'അതിരുകടന്ന നടപടി'; യുഎൻ ഏജൻസിയെ നിരോധിക്കാനുള്ള ബില്ലിന് അംഗീകാരം നല്‍കി ഇസ്രയേല്‍ പാർലമെന്‍റ്

എല്ലാക്കാലത്തും യുഎൻആർഡബ്ല്യുഎയെ രൂക്ഷമായി വിമർശിക്കുന്ന സമീപനമാണ് ഇസ്രയേല്‍ ഭരണകൂടം സ്വീകരിച്ചിരുന്നത്
'അതിരുകടന്ന നടപടി'; യുഎൻ ഏജൻസിയെ നിരോധിക്കാനുള്ള ബില്ലിന് അംഗീകാരം നല്‍കി ഇസ്രയേല്‍ പാർലമെന്‍റ്
Published on

പലസ്തീൻ അഭയാർഥികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന യുഎൻ ഏജൻസിയെ (യുഎൻആർഡബ്ല്യുഎ) നിരോധിക്കുന്ന ബില്ല് അംഗീകരിച്ച് ഇസ്രയേൽ പാർലമെന്‍റ് (നെസെറ്റ്). ഇസ്രയേലിലും അധിനിവേശ ജറുസലേമിലും പ്രവർത്തിക്കുന്നതിനാണ് ഏജന്‍സിക്ക് ബെഞ്ചമിന്‍ നെതന്യാഹു സർക്കാർ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. യുഎസിന്‍റെ എതിർപ്പ് അവഗണിച്ചാണ് ഇസ്രയേലിന്‍റെ നടപടി. പശ്ചിമേഷ്യയിലെ പലസ്തീൻ അഭയാർഥികളെ പിന്തുണയ്ക്കുന്നതിനായി 1949ലാണ് യുഎൻആർഡബ്ല്യുഎ സ്ഥാപിച്ചത്.

എല്ലാക്കാലത്തും യുഎൻആർഡബ്ല്യുഎയെ രൂക്ഷമായി വിമർശിക്കുന്ന സമീപനമാണ് ഇസ്രയേല്‍ ഭരണകൂടം സ്വീകരിച്ചിരുന്നത്. ഒക്ടോബർ 7ന് നടന്ന ഹമാസ് ആക്രമണത്തിനു ശേഷം ഗാസയില്‍ ഇസ്രയേല്‍ സംഘർഷങ്ങള്‍ ആരംഭിച്ചതോടെ വിമർശനങ്ങളുടെ സ്വരം കൂടുതല്‍ കടുത്തു. ഇതിന്‍റെ പ്രതിഫലനമാണ് പാർലമെന്‍റില്‍ അവതരിപ്പിച്ച ബില്ല്.  ഇസ്രയേല്‍ പാർലമെന്‍റിലെ 92 അംഗങ്ങള്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 10 പേർ മാത്രമാണ് എതിർത്തത്.

ഗാസയിലെ മാനുഷിക പ്രവർത്തനത്തിൽ ഏറ്റവുമധികം ഇടപെടലുകള്‍ നടത്തുന്ന ഒരു യുഎൻ ഏജൻസിയെ തകർക്കാൻ ഐക്യരാഷ്ട്രസഭയിലെ ഒരു അംഗ രാജ്യം തന്നെ പ്രവർത്തിക്കുന്നത് അതിരുകടന്ന നടപടിയാണെന്നായിരുന്നു യുഎൻആർഡബ്ല്യുഎയുടെ പ്രതികരണം.


നിരവധി പാശ്ചാത്യ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും സംയുക്ത പ്രസ്താവനയിലൂടെ ഇസ്രയേലിന്‍റെ പുതിയ നിയമനിർമാണത്തെ അപലപിച്ചു.

"കാനഡ, ഓസ്‌ട്രേലിയ, ഫ്രാൻസ്, ജർമ്മനി, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, യുണൈറ്റഡ് കിംഗ്ഡം എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരായ ഞങ്ങള്‍, യുഎൻആർഡബ്ല്യുഎയുടെ പ്രത്യേകാവകാശങ്ങളും പ്രതിരോധശേഷികളും അസാധുവാക്കാൻ ലക്ഷ്യമിട്ടുള്ള, നിലവിൽ ഇസ്രയേല്‍ നെസെറ്റിൻ്റെ പരിഗണനയിലുള്ള നിയമനിർമ്മാണത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിക്കുന്നു", പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി പലസ്തീന്‍ അഭയാർഥികളെ സഹായിക്കുന്ന യുഎന്‍ ഏജന്‍സിയെ വിലക്കുന്നതോടെ പ്രദേശത്ത് ആവശ്യമായ മാനുഷിക ഇടപെടലുകള്‍ക്ക് കൂടിയാണ് നിരോധനം വരുന്നത്. ഇസ്രയേല്‍ ഭരണകൂടം ഗാസയിലേക്കുള്ള സഹായ പ്രവാഹം പരിമിതപ്പെടുത്തുന്നതായി യുഎൻആർഡബ്ല്യുഎയും മറ്റ് മനുഷ്യാവകാശ സംഘടനകളും ആരോപിച്ചിരുന്നു. ഏകദേശം 2.4 ദശലക്ഷം ആളുകള്‍ക്ക് പ്രദേശത്ത് സംഘർഷങ്ങള്‍ ആരംഭിച്ച ശേഷം ഒരിക്കലെങ്കിലും പലായനം ചെയ്യേണ്ടിവന്നിട്ടുണ്ട്.

ഗാസയിലെയും വെസ്റ്റ് ബാങ്കിലേയും ഇസ്രയേല്‍ ആക്രമണങ്ങളില്‍ യുഎന്‍ ഏജന്‍സിക്കും വലിയ തോതില്‍ നഷ്ടങ്ങള്‍ നേരിട്ടുണ്ട്. ഏജന്‍സിയിലെ 223 സ്റ്റാഫുകളാണ് ഇതുവരെ കൊല്ലപ്പെട്ടിരിക്കുന്നത്. മേഖലയിലെ ഏജന്‍സിയുടെ മൂന്നില്‍ രണ്ട് സൗകര്യങ്ങളും ഇതിനോടകം നശിച്ചു കഴിഞ്ഞു.


2023 ഒക്‌ടോബർ 7-ന് ഇസ്രയേലിനെതിരെ നടന്ന ഹമാസ് ആക്രമണത്തോടെയാണ് ചരിത്രപരമായ ഗാസ സംഘർഷം പുതിയ വഴിത്തിരിവിലേക്ക് എത്തിയത്. ഹമാസ് ആക്രമണം 1,206 ഇസ്രയേല്‍ പൗരരുടെ മരണത്തിന് കാരണമായി. അതില്‍ കൂടുതലും സാധാരണക്കാരാണെന്നാണ് ഇസ്രയേലിന്‍റെ ഔദ്യോഗിക വിശദീകരണം. ഈ ആക്രമണത്തോടുള്ള ഇസ്രയേലിൻ്റെ പ്രതികാര നടപടികളില്‍ ഗാസയിൽ കുറഞ്ഞത് 43,020 പേരാണ് കൊല്ലപ്പെട്ടത്. ഹമാസിനെ ആക്രമിക്കുന്നു എന്ന് ഇസ്രയേല്‍ പ്രതിരോധ സേന പറയുമ്പോഴും കൊല്ലപ്പെടുന്നവരില്‍ അധികവും സാധാരണക്കാരാണ് എന്നതാണ് വസ്തുത.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com