ബ്രിട്ടൻ പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി എന്നിവർ ഹമാസിനെ "ശക്തിപ്പെടുത്തുന്നു"എന്നും നെതന്യാഹു ആരോപിക്കുന്നു
ഗാസയിൽ തുടരുന്ന ആക്രമണങ്ങളെ രൂക്ഷമായി വിമർശിച്ച രാജ്യങ്ങൾക്കെതിരെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ബ്രിട്ടൻ, ഫ്രാൻസ്, കാനഡ എന്നീ രാജ്യങ്ങളിലെ നേതാക്കൾ ഹമാസിനൊപ്പം നിൽക്കുന്നുവെന്ന ആരോപണമാണ് ഇസ്രയേൽ പ്രധാനമന്ത്രി ഉന്നയിക്കുന്നത്. ബ്രിട്ടൻ പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ, കനേഡിയൻ പ്രധാനമന്ത്രി മാർക് കാർണി എന്നിവർ ഹമാസിനെ "ശക്തിപ്പെടുത്തുന്നു"എന്നും നെതന്യാഹു ആരോപിക്കുന്നു.
നിങ്ങൾ മനുഷ്യത്വത്തിൻ്റെയും ചരിത്രത്തിൻ്റെയും തെറ്റായ ഭാഗത്താണ്. കൂട്ടക്കൊലപാതകികൾ, ബലാത്സംഗികൾ, കുഞ്ഞുങ്ങളെ കൊലപ്പെടുത്തുന്നവർ, തട്ടിക്കൊണ്ടുപോകുന്നവർ എന്നിവർക്കൊപ്പമാണ് നിലക്കൊള്ളുന്നതെന്ന് ഇമ്മാനുവൽ മാക്രോണിനോടും, മാർക് കാർണിയോടും, കെയർ സ്റ്റാർമറിനോടുമായി നെതന്യാഹു പറഞ്ഞു. "ഫ്രാൻസ്, ബ്രിട്ടൻ, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കൾ ഈ ലളിതമായ സത്യം എങ്ങനെ ഒഴിവാക്കുന്നുവെന്ന് എനിക്ക് ഒരിക്കലും മനസിലാകുന്നില്ല", എന്നും നെതന്യാഹു പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു. ഇസ്രയേലിനെ നശിപ്പിക്കാനും ജൂത ജനതയെ ഉന്മൂലനം ചെയ്യാനും ഹമാസ് ആഗ്രഹിക്കുന്നുവെന്ന് നെതന്യാഹു പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു.
മുൻ ഇസ്രയേൽ പ്രധാനമന്ത്രി എഹുദ് ഒൽമെർട്ട് നിലവിലെ ഭരണകൂടത്തെ "ഒരു ഗുണ്ടകളുടെ സംഘം" എന്നാണ് വിശേഷിപ്പിച്ചതെന്ന് ബിബിസി വേൾഡ് സർവീസിന്റെ ന്യൂസ്അവർ പ്രോഗ്രാമിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞുവെന്നും റിപ്പോർട്ടുണ്ട്.
കഴിഞ്ഞ ദിവസം, യുകെ, ഫ്രാൻസ്,കാനഡ എന്നീ രാജ്യങ്ങൾ ഗാസയിലെ ഇസ്രയേൽ സൈനിക നടപടിയേയും, മാനുഷിക സഹായം നിഷേധിക്കുന്നതിനെതിനേയും അപലപിക്കുകയും, സൈനിക നീക്കം നിർത്തിയില്ലെങ്കിൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
2023 ഒക്ടോബർ 7 ന് ഹമാസിൻ്റെ അതിർത്തി കടന്നുള്ള ആക്രമണത്തിന് മറുപടിയായി ഇസ്രയേൽ ഗാസയിൽ സൈനിക നീക്കം ആരംഭിച്ചു.അതിൽ ഏകദേശം 1,200 പേർ കൊല്ലപ്പെടുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. അതിനുശേഷം ഗാസയിൽ 16,500 കുട്ടികൾ ഉൾപ്പെടെ കുറഞ്ഞത് 53,762 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പ്രദേശത്തെ ഹമാസ് നിയന്ത്രിക്കുന്ന ആരോഗ്യ മന്ത്രാലയം അറിയിച്ചു.