'ഹിന്ദുക്കളുടെയും ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ബംഗ്ലാദേശ് സർക്കാർ ഉറപ്പാക്കണം; ആശങ്ക അറിയിച്ച് ഇന്ത്യ

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ച് രാജ്യം വിട്ട് പോയതിനു ശേഷം രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നിരവധി അക്രമ സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍
'ഹിന്ദുക്കളുടെയും  ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ബംഗ്ലാദേശ് സർക്കാർ ഉറപ്പാക്കണം; ആശങ്ക അറിയിച്ച് ഇന്ത്യ
Published on

ബംഗ്ലാദേശില്‍ ദുർഗാ പൂജയ്ക്കിടയിലും തുടരുന്ന ആക്രമണ സംഭവങ്ങളില്‍ ആശങ്ക അറിയിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഹിന്ദുക്കളുടെയും ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ബംഗ്ലാദേശ് സർക്കാർ ഉറപ്പാക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.  പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശിനു സമ്മാനിച്ച കാളിദേവിയുടെ കിരീടവും മോഷണം പോയതോടെയാണ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിറക്കിയത്.

'ഹിന്ദുക്കളുടെയും എല്ലാ ന്യൂനപക്ഷങ്ങളുടെയും അവരുടെ ആരാധനാലയങ്ങളുടെയും സുരക്ഷ ഉറപ്പാക്കണം. ധാക്കയിലെ തന്തിബസാറിലെ പൂജാ മണ്ഡപത്തിന് നേരെയുണ്ടായ ആക്രമണവും സത്ഖിരയിലെ ജശോരേശ്വരി കാളി ക്ഷേത്രത്തിലെ മോഷണവും ഞങ്ങൾ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്', വിദേശകാര്യ മന്ത്രാലയം എക്സില്‍ കുറിച്ചു.

നടന്നത് ദൗർഭാഗ്യകരമായ സംഭവമാണെന്നും ക്ഷേത്രങ്ങളേയും മൂർത്തികളേയും അവഹേളിക്കാന്‍ ലക്ഷ്യമാക്കി നടക്കുന്ന ശ്രമങ്ങളുടെ തുടർച്ചയാണിതെന്നും മന്ത്രാലയം വ്യക്തമാക്കി. വെള്ളിയാഴ്ച ധാക്കയിലെ തന്തിബസാർ പ്രദേശത്ത് ദുർഗാ പൂജാ മണ്ഡപത്തിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ സംഭവവും മന്ത്രാലയം പ്രസ്താവനയില്‍ എടുത്തുകാട്ടി. ആക്രമണത്തിൽ 20 പേർക്കാണ് പരുക്കേറ്റത്.

Also Read: മോദി ബംഗ്ലാദേശിന് സമ്മാനിച്ച കാളിദേവിയുടെ കിരീടം മോഷണം പോയി; സമ്മാനിച്ചത് 2021ലെ സന്ദർശന വേളയിൽ


ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ച് രാജ്യം വിട്ട് പോയതിനു ശേഷം രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നിരവധി അക്രമ സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍. 170 ദശലക്ഷം നരുന്ന ബംഗ്ലാദേശ് ജനസംഖ്യയിൽ വെറും 8 ശതമാനം മാത്രമാണ് ഹിന്ദുക്കൾ.  ഇവരുടെ വീടുകള്‍, ക്ഷേത്രങ്ങള്‍, തുടങ്ങിയവ ആക്രമിക്കപ്പെടുകയും പലർക്കും ജീവന്‍ നഷ്ടപ്പെടുകയും ചെയ്ത സംഭവങ്ങള്‍ അരങ്ങേറിയതായാണ് റിപ്പോർട്ടുകള്‍ ഓഗസ്റ്റ് 7ന് നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനസിന്‍റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അധികാരത്തില്‍ വന്നതിനു ശേഷവും അക്രമങ്ങള്‍ തുടരുന്ന സാഹചര്യം നിലനിന്നിരുന്നു. ദുർഗാ പൂജ നടക്കുന്ന പന്തലുകള്‍ക്കു നേരെ ആക്രമണമുണ്ടാകുന്ന സാഹചര്യമുണ്ടെന്നും അതിനാല്‍ സംരക്ഷണം ഒരുക്കണമെന്നും വിവിധ ഹിന്ദു സംഘടനകള്‍ ഇടക്കാല സർക്കാരിനോട് ആവശ്യമുന്നയിച്ചിരുന്നു. സംരക്ഷണം ഉറപ്പാക്കുമെന്ന് സർക്കാർ ഉറപ്പും നല്‍കി. എന്നാല്‍, ദുർഗാ പൂജയ്ക്കായി ഒരുക്കിയിരുന്ന പന്തലില്‍ നിന്നും  നരേന്ദ്ര മോദി ബംഗ്ലാദേശിന് സമ്മാനിച്ച കാളിദേവിയുടെ കിരീടം മോഷ്ടിക്കപ്പെട്ടു. ബംഗ്ലാദേശിലെ ജശോരേശ്വരി ക്ഷേത്രത്തിലെ കാളിദേവിയുടെ കിരീടമാണ് മോഷണം പോയത്. 2021 മാർച്ചിലെ ബംഗ്ലാദേശ് സന്ദർശന വേളയിലാണ് സ്വർണവും വെള്ളിയും കൊണ്ട് നിർമിച്ച കിരീടം പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ചത്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com