ഒരുകാലത്ത് സംരക്ഷണം നൽകി കൂടെ നിന്നിരുന്ന വി. മുരളീധരനടക്കം കൈമലർത്തിയതോടെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷസ്ഥാനം വിട്ടുനൽകേണ്ടി വരുമോ എന്ന ചോദ്യമാണ് ഇപ്പോഴുയരുന്നത്
പാലക്കാട് ഉപതെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ സംസ്ഥാന ബിജെപിയിൽ പൊട്ടിത്തെറി. പാലക്കാട് നേരിട്ട തിരിച്ചടിയുടെ ഉത്തരവാദിത്തം സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണെന്നായിരുന്നു മുൻ കേന്ദ്ര മന്ത്രി വി. മുരളീധരൻ പറഞ്ഞത്. ഇതോടെ നേതൃമാറ്റം ആവശ്യപ്പെട്ടുകൊണ്ടുള്ള ശക്തമായ മുറവിളികൾ ബിജെപിയിൽ മുഴങ്ങുകയാണ്. ഒരുകാലത്ത് സംരക്ഷണം നൽകി കൂടെ നിന്നിരുന്ന വി. മുരളീധരനടക്കം കൈമലർത്തിയതോടെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷസ്ഥാനം വിട്ടുനൽകേണ്ടി വരുമോ എന്ന ചോദ്യമാണ് ഇപ്പോഴുയരുന്നത്.
കേരള നിയമസഭയിലേക്കുള്ള തിരിച്ചുവരവ് പ്രതീക്ഷിച്ച ബിജെപിക്ക്, പാലക്കാട് കനത്ത തിരിച്ചടിയുണ്ടായതിന് പിന്നാലെയാണ് സംസ്ഥാന നേതൃത്വത്തിനെതിരെ പാലക്കാട്ടെ നേതാക്കൾ പടയൊരുക്കം തുടങ്ങിയത്. 2016ൽ 40,000 വോട്ടിന് മുകളിൽ നേടി പാർട്ടിയെ ആദ്യമായി രണ്ടാം സ്ഥാനത്തെത്തിച്ച ശോഭ സുരേന്ദ്രൻ ഇത്തവണ മത്സരിച്ചിരുന്നെങ്കിൽ വിജയം ഉറപ്പാണെന്ന് തന്നെ നേതാക്കൾ കരുതുന്നു. ശോഭയ്ക്ക് തടയിട്ടത് കെ.സുരേന്ദ്രനാണെന്ന് സൂചിപ്പിച്ചാണ് ഇപ്പോഴുയരുന്ന വിമർശനം.
ക്രൗഡ് പുള്ളറായ ശോഭ സുരേന്ദ്രനെ സ്ഥാനാർഥിയാക്കണമെന്ന് തുടക്കം മുതൽ ആവശ്യമുന്നയിച്ച ദേശീയ കൗൺസിൽ അംഗം എൻ.ശിവരാജനടക്കം കെ.സുരേന്ദ്രനെ ലക്ഷ്യമിട്ട് രൂക്ഷവിമർശനമാണ് ഉയർത്തുന്നത്. ദ്രവിച്ച മേൽക്കൂരയാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നായിരുന്നു ശിവരാജൻ്റെ പക്ഷം. ശോഭ സുരേന്ദ്രനോ, കെ സുരേന്ദ്രനോ, മുരളീധരനോ മത്സരിച്ചിരുന്നെങ്കിൽ ചരിത്രം മാറിയേനെ. ബിജെപിയുടെ മേൽക്കൂര ദ്രവിച്ചു. ബിജെപിയുടെ മേൽക്കൂര അഴിച്ചുപണിതാൽ പാലക്കാട് ഉഴുതു മറിക്കാനാകുമെന്നും ശിവരാജൻ പറഞ്ഞു. ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേർന്ന സന്ദീപ് വാര്യർ കഴിവുള്ള നേതാവാണെന്നും ശിവരാജന്‍ അഭിപ്രായപ്പെട്ടു.
തോൽവിയുടെ പഴി മുഴുവൻ കെ.സുരേന്ദ്രൻ്റെ തലയിൽ ചാരിയായിരുന്നു വി.മുരളീധരൻ്റെ പ്രതികരണം. പാലക്കാട് തെരഞ്ഞെടുപ്പ് സംബന്ധിച്ച ചോദ്യത്തിൽ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു മുരളീധരൻ. പാർട്ടി എന്നെ ഏൽപ്പിച്ച ചുമതല മഹാരാഷ്ട്രയിലേതാണെന്നും, പാലക്കാട് പ്രചരണത്തിന് പോയി എന്നതിനപ്പുറം വിശദാംശങ്ങളൊന്നും അറിയില്ലെന്നും പറഞ്ഞ് മുരളീധരൻ കൈമലർത്തി. തെരഞ്ഞെടുപ്പ് സംബന്ധിച്ച വിശദാംശങ്ങൾ സംസ്ഥാന പ്രസിഡൻ്റിനോട് ചോദിക്കണമെന്നും, എല്ലാത്തിനും അദ്ദേഹം മറുപടി നൽകുമെന്നുമായിരുന്നു മുരളീധരൻ്റെ പക്ഷം.
കെ. സുരേന്ദ്രനെ എന്നും സംരക്ഷിച്ചു നിർത്തിയ വി. മുരളീധരൻ്റെ വാക്കുകളിൽ സംരക്ഷണത്തിന്റെ സൂചന ഇല്ല എന്നതു മാത്രമല്ല, പരാജയത്തിന്റെ പൂർണ ഉത്തരവാദിത്തം സംസ്ഥാന അധ്യക്ഷന് നൽകി കൈമലർത്തുകയാണ് മുൻ കേന്ദ്ര മന്ത്രി. മുരളീധരൻ കൂടി കൈവിട്ടതോടെ കെ. സുരേന്ദ്രൻ്റെ അവസ്ഥ പരുങ്ങലിലായി. നേതൃമാറ്റം വേണമെന്ന് ആവശ്യം ശക്തമാക്കാൻ ഒരുങ്ങുകയാണ് ബിജെപിക്കുള്ളിൽ തന്നെയുള്ള ഒരു വിഭാഗം നേതാക്കൾ.
ALSO READ: പാലക്കാട് കണ്ടത് വടകര ഡീലിൻ്റെ ബാക്കി: എ.കെ. ബാലൻ
ബിജെപി ശക്തി കേന്ദ്രങ്ങളായ പാലക്കാട് നഗരസഭയിൽ വരെ വലിയ രീതിയിൽ വോട്ട് ചോർച്ചയുണ്ടായതടക്കം സംസ്ഥാന നേതൃത്വത്തിൻ്റെ വീഴ്ചയായാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യങ്ങൾ ഉന്നയിച്ച് നേതൃമാറ്റം വേണമെന്ന ആവശ്യം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങുകയാണ് വിമത വിഭാഗം. ബൂത്ത് പ്രസിഡൻറ് മുതൽ ദേശീയ ഭാരവാഹികൾ വരെയുള്ളവരിൽ നാല് വർഷം പൂർത്തിയാക്കിയവരെ മാറ്റാനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. എന്നാൽ സംസ്ഥാന നേതൃത്വം പ്രതിക്കൂട്ടിലായ പല ആരോപണങ്ങളിലും കെ. സുരേന്ദ്രനു വേണ്ടി ശക്തമായി വാദിച്ചത് വി. മുരളീധരനാണ്. അദ്ദേഹം കൂടി കയ്യൊഴിഞ്ഞതോടെ സുരേന്ദ്രൻ്റെ സംസ്ഥാന അധ്യക്ഷപദം നിലവിലെ സാഹചര്യത്തിൽ എത്രമാത്രം സുരക്ഷിതമാണെന്നത് കണ്ടെറിയണം.