പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ സ്വാധീന മേഖലയായ കണ്ണാടിയിലും മാത്തൂരും കേഡർ വോട്ടുകളിൽ ചോർച്ചയുണ്ടായെന്ന് പാർട്ടി വിലയിരുത്തൽ. സംഘടനാപരമായ ദൗർബല്യങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം എ.കെ.ബാലൻ പറഞ്ഞു. അതേസമയം വടകര ഡീലിൻ്റെ ഭാഗമായി ബിജെപി വോട്ടുകൾ കോൺഗ്രസിലെത്തിയെന്നാണ് സിപിഎം പുറത്ത് വിശദീകരിക്കുന്ന പ്രതിരോധം.
ഇടതുപക്ഷത്തിന്റെ അടിസ്ഥാന വോട്ടുകളൊന്നും നഷ്ടപ്പെട്ടില്ലെന്നും വടകര ഡീലിൻ്റെ തുടർച്ചയാണ് പാലക്കാട് കണ്ടതെന്നുമാണ് പുറമെ പറയുന്ന പ്രതിരോധമെങ്കിലും കണ്ണാടിയിലും മാത്തൂരിലും പ്രതീക്ഷിച്ച വോട്ട് കിട്ടാത്തത് ഗൗരവതരമായാണ് സിപിഎം കാണുന്നത്. പി. സരിന് വേണ്ടി നാടിളക്കിയുള്ള പ്രചാരണം നടത്തിയിട്ടും ശക്തികേന്ദ്രമായ കണ്ണാടിയിലും മാത്തൂരും പ്രതീക്ഷിച്ച വോട്ട് വർധന ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഇരു പഞ്ചായത്തുകളിലുമായി എണ്ണായിരം വോട്ടുവീതമാണ് സിപിഎം പ്രതീക്ഷിച്ചത്. എന്നാൽ കണ്ണാടിയിൽ 6272 വോട്ടും, മാത്തൂരിൽ നിന്ന് 6926 വോട്ടുമാണ് കിട്ടിയത്.
ALSO READ: പാലക്കാട് കണ്ടത് വടകര ഡീലിൻ്റെ ബാക്കി: എ.കെ. ബാലൻ
കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പിനേക്കാൾ കൂടുതലാണെങ്കിലും, ഇത്തവണത്തെ കണക്കുകൂട്ടൽ പ്രകാരം ഇരുമേഖലകളിൽ നിന്നും ലഭിക്കുമെന്ന് ഉറപ്പിച്ച ആയിരം സിപിഎം കേഡർ വോട്ട് പോലും പി.സരിന് കിട്ടിയിട്ടില്ല. കണ്ണാടിയിലെ പ്രാദേശിക വിഭാഗീയത ദോഷം ചെയ്തു എന്നാണ് ഒരു വിലയിരുത്തൽ. ഇതിന് പുറമെ എൻ.എൻ.കൃഷ്ണദാസിന്റെ വിവാദ പ്രസ്താവനയും ഇ.പി.ജയരാജൻ്റേതെന്ന പേരിൽ പുറത്തുവന്ന പുസ്തകത്തിലെ സരിനെതിരായ പരാമർശവുമെല്ലാം വോട്ട് ചോർത്തിയിട്ടുണ്ടാകാം. കോൺഗ്രസ് ക്യാമ്പിൽ നിന്ന് എത്തിയ സരിനെ പെട്ടെന്നൊരു ദിവസം സ്ഥാനാർത്ഥിയായി അംഗീകരിക്കാനും പാർട്ടി അനുഭാവികളിൽ ചിലർക്കെങ്കിലും ബുദ്ധിമുട്ടുണ്ടായേക്കും. ഇതെല്ലാം പരിശോധിക്കണമെന്നാണ് ഒരു വിഭാഗം നേതാക്കൾ പറയുന്നത്. സംഘടനാ ദൗർബല്യങ്ങൾ ഉണ്ടായെങ്കിൽ പരിശോധിക്കുമെന്ന് എ.കെ.ബാലൻ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വിജയത്തിൽ അഭിവാദ്യമർപ്പിച്ച്, എസ്‌ഡിപിഐ നടത്തിയ റാലി യുഡിഎഫ് ബാന്ധവത്തിന് തെളിവായി സിപിഎം ഉയർത്തിക്കാട്ടുന്നുണ്ട്. മതം പറഞ്ഞ് എസ്‌ഡിപിഐയെ ഇറക്കി വിട്ട് പ്രചരണം നടത്തിയാണ് കോൺഗ്രസ് പാലക്കാട് വിജയം നേടിയതെന്ന വിമർശനമാണ് ഡോ. പി. സരിൻ ഉയർത്തുന്നത്. ഇത്തവണത്തെ പാലക്കാട് തെരഞ്ഞെടുപ്പ് ചരിത്രത്തിലെ കളങ്കമായി നിലനിൽക്കുമെന്നും സരിൻ ന്യൂസ് മലയാളത്തോട് പറഞ്ഞു. എസ്‌ഡിപിഐ ജമാ അത്തെ ഇസ്ലാമി സഖ്യത്തെ യുഡിഎഫിൽ ഉറപ്പിച്ചുനിർത്തുന്നത് ലീഗെന്ന് എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണനും അഭിപ്രായപ്പെട്ടു.
ALSO READ: SDPIയെ കോൺഗ്രസ് ഉപയോഗിച്ചെന്ന് സരിൻ, വർഗീയ ശക്തികളുടെ വോട്ട് വാങ്ങിയിട്ടില്ലെന്ന് രാഹുൽ, പാലക്കാടൻ പോര് തുടർന്ന് നേതാക്കൾ
സിപിഎമ്മിനെതിരായ 'മഴവിൽ സഖ്യം' നേടിയ വിജയമെന്ന സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം എല്ലാ തലത്തിലും ആവർത്തിച്ച് പ്രതിരോധം തീർക്കാനാണ് പാർട്ടിയുടെ പദ്ധതി. എസ്‌ഡിപിഐഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും സഹായം യുഡിഎഫിന് കിട്ടി. എസ്‌ഡിപിഐയുടെ സർക്കുലർ കോൺഗ്രസ് പ്രവർത്തകർ വീടുകളിൽ എത്തിച്ചു. എന്നിങ്ങനെ നീളുന്നു പാലക്കാട്ടെ തോൽവിയിലെ രാഷ്ട്രീയ പ്രതിരോധം. യുഡിഎഫ് ആർഎസ്എസ് പാലമായി സന്ദീപ് വാര്യർ പ്രവർത്തിച്ചു എന്നാണ് മറ്റൊരു ആരോപണം. ചരിത്രത്തിൽ ആദ്യമായിട്ടാണ് ആർഎസ്എസ് പ്രവർത്തകൻ യുഡിഎഫിൽനിന്ന് പ്രവർത്തിക്കുന്നത്. എന്നാൽ സന്ദീപ് ക്രിസ്റ്റൽ ക്ലിയർ സഖാവാകുമെന്ന് പറഞ്ഞിട്ടില്ലേ എന്ന ചോദ്യത്തിൽ എ.കെ.ബാലൻ മലക്കം മറിഞ്ഞു.
സുപ്രഭാതത്തിലും വർത്തമാനത്തിലും വന്ന പത്രപരസ്യത്തിൽ വസ്തുതാ വിരുദ്ധമായി ഒന്നുമില്ല, സിപിഎം പാലക്കാട്ട് ഒരു സാമുദായിക വിഭജനവും നടത്തിയിട്ടില്ല. വടകര ഡീലിൻ്റെ ബാക്കിയാണ് പാലക്കാട് നടന്നത്. ഈ വാദങ്ങൾ ആവർത്തിച്ച് പി.സരിനെ സംരക്ഷിച്ചുനിർത്താനാണ് പാർട്ടിയുടെ തീരുമാനം. കോൺഗ്രസിനെതിരായ ആക്രമണത്തിന് ഭാവിയിലും സരിൻ ഉപകാരപ്പെടുമെന്നും പാർട്ടി കണക്കുകൂട്ടുന്നു. അതേസമയം പാർട്ടി സ്വാധീനകേന്ദ്രങ്ങളിൽ പെട്ടിയിൽ വീഴാതിരുന്ന വോട്ടുകൾക്ക് പാർട്ടിക്കുള്ളിൽ ഈ വിശദീകരണങ്ങളൊന്നും പോരാതെ വരും. ഇക്കാര്യത്തിലെ ചർച്ചകളും തുടർ ചലനങ്ങളും സിപിഎമ്മിൽ തുടരുകയും ചെയ്യും.