സമീപിച്ചെന്നും, എന്നാൽ ആരുടേയും അടുത്തുനിന്ന് അനുകൂലമായ മറുപടി ലഭിച്ചില്ലെന്നുമാണ് ജോജു പറഞ്ഞത്. ഒരു നടനായ താൻ സംവിധാനത്തിലേക്ക് ഇറങ്ങുമ്പോൾ അത് എത്രകണ്ട് ഗൗരവത്തോടെയാണെന്ന് അവർക്ക് തോന്നികാണാം. അതോടെയാണ് താൻ തന്നെ നായകവേഷം ചെയ്യാൻ തീരുമാനിച്ചതെന്നും ജോജു ജോർജ് പറഞ്ഞു.


യഥാർഥ ജീവിതത്തിൽ സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത പെൺകുട്ടിയായ അഭിനയയാണ് ചിത്രത്തില്‍ ജോജുവിന്‍റെ നായികയായി എത്തുന്നത്. ഈ സിനിമയിൽ മറ്റു പല നടിമാരെയും സമീപിച്ചിരുന്നു എന്നാൽ ഒന്നും ഫൈനൽ ആയില്ല. അവസാനമാണ് അഭിനയയെ കണ്ടെത്തുന്നത്. സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത വ്യക്തിയാണെന്ന് അവരുടെ അഭിനയം കണ്ടാൽ തോന്നില്ലെന്നും ജോജു ജോർജ് പറഞ്ഞു. തന്റെ കൈയുടെ ചലനങ്ങൾ കണ്ടാണ് ഓരോ ഷോട്ടിലും അഭിനയിച്ചിരിക്കുന്നതെന്നും ജോജു ജോർജ് പറഞ്ഞു.


ജോജു ജോർജ്‌ ആദ്യമായി രചനയും സംവിധാനവും നിർവഹിക്കുന്ന 'പണി', ഹെവി ആക്ഷൻ പാക്ക്ഡ് ഫാമിലി എന്‍റർടെയ്നറാണ് . ഒക്ടോബർ 24 നാണ് ചിത്രം റിലീസാവുക. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. ചിത്രം ജോജുവിന്‍റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെയും, എഡി സ്റ്റുഡിയോസിന്‍റെയും, ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിൽ എം. റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. സാഗർ, ജുനൈസ്, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങിയവരും അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.





News Malayalam 24x7
newsmalayalam.com