ഇനി അഭയം തേടാന്‍ ഒരിടമില്ല, എല്ലാവരാലും പലസ്തീന്‍ ജനത ഉപേക്ഷിക്കപ്പെട്ടു; പ്രതീക്ഷയറ്റ് ഗാസയിലെ അമ്മമാർ

ഗാസയുടെ ഉന്മൂലനമാണ് ഇസ്രയേലിന്‍റെ ലക്ഷ്യമെങ്കില്‍ അണുബോംബിട്ട് എല്ലാം അവസാനിപ്പിക്കട്ടെ എന്നാണ് ഖനൂവിന് പറയാനുള്ളത്
ഇനി അഭയം തേടാന്‍ ഒരിടമില്ല, എല്ലാവരാലും പലസ്തീന്‍ ജനത ഉപേക്ഷിക്കപ്പെട്ടു; പ്രതീക്ഷയറ്റ് ഗാസയിലെ അമ്മമാർ
Published on

ഇസ്രയേൽ-ഹമാസ് യുദ്ധം ആരംഭിച്ച് 400 ദിവസം പിന്നിടവെ പ്രതീക്ഷയറ്റ നിലയിലാണ് ഗാസയിലെ ജനത. മധ്യസ്ഥ ശ്രമങ്ങളില്‍ നിന്ന് ഖത്തറും പിന്മാറിയതോടെ, അന്താരാഷ്ട്ര സമൂഹം തങ്ങളെ കയ്യൊഴിഞ്ഞെന്നാണ് അവർ കരുതുന്നത്. പട്ടിണിയും ക്ഷാമവും പിടിമുറുക്കവെ ഇനിയെവിടെ അഭയം തേടുമെന്നറിയാതെ നിരാശയിലാണ് അവർ. തുടർച്ചയായ ആക്രമണങ്ങളില്‍ തരിശായ ജന്മനാട്ടില്‍ ഏഴ് മക്കളെ പോറ്റാൻ പാടുപെടുകയാണ് ഗാസയിലെ ഒരമ്മ, ഇതിമാദ് അൽ-ഖനൂ.

ഇനി അഭയം തേടാന്‍ ഒരിടമില്ലെന്നും എല്ലാവരാലും പലസ്തീന്‍ ജനത ഉപേക്ഷിക്കപ്പെട്ടെന്നും ഖനൂ കരുതുന്നു. ഇതുവരെ ഓടിയൊളിച്ചു.  ഇനി മരണത്തെ കാത്തിരിക്കുകയല്ലാതെ മറ്റൊരു വഴിയും മുന്നിലില്ല. ഗാസയുടെ ഉന്മൂലനമാണ് ഇസ്രയേലിന്‍റെ ലക്ഷ്യമെങ്കില്‍ അണുബോംബിട്ട് എല്ലാം അവസാനിപ്പിക്കട്ടെ എന്നാണ് ഖനൂവിന് പറയാനുള്ളത്. സ്വന്തം കുഞ്ഞുങ്ങള്‍ ഇഞ്ചിഞ്ചായി മരിക്കുന്നത് കാണാന്‍ ശേഷിയില്ലാത്ത ഒരമ്മയുടെ രോഷമാണത്.

ഭക്ഷണവും അവശ്യസാധനങ്ങളും എത്തിക്കാനെങ്കിലും അതിർത്തികള്‍ തുറക്കണമെന്ന് ഖനൂ അഭ്യർഥിക്കുന്നു. എന്നാല്‍ മധ്യസ്ഥ ശ്രമങ്ങൾ നിർത്തിവെക്കാന്‍ ഖത്തറും തീരുമാനമെടുത്തതോടെ, ഇനിയാരാണ് ഈ അമ്മമാരെ കേള്‍ക്കുകയെന്ന് അവള്‍ക്കറിയില്ല. ദേർ അൽ-ബാലയില്‍ ഖനൂവിന്‍റെ മക്കളെ പോലെയുള്ള നൂറുകണക്കിന് കുട്ടികള്‍ കാലിപാത്രങ്ങളുമായി ഐക്യരാഷ്ട്ര സഭയുടേതടക്കമുള്ള ഭക്ഷണ ട്രക്കുകളെ കാത്തുനില്‍ക്കുന്നത് കാണാം. അവർ നല്‍കുന്ന വേവിച്ച പയറും പരിപ്പും വിശപ്പ് മാറ്റില്ലെങ്കിലും ജീവന്‍ നിലനിർത്തുമെന്ന പ്രതീക്ഷ മാത്രമാണ് ഇതിന് പിന്നിൽ.

21 ലക്ഷത്തിലധികം ആളുകൾ ഇപ്പോഴും തുടരുന്ന ഗാസയില്‍ ഇന്ന് സുരക്ഷിത മേഖലയായി ഒരു പ്രദേശവും അവശേഷിക്കുന്നില്ലെന്നാണ് യുഎൻ പറയുന്നത്. ഹമാസിന്‍റെ മടക്കം ചെറുക്കാനെന്ന പേരില്‍ ജനവാസ കേന്ദ്രങ്ങളില്‍ പോലും ഇസ്രയേല്‍ സെെന്യം ആക്രമണം തുടരുകയാണ്. വടക്ക്-മധ്യ ഗാസ മേഖലകളില്‍ പതിനായിരങ്ങളോട് ഒഴിഞ്ഞുപോകണമെന്ന് മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട് ഇസ്രയേല്‍. അതിർത്തികളടച്ച് പട്ടിണി ആയുധമാക്കുകയാണെന്ന് ഐക്യരാഷ്ട്ര സഭ അടക്കം ആരോപിക്കുമ്പോള്‍, വടക്കൻ ഗാസ കടുത്ത ക്ഷാമത്തിന്‍റെ പിടിയിലാണെന്നാണ് ആഗോള ഭക്ഷ്യസുരക്ഷാ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. അതേസമയം, കഴിഞ്ഞ വർഷക്കാലയളവില്‍ ഒരു മില്യൺ ടണ്ണിലധികം ഭക്ഷ്യവസ്തുക്കളും മറ്റിതര അവശ്യസാധനങ്ങള്‍ ഗാസയിലേക്ക് എത്തിച്ചെന്നാണ് യുഎന്‍ ഇസ്രയേല്‍ വക്താവ് ഡാനി ഡാനൻ യുഎൻ സുരക്ഷാ കൗൺസില്‍ അവകാശപ്പെട്ടത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com