ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാംപ്യൻഷിപ്പ് മത്സരാർഥിയെന്ന പൊലിമയോട് കൂടിയായിരുന്നു ഗുകേഷ് സിംഗപ്പൂരിലേക്ക് വിമാനം കയറിയത്
വിശ്വനാഥൻ ആനന്ദിന് ശേഷം ഒരു ഇന്ത്യക്കാരൻ ലോക ചെസ് ചാംപ്യൻഷിപ്പിൻ്റെ നെറുകയിലെത്തുന്നു... അതും ചരിത്രം കുറിച്ചുകൊണ്ട്... ചെസ് ബോർഡിൻ്റെ കറുപ്പും വെളുപ്പും ചതുരക്കളങ്ങൾക്കിടയിൽ എകാഗ്രതയോടെ കണ്ണുനട്ടിരിക്കുന്ന 18കാരൻ പയ്യൻ ഇന്ന് ലോക ചെസ് ചാംപ്യൻഷിപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ ജേതാവായി വിസ്മയമാകുകയാണ്.
വിശ്വനാഥൻ ആനന്ദിൻ്റെ ചുമതലയിലുള്ള വെസ്റ്റ് ബ്രിഡ്ജ് ആനന്ദ് ചെസ് അക്കാദമിയിലൂടെ വളർന്നുവന്ന ചെന്നൈ സ്വദേശിയാണ് ദൊമ്മരാജു ഗുകേഷ് എന്ന യങ് ചെസ് മജീഷ്യൻ... ഏഴാം വയസിലാണ് ഗുകേഷ് ചെസ് ബോർഡിൽ തൻ്റെ കരുനീക്കങ്ങൾ പഠിച്ചുതുടങ്ങിയത്. 11 വർഷത്തിനിപ്പുറം തൻ്റെ 18ാം വയസിൽ ലോക ചാംപ്യനാകുമ്പോൾ ഗുകേഷിനൊപ്പം ഇന്ത്യക്കും അതൊരു ചരിത്രനിയോഗമായി മാറുകയാണ്.
നിലവിലെ ലോക ചാംപ്യനായിരുന്ന ചൈനയുടെ ഡിങ് ലിറനെ 14 ഗെയിമുകൾ നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലാണ് ചെന്നൈക്കാരനായ കൗമാരതാരം തറപറ്റിച്ചത്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാംപ്യൻഷിപ്പ് മത്സരാർഥിയെന്ന പൊലിമയോട് കൂടിയായിരുന്നു ഗുകേഷ് സിംഗപ്പൂരിലേക്ക് വിമാനം കയറിയത്..
നിയമാനുസൃതമായി 14 ഗെയിമുകളുള്ള ലോക ചെസ് ചാംപ്യൻഷിപ്പിൽ ആദ്യം 7.5 പോയിൻ്റ് നേടുന്നതാരാണോ, അവർക്ക് ലോക കിരീടത്തിൽ മുത്തമിടാമായിരുന്നു.... സിംഗപ്പൂരിലെ ഇക്വാരിയസ് ഹോട്ടലിൽ വെച്ചാണ് ലോക ചെസ് ചാംപ്യൻഷിപ്പ് മത്സരങ്ങൾ നടന്നത്. 14 ക്ലാസിക്കൽ ചെസ് ഗെയിമുകളിൽ ആദ്യം 7.5 പോയിൻ്റ് നേടുന്നവർക്കായിരുന്നു കിരീട സാധ്യത. എന്നാൽ 13ാമത്തെ ഗെയിം വരെയും ചൈനയുടെ വിശ്വ ചാംപ്യൻ വിട്ടുകൊടുക്കാതെ പൊരുതിനിന്നു.
ALSO READ: ലോക ചെസ് ചാംപ്യൻഷിപ്പ്: ലോക ചാംപ്യനെ വീഴ്ത്തി ഒപ്പമെത്തി ഗുകേഷ്
അഞ്ച് മത്സരങ്ങളിൽ ജയപരാജയങ്ങൾ ഇരുവശത്തേക്കും മാറിമറഞ്ഞപ്പോൾ, ഒൻപത് മത്സരങ്ങളിൽ വിരസമായ സമനിലയായിരുന്നു ഫലം... 13-ാം റൗണ്ട് മത്സരവും സമനിലയിലായതോടെ ഇരുവരും ആറര പോയിൻ്റ് വീതം നേടി ഒപ്പത്തിനൊപ്പമായിരുന്നു... ടൈബ്രേക്കറിലേക്ക് പോയാൽ ലിറന് മുൻതൂക്കം ലഭിക്കുമെന്ന് വരെ ചെസ് ഇതിഹാസങ്ങൾ വിലയിരുത്തി. എന്നാൽ കണക്കുകൂട്ടലുകളെല്ലാം അസ്ഥാനത്താക്കി ഇന്ത്യയുടെ വണ്ടർ കിഡ് ജയിച്ചുകയറി, ഒപ്പം ലോക കിരീടത്തിലും മുത്തമിട്ടു.
താനും പ്രഗ്യാനന്ദയും അറിവിനെ കൂടുതൽ ആശ്രയിക്കുമ്പോൾ കണക്കുകൂട്ടി വിശകലനം ചെയ്യുന്നതിലാണ് ഗുകേഷിൻ്റെ മികവെന്ന് സഹതാരമായ അർജുൻ എരിഗെയ്സി പറയുന്നു. മത്സരത്തിനിടെ ചിന്തിക്കാൻ കൂടുതൽ സമയം ലഭിക്കുന്ന ക്ലാസിക്കൽ ചെസ്സിലാണ് ഗുകേഷ് കൂടുതൽ തിളങ്ങുകയെന്ന് മുൻ ലോക ചാംപ്യനായ മാഗ്നസ് കാൾസനും വിലയിരുത്തി. കുറഞ്ഞ സമയത്തിൽ കളിക്കേണ്ട റാപിഡ്, ബ്ലിറ്റ്സ് ഗെയിമുകളിൽ കൂടുതൽ സമയമെടുക്കുന്നത് ഗുകേഷിന് തിരിച്ചടിയാകാമെന്നും കാൾസൻ ലോക ചെസ് ചാംപ്യൻഷിപ്പിന് മുൻപേ അഭിപ്രായപ്പെട്ടിരുന്നു.
എന്നാൽ ലോകത്തെ വിസ്മയിപ്പിച്ചാണ് ഗുകേഷ് അവസാന ഗെയിമിൽ ജയിച്ചുകയറിയത്. കളിക്കിടയിൽ നിർത്താതെ കണക്കുകൂട്ടുന്ന, വിചിത്രമായ പൊസിഷനുകളിൽ നീക്കം നടത്തുന്നതിൽ വിദഗ്ധനാണ് ഗുകേഷെന്നും മുൻ ലോക ചാംപ്യൻ പ്രശംസിച്ചു.
ALSO READ: ലോക ചാംപ്യനെ വിറപ്പിക്കുന്ന ഗുകേഷ്; ചെസ് ബോർഡിന് മുന്നിൽ ധ്യാനനിമഗ്നനായ പയ്യൻ ആരാണ്?
ആന്ധ്രാ പ്രദേശിൽ വേരുകളുള്ള കുടുംബമാണ് ചെന്നൈ സ്വദേശിയായ ദൊമ്മരാജു ഗുകേഷിൻ്റേത്. മാതാപിതാക്കൾ തമിഴ്നാട്ടിൽ സ്ഥിരതാമസമാക്കിയ ശേഷം... 2006 മെയ് 29ന് ചെന്നൈയിൽ വെച്ചായിരുന്നു ഗുകേഷിൻ്റെ ജനനം. പിതാവ് ഡോ. രജനീകാന്ത് ഇഎന്‍ടി സര്‍ജനും. അമ്മ പദ്മ മൈക്രോബയോളജിസ്റ്റുമാണ്. ചെന്നൈയിലെ വേലമ്മാള്‍ വിദ്യാലയയില്‍ പഠിക്കുമ്പോഴാണ് കുഞ്ഞായിരുന്ന ഗുകേഷിന് ചെസ് കളിയോടുള്ള കമ്പം തുടങ്ങിയത്. അന്ന് ഏഴ് വയസായിരുന്നു പ്രായം.