ഹമാസിൻ്റെ ശേഷിക്കുന്ന മുതിർന്ന നേതാവിനെയും വധിച്ചു; അവകാശവാദവുമായി ഇസ്രയേൽ

ഗാസയിലെ മറ്റു സംഘടനകളുമായി ഏകോപിപ്പിക്കുന്നതിൻ്റെ ചുമതലയുണ്ടായിരുന്ന ഇസ് അൽ ദിൻ കസാബ് ഹമാസിൻ്റെ അവശേഷിച്ച ഉന്നത നേതാക്കളിൽ ഒരാളാണ്
ഹമാസിൻ്റെ ശേഷിക്കുന്ന മുതിർന്ന നേതാവിനെയും വധിച്ചു; അവകാശവാദവുമായി ഇസ്രയേൽ
Published on

ഹമാസിന്‍റെ ശേഷിക്കുന്ന മുതിർന്ന നേതാക്കളിൽ ഒരാളേയും വധിച്ചെന്ന് ഇസ്രയേൽ. ഗാസ നഗരമായ ഖാൻ യൂനിസിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്‍റെ ശേഷിക്കുന്ന മുതിർന്ന നേതാക്കാളിൽ ഒരാളായ ഇസ് അൽ ദിൻ കസാബിനെ വധിച്ചതായാണ് ഇസ്രയേലിൻ്റെ അവകാശ വാദം. ഗാസയിലെ മറ്റു സംഘടനകളുമായി ഏകോപിപ്പിക്കുന്നതിൻ്റെ ചുമതലയുണ്ടായിരുന്ന ഇസ് അൽ ദിൻ കസാബ് ഹമാസിൻ്റെ അവശേഷിച്ച ഉന്നത നേതാക്കളിൽ ഒരാളാണ്. എന്നാൽ കസാബ് ഗാസയിലെ പ്രാദേശിക ഗ്രൂപ്പിലെ ഉദ്യോഗസ്ഥനാണെന്നും തീരുമാനങ്ങളെടുക്കുന്ന പൊളിറ്റിക്കൽ ടീമിൽ അംഗമല്ലെന്നുമാണ് ഹമാസ് നൽകുന്ന വിശദീകരണം. ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മറ്റൊരു ഹമാസ് ഉദ്യോഗസ്ഥനായ അയ്മാൻ ആയിഷും കൊല്ലപ്പെട്ടു.

വെടിനിർത്തൽ ചർച്ചകൾ അപ്രസക്തമാക്കി ലബനനിലും ഗാസയിലും ഇസ്രയേൽ ഇടതടവില്ലാതെ ബോംബ് ആക്രമണം തുടരുകയാണ്. 24 മണിക്കൂറിനുള്ളിൽ 68 പേരാണ് ഗാസയിൽ കൊല്ലപ്പെട്ടത്. പലസ്തീൻ അഭയാർത്ഥികൾ താമസിക്കുന്ന നുസൈറാത്തിലെ സ്കൂളിന് നേരെ നടത്തിയ ഇസ്രയേൽ ആക്രമണത്തിൽ നാല് പേരും, വടക്കും കിഴക്കും ഭാഗങ്ങളിൽ നടന്ന വ്യോമാക്രമണത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ നാല് പേരും കൊല്ലപ്പെട്ടു. വെടിനിർത്തൽ ശ്രമങ്ങൾ തുടരുന്നതിനിടെ ലബനനിലും കൊടിയ ആക്രമണമാണ് ഇസ്രയേൽ നടത്തുന്നത്.

ലബനനിൽ ഇതുവരെ നടന്നതിൽ ഏറ്റവും ശക്തമായ ആക്രമണമാണ് കഴിഞ്ഞ 24 മണിക്കൂറിൽ നടന്നതെന്നാണ് റിപ്പോർട്ടുകൾ. ഗാസയിലെയും ലെബനനിലെയും ഭയാനകമായ സ്ഥിതി ചർച്ച ചെയ്യാൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കനും ഇസ്രയേൽ സ്ട്രാറ്റജിക് അഫയേഴ്‌സ് മന്ത്രി റോൺ ഡെർമറും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

അതേസമയം, ഹിസ്ബുള്ളയുടെ നേതൃത്വ ചുമതലയേറ്റതിന് ശേഷം പുതിയ നേതാവ് നൈം ഖാസിം ആദ്യ പ്രതികരണം നടത്തിയിരുന്നു. ഇസ്രയേലുമായുള്ള യുദ്ധത്തില്‍ വെടിനിര്‍ത്തലിനുവേണ്ടി യാചിക്കില്ലെന്നായിരുന്നു നൈം ഖസീമിൻ്റെ പ്രസ്താവന. തങ്ങള്‍ക്ക് അംഗീകരിക്കാനാവുന്ന തരത്തിലുള്ള വെടിനിര്‍ത്തലിന് ഇസ്രയേല്‍ മുന്നോട്ടു വരുന്നതുവരെ പോരാട്ടം തുടരുമെന്നും ഹിസ്ബുള്ളയുടെ പുതിയ നേതാവ് വ്യക്തമാക്കി. അജ്ഞാത കേന്ദ്രത്തില്‍നിന്ന് നല്‍കിയ വീഡിയോ സന്ദേശത്തിലായിരുന്നു നൈമിൻ്റെ പ്രതികരണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com