ജബാലിയ അഭയാർഥി ക്യാംപിനു നേരെ വീണ്ടും ഇസ്രയേല്‍ ആക്രമണം; 13 കുട്ടികളടക്കം 33 പേർ കൊല്ലപ്പെട്ടു

യുദ്ധം ഒരു വർഷം പിന്നിടുമ്പോള്‍ ഗാസയിൽ ഇതുവരെ 188 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്
ജബാലിയ അഭയാർഥി ക്യാംപിനു നേരെ വീണ്ടും ഇസ്രയേല്‍ ആക്രമണം; 13 കുട്ടികളടക്കം 33 പേർ കൊല്ലപ്പെട്ടു
Published on

വടക്കൻ ഗാസയിലെ ജബാലിയ അഭയാർഥി ക്യാംപില്‍ നടന്ന ഇസ്രയേൽ ആക്രമണത്തിൽ 13 കുട്ടികളടക്കം 33 പേർ കൊല്ലപ്പെട്ടു. ഹമാസ്-ഇസ്രയേല്‍ മധ്യസ്ഥ ശ്രമങ്ങളില്‍ നിന്നും ഖത്തർ പിന്മാറിയതിനു പിന്നാലെയാണ് ഇസ്രയേല്‍ ആക്രമണം. വെടിനിർത്തല്‍ ചർച്ചകളിൽ പുരോഗതിയില്ലാത്ത സാഹചര്യത്തിലായിരുന്നു ഖത്തറിന്‍റെ പിന്മാറ്റം.

വെടിനിർത്തല്‍ സാധ്യത അസ്തമിച്ചതോടെ ആശങ്കയിലാണ് ഗാസയിലെ ജനങ്ങള്‍. പ്രദേശത്ത് സംഘർഷങ്ങള്‍ ശക്തമായ സാഹചര്യത്തില്‍, കുട്ടികൾക്കും മുതിർന്നവർക്കും ഇടയിൽ പോഷകാഹാരക്കുറവ് കാരണമുള്ള രോഗങ്ങള്‍ പടരുകയാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. വടക്കൻ ഗാസയിൽ ക്ഷാമം സംഭവിക്കാൻ സാധ്യതയുണ്ടെന്നാണ് ഐക്യരാഷ്ട്ര സഭ ഏജന്‍സിയായ യുഎന്‍ആർഡബ്ല്യൂഎ പറയുന്നത്.

Also Read: ഇസ്രയേൽ - ഹമാസ് മധ്യസ്ഥ ചർച്ചകളിൽ നിന്നൊഴിഞ്ഞ് ഖത്തർ; യുഎസിന്‍റെ ഇടപെടലെന്ന് റിപ്പോർട്ടുകള്‍

ഗാസയിലെ ഇസ്രയേൽ വംശഹത്യയിൽ 2023 ഒക്‌ടോബർ ഏഴ് മുതൽ കുറഞ്ഞത് 43,603 പലസ്തീനികൾ കൊല്ലപ്പെടുകയും 102,929 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 2023 ഒക്ടോബർ ഏഴിന് ഹമാസിൻ്റെ നേതൃത്വത്തിലുള്ള ആക്രമണത്തിൽ ഇസ്രയേലിൽ 1,139 പേർ കൊല്ലപ്പെടുകയും 200ലധികം പേർ ബന്ദികളാകുകയും ചെയ്തിരുന്നു. ഈ ആക്രമണത്തിനുള്ള തിരിച്ചടിയായാണ് ഗാസയില്‍ ഇസ്രയേല്‍ നിരന്തര ആക്രമണങ്ങള്‍ ആരംഭിച്ചത്. ഹമാസിനെ ലക്ഷ്യമാക്കിയാണ് ആക്രമണങ്ങള്‍ എന്ന് പറയുമ്പോഴും കുട്ടികളും സ്ത്രീകളും അടക്കമുള്ള സിവിലിയന്‍സാണ് ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇവരെ ഹമാസ് മറയാക്കുന്നുവെന്നാണ് ഇസ്രയേലിന്‍റെ വിശദീകരണം.

Also Read: ഇസ്രയേൽ-ഹമാസ് യുദ്ധം: സഞ്ചാരികളുടെ എണ്ണം കുത്തനെ ഇടിഞ്ഞു; പശ്ചിമേഷ്യയിലെ വിനോദ സഞ്ചാര മേഖല തകർച്ചയിലേക്ക്

ഗാസയില്‍ യുദ്ധ റിപ്പോർട്ടിങ്ങിലുള്ള മാധ്യമ പ്രവർത്തകർക്കു നേരെയും ഇസ്രയേല്‍ ആക്രമണം നടക്കുന്നുണ്ട്. യുദ്ധം ഒരു വർഷം പിന്നിടുമ്പോള്‍ ഗാസയിൽ ഇതുവരെ 188 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ശനിയാഴ്ച നടന്ന ഇസ്രയേൽ ആക്രമണത്തിലും രണ്ട് മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com