"എസ്എഫ്ഐ നേതാവ് ധീരജ് രാജേന്ദ്രനെ കുത്തിയ കത്തി അറബിക്കടലിൽ താഴ്ത്തിയിട്ടില്ല," എന്നായിരുന്നു മലപ്പട്ടത്ത് നടന്ന പദയാത്രക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരില്‍ ചിലരുടെ മുദ്രാവാക്യം
കണ്ണൂർ മലപ്പട്ടത്തെ സംഘർഷം ആസൂത്രണം ചെയ്തത് യൂത്ത് കോൺഗ്രസ് എന്ന് സിപിഐഎം. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തിൽ പ്രവർത്തകർ അഴിഞ്ഞാടിയെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ആരോപിച്ചു. ജാഥയുടെ പിന്നിൽ ഗുണ്ടകളെ അണിനിരത്തിയെന്നും പ്രകോപന മുദ്രാവാക്യങ്ങൾ മുഴക്കിയെന്നുമാണ് സിപിഐഎമ്മിന്റെ ആരോപണം.
"എസ്എഫ്ഐ നേതാവ് ധീരജ് രാജേന്ദ്രനെ കുത്തിയ കത്തി അറബിക്കടലിൽ താഴ്ത്തിയിട്ടില്ല," എന്ന് മലപ്പട്ടത്ത് നടന്ന പദയാത്രക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരില്‍ ചിലർ മുദ്രാവാക്യം മുഴക്കിയെന്നാണ് സിപിഐഎമ്മിന്‍റെ ആരോപണം. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ നയിച്ച യാത്രയിലാണ് ധീരജിനെ കൊലപ്പെടുത്തിയത് തങ്ങൾ തന്നെയെന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തകരുടെ മുദ്രാവാക്യം.
പദയാത്രയ്ക്കിടെയുണ്ടായ സംഘർഷത്തിൽ 75 പേർക്കെതിരെ കേസെടുത്തിരുന്നു. 50 കോൺഗ്രസ് പ്രവർത്തകർക്കും 25 സിപിഐഎം പ്രവർത്തകർക്കുമെതിരെയാണ് കേസ്. പദയാത്ര മലപ്പട്ടം സെൻ്ററിലെത്തിയപ്പോൾ ജാഥയുടെ പുറകിലുണ്ടായ 50 കോൺഗ്രസ് പ്രവർത്തകരും, റോഡരികിൽ കൂടിനിന്ന സിപിഐഎം പ്രവർത്തകരും പരസ്പരം ഏറ്റുമുട്ടിയെന്നാണ് എഫ്ഐആറിൽ പറയുന്നത്.
Also Read: മലപ്പട്ടത്ത് രാഹുൽ മാങ്കൂട്ടത്തിൽ നയിച്ച പദയാത്രയിലെ സംഘർഷം; 75 പേർക്കെതിരെ കേസ്
കഴിഞ്ഞ ദിവസമാണ്, കണ്ണൂർ മലപ്പട്ടത്ത് സിപിഐഎം - കോൺഗ്രസ് സംഘർഷമുണ്ടായത്. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ നേതൃത്വത്തിലായിരുന്നു പദയാത്ര. കണ്ണൂർ കളക്ട്രേറ്റിന് മുന്നിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ പ്രകടനമാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പ്രകടനത്തിൽ മുഖ്യമന്ത്രിയുടെ ഫ്ലക്സ് ഒരു കോൺഗ്രസ് പ്രവർത്തകൻ നശിപ്പിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. മലപ്പട്ടം സ്വദേശി സനീഷ് പി.ആർ എന്ന കോൺഗ്രസ് പ്രവർത്തകനാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്. തുടർന്ന് സനീഷിന്‍റെ വീടിനോട് ചേർന്നുള്ള ഗാന്ധി സ്തൂപവും, കോൺഗ്രസിൻ്റെ കൊടിമരവും സിപിഐഎം പ്രവർത്തകർ നശിപ്പിച്ചു. തൻ്റെ വീടിനുനേരെയും ആക്രമണമുണ്ടായതായി സനീഷ് പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ നേതൃത്വത്തിൽ 'സിപിഐഎം പാർട്ടി ഗ്രാമമായ മലപ്പട്ടത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജീവിക്കാനാകുന്നില്ല' എന്ന് ആരോപിച്ച് പദയാത്ര നടത്തിയത്. അടുവാപ്പുറത്ത് നിന്നും മലപ്പട്ടം സെൻ്ററിലേക്കായിരുന്നു പദയാത്ര. ഈ യാത്രയിലാണ് സംഘർഷമുണ്ടായത്.