
പാകിസ്ഥാൻ സൈന്യം വൻതോതിലുള്ള ആക്രമണങ്ങളാണ് ഇന്ത്യൻ നഗരങ്ങൾ ലക്ഷ്യമിട്ട് ഇന്ന് നടത്താനൊരുങ്ങിയത്. എഫ് 16, ജെഫ് 17 ഉൾപ്പെടെയുള്ള അത്യാധുനിക പോർവിമാനങ്ങളും, മിസൈൽ, ഡ്രോണുകൾ, ഷെല്ലുകൾ എന്നിവയെല്ലാം ഉപയോഗിച്ചായിരുന്നു ഇന്ത്യയെ ആക്രമിക്കാൻ പാകിസ്ഥാൻ ശ്രമിച്ചത്. എന്നാൽ പാകിസ്ഥാൻ്റെ ആക്രമണങ്ങളെയെല്ലാം ആകാശത്ത് വെച്ച് തന്നെ നിർവീര്യമാക്കാൻ ഇന്ത്യൻ സൈന്യത്തിന് സാധിച്ചു.
ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പുലർച്ചെയുമായി 15 ഇന്ത്യൻ നഗരങ്ങളെ ലക്ഷ്യമിട്ട് മിസൈലാക്രമണങ്ങൾക്ക് ശ്രമിച്ചിരുന്നു. ഇന്ത്യൻ പ്രതിരോധ മേഖലയെ സുരക്ഷിതമാക്കി നിർത്തിയതും പാക് ആക്രമണങ്ങളുടെ മുനയൊടിച്ചതും റഷ്യൻ നിർമിത 'എസ് 400 ഡിഫൻസ് സിസ്റ്റം' ആയിരുന്നു.
എന്നാൽ പാകിസ്ഥാൻ്റെ പ്രകോപനങ്ങൾക്ക് കടുത്ത രീതിയിൽ തന്നെ ഇന്ത്യൻ സൈന്യം മറുപടി നൽകിയത് പാകിസ്ഥാൻ്റെ വ്യോമ പ്രതിരോധ റഡാറുകൾ നിർവീര്യമാക്കിയായിരുന്നു. ഇതിനായി സൈന്യം തെരഞ്ഞെടുത്തത് ഹാർപി (HARPY) ഡ്രോണുകളായിരുന്നു. പാക് വ്യോമ പ്രതിരോധ റഡാറുകളെ നിർവീര്യമാക്കാൻ ഇന്ത്യയുടെ ഹാർപി ഡ്രോണുകൾക്ക് സാധിച്ചതെങ്ങനെ?
ഹാർപി ഡ്രോണുകളുടെ സവിശേഷതകൾ എന്തൊക്കെ?
എതിരാളികളുടെ റഡാർ പ്രതിരോധപ്പൂട്ടുകൾ ഫലപ്രദമായി തുറക്കാനും നശിപ്പിക്കാനുമായി പ്രത്യേകം രൂപകൽപ്പന ചെയ്യപ്പെട്ട ഡ്രോണുകളാണിവ. സീഡ് (SEAD) Suppression of Enemy Air Defences ഓപ്പറേഷനുകളിൽ പ്രയോഗിക്കാനാണിത് ഉപയോഗിക്കുന്നത്. ഇതിന് ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കൾ വഹിക്കാനും, ഉയർന്ന തോതിൽ റേഡിയേഷൻ പ്രവഹിപ്പിക്കുന്ന ശത്രുരാജ്യത്തിൻ്റെ റഡാർ കേന്ദ്രങ്ങളെ നശിപ്പിക്കാനും ശേഷിയുണ്ട്.
ഒരു നിർദിഷ്ട മേഖലയിൽ കടന്നുചെന്ന് ശത്രുതാവളങ്ങൾ തിരിച്ചറിയാനും നശിപ്പിക്കാനും ശേഷിയുള്ള അത്യാധുനിക ഡ്രോണുകളാണ് ഹാർപി വിഭാഗത്തിലുള്ളത്. പ്രത്യേകം ഫ്രീക്വൻസികളിൽ പ്രവർത്തിക്കുന്ന ശത്രുക്കളുടെ ഉപകരണങ്ങൾ തിരിച്ചറിയുകയും, എത്ര അസാധ്യമായ ഡയറക്ഷനിലും സഞ്ചരിക്കാനും (നേരെ കുത്തനെയും താഴേക്ക് ഊളിയിട്ടും പറന്ന് ചെല്ലാനുള്ള ശേഷിയുണ്ട്) നശിപ്പിക്കാനും ശേഷിയുണ്ട്. ഡേ-നൈറ്റ് ഓപ്പറേഷനുകൾ ആകട്ടെ, എത്ര കടുത്ത ആക്രമണങ്ങളുമാകട്ടെ തുടർച്ചയായി ഒൻപത് മണിക്കൂർ ഇടതടവില്ലാതെ പ്രവർത്തിക്കാൻ ശേഷിയുള്ളവയാണിവ.
ഇന്ത്യയുടെ സുദർശന ചക്രമെന്നറിയപ്പെടുന്ന 'എസ് 400 ഡിഫൻസ് സിസ്റ്റം'
റഷ്യൻ നിർമിതമായ 'എസ് 400 ഡിഫൻസ് സിസ്റ്റം' ഏറെ അത്യാധുനികമായ വ്യോമ പ്രതിരോധ സംവിധാനമാണ്. ലോകത്തെ തന്നെ ഏറ്റവും മികച്ച വ്യോമ പ്രതിരോധ സംവിധാനങ്ങളിൽ മികച്ചതെന്ന് വിശേഷിപ്പിക്കാം ഈ റഡാർ സംവിധാനത്തെ. ഇന്ത്യ സൈന്യം ഇതിനെ 'സുദർശന ചക്രം' എന്നാണ് വിശേഷിപ്പിക്കുന്നത്. 600 കിലോ മീറ്റർ ദൂരെ നിന്നുള്ള മിസൈലുകളെ പോലും തിരിച്ചറിയാനും, 400 കിലോ മീറ്റർ പരിധിയിൽ വെച്ച് പ്രതിരോധ മിസൈലുകൾ കൊണ്ട് ആക്രമിച്ച് തകർക്കാനും ശേഷിയുണ്ട്.