
ഇ.പി. ജയരാജനെതിരായ നടപടിയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ബിജെപിയുമായി സിപിഎമ്മിന് അവിശുദ്ധ ബന്ധമെന്നതുൾപ്പെടെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ശരിയായെന്ന് സതീശൻ പറഞ്ഞു. ദല്ലാൾ നന്ദകുമാറിനെ ഇ.പി. കണ്ടതിനെ മാത്രമാണ് മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത്. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ഇ.പി. ജയരാജൻ ബിജെപി നേതാവ് പ്രകാശ് ജവഡേക്കറെ കണ്ടതെന്നും ഇപ്പോൾ അതിനെ തള്ളി പറയുന്നതിൻ്റെ കാരണമെന്താണ് എന്നറിയില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.
"ദല്ലാൾ നന്ദകുമാറുമായിട്ടുള്ള ഇ.പിയുടെ ബന്ധത്തെ മാത്രമാണ് മുഖ്യമന്ത്രി തള്ളിയിട്ടുള്ളത്. പ്രകാശ് ജാവഡേക്കറെ കണ്ടാൽ എന്താ പ്രശ്നം, ഞാനും നിരവധി തവണ കണ്ടിട്ടുണ്ട് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പക്ഷം. എന്തിനാണ് മുഖ്യമന്ത്രി പ്രകാശ് ജാവഡേക്കറെ കാണുന്നത്? ഇപ്പോൾ അദ്ദേഹം കേന്ദ്രമന്ത്രിയല്ല, കേരളത്തിലെ ബിജെപിയുടെ ചുമതലയുള്ള ആൾ മാത്രമാണ്. പോളിറ്റ് ബ്യൂറോ അംഗവും കേരളത്തിൻ്റെ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ എന്തിനാണ് അദ്ദേഹത്തെ കാണുന്നത്. ഇ.പി. എന്തിനാണ് അദ്ദേഹത്തെ കാണുന്നത്? പോയ വഴിക്ക് വീട്ടിൽ കയറിയതാണെന്നാണ് ഇ.പി. അന്ന് പറഞ്ഞത്. ഇത്തരത്തിൽ ഇവരാരും ഞങ്ങളുടെ വീട്ടിൽ കയറിയില്ലാല്ലോ," വി.ഡി. സതീശൻ പറഞ്ഞു.
കേരളത്തിലെ പൊലീസ് സേനയെകുറിച്ചുള്ള പരാമർശങ്ങളും വി.ഡി. സതീശൻ ഉന്നയിച്ചു. കേരളത്തിലെ പൊലീസ് സേന ചരിത്രത്തിൽ ഇത്രമാത്രം അധിപതിധിച്ചിട്ടില്ല. പാര്‍ട്ടിയുടെ അടിമക്കൂട്ടമാണ് പൊലീസ്. പൊലീസിലും സിപിഎം-ബിജെപി ബന്ധമുണ്ട്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പറയുന്നതിന് അപ്പുറം ഒന്നും ചെയ്യില്ലെന്നാണ് എസ്‌പി പറയുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ബിജെപിയുമായി ബന്ധമുണ്ടെന്ന ആരോപണത്തിൻ്റെ പശ്ചാത്തലത്തിലാണ് ഇ.പി.ജയരാജനെ ഇടതുമുന്നണി കൺവീനർ സ്ഥാനത്തു നിന്ന് നീക്കാൻ പാർട്ടി തീരുമാനിച്ചത്. സംസ്ഥാന സമിതിക്ക് കാത്തുനിൽക്കാതെ ഇ.പി. ജയരാജൻ കഴിഞ്ഞ ദിവസം തന്നെ കണ്ണൂരിലേക്ക് മടങ്ങിയിരുന്നു. സംഭവത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് ‘എല്ലാം നടക്കട്ടെ’ എന്നു മാത്രമാണ് ജയരാജൻ പ്രതികരിച്ചത്. പ്രകാശ് ജാവഡേക്കർ - ഇ.പി കൂടിക്കാഴ്ച സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്യാൻ ഇരിക്കെയാണ് നിർണായക നീക്കം. ടി.പി രാമകൃഷ്ണനാണ് പകരം ചുമതല നൽകിയിരിക്കുന്നത്.
കേന്ദ്ര കമ്മിറ്റി അംഗമായതിനാൽ ഇ.പി ക്കെതിരെ നടപടിയെടുക്കാനുള്ള അധികാരം കേന്ദ്ര കമ്മിറ്റിക്കാണ്. സംസ്ഥാന സമിതിക്കു നടപടിക്കു നിർദേശിക്കാനാകും. തനിക്കെതിരായ ആരോപണങ്ങളിലെ ചർച്ചകൾ തന്റെ സാന്നിധ്യത്തിൽ വേണ്ടെന്നുകൂടി കരുതിയാകണം ഇ.പി തിരുവനന്തപുരത്തുനിന്നു കണ്ണൂരിലേക്കു പോയതെന്നാണു സൂചന.