fbwpx
രഥോത്സവത്തിൻ്റെ നാട്ടിലെ രാഷ്ട്രീയത്തേരിലേക്ക് ആര്?
logo

പ്രിയ പ്രകാശന്‍

Last Updated : 29 Oct, 2024 05:19 PM

പാലക്കാട്ടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തോട് അടുക്കുമ്പോള്‍, ചൂടും ചൂരും ഏറുകയാണ്. പതിവ് അവകാശവാദങ്ങളെ കൂട്ടുപിടിച്ചിരിക്കാതെ, കനത്ത ചൂടിലും ജനങ്ങളുടെ മനസ് പിടിച്ചെടുക്കാനുള്ള കഠിന പ്രയത്നത്തിലാണ് മുന്നണികള്‍

KERALA BYPOLL


പാലക്കാട് ജില്ലയിലെ പാലക്കാട് നഗരസഭയും പാലക്കാട് താലൂക്കിലെ കണ്ണാടി, പിരായിരി എന്നീ ഗ്രാമപഞ്ചായത്തുകളും ആലത്തൂർ താലൂക്കിലെ മാത്തൂർ ഗ്രാമപഞ്ചായത്തും ഉൾക്കൊള്ളുന്നതാണ് പാലക്കാട് നിയമസഭാമണ്ഡലം. മണ്ഡല പുനര്‍നിര്‍ണയത്തിനൊപ്പം, രാഷ്ട്രീയക്കാറ്റ് മാറിമാറി വീശുന്ന ചരിത്രമുണ്ട് പാലക്കാടിന്.

രാഷ്ട്രീയ പോര്‍ക്കളത്തില്‍ സ്വതന്ത്രരെ അകമഴിഞ്ഞ് സഹായിച്ചിട്ടുള്ള മണ്ഡലം, ഇടത്തേക്കും വലത്തേക്കുമൊക്കെ സഞ്ചരിച്ചിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ മൂന്ന് തവണയായി അവിടെ ജയിച്ചുകയറുന്നത് കോണ്‍ഗ്രസിന്റെ ഷാഫി പറമ്പിലാണ്. അതില്‍ രണ്ട് തവണയും പ്രധാന എതിരാളി ബിജെപി ആയിരുന്നു എന്നതാണ് പ്രത്യേകത. ഇടതുപക്ഷത്തെ മൂന്നാം സ്ഥാനത്തേക്ക് തള്ളിക്കൊണ്ടാണ് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മണ്ഡലത്തില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ, ഗൗരവമൊട്ടും ചോരാതെയാണ് മൂന്ന് മുന്നണികളും പ്രചാരണം തുടരുന്നത്.


ALSO READ: 'ഒന്നും മറക്കില്ല രാമാ... ഈ സോഷ്യൽ മീഡിയ...' ; ഓണ്‍ എയറിലായി പി. സരിന്‍റെ പഴയ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍


യുഡിഎഫിനായി രാഹുല്‍ മാങ്കൂട്ടത്തിലും ഇടതുപക്ഷത്തിനായി പി. സരിനും എന്‍ഡിഎയ്ക്കായി സി.കൃഷ്ണകുമാറുമാണ് മത്സരരംഗത്തുള്ളത്. ജനവിധി എന്താകുമെന്ന് പ്രവചിക്കാനാവാത്ത സാഹചര്യത്തിലും തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുന്നണികളും സ്ഥാനാര്‍ഥികളും. സ്വാതന്ത്ര്യാനന്തരം തിരുവിതാംകൂര്‍-കൊച്ചി നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായ കെ. രാമകൃഷ്ണനാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. കോണ്‍ഗ്രസിലെ പി. വാസുമേനോനെയായിരുന്നു രാമകൃഷ്ണന്‍ പരാജയപ്പെടുത്തിയത്.


1957ലും 1960ലും ആര്‍. രാഘവമേനോനും സ്വതന്ത്ര സീറ്റില്‍ വിജയിച്ചു. സിപിഐയിലെ എം.പി. കുഞ്ഞിരാമനും കെ.സി. ഗോപാലനുണ്ണിയുമായിരുന്നു രാഘവമേനോനോട് തോല്‍വിയറിഞ്ഞത്. 1965ല്‍ മണ്ഡലം ഇടതിനോട് ചായ്ഞ്ഞു. സിപിഎമ്മിലെ എം.വി. വാസു കോണ്‍ഗ്രസിലെ കെ. പ്യാരിജാന്‍ സുന്ന സഹേബിനെയാണ് പരാജയപ്പെടുത്തിയത്. 1967ലും 1970ലും സിപിഎമ്മിലെ ആര്‍. കൃഷ്ണനാണ് ജയിച്ചത്. കോണ്‍ഗ്രസില്‍നിന്ന് കെ. ശങ്കരനാരായണനും, സ്വതന്ത്രനായി മത്സരിച്ച എ. ചന്ദ്രന്‍ നായരുമാണ് കൃഷ്ണനോട് തോറ്റത്. ജനസംഘത്തിനായി മത്സരിച്ച (ബിജഎസ്) ഒ. രാജഗോപാലായിരുന്നു രണ്ട് തവണയും മൂന്നാം സ്ഥാനത്തെത്തിയത്.


1977 മുതല്‍ 1991 വരെ നടന്ന അഞ്ച് തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചത് സി.എം സുന്ദരം ആയിരുന്നു. പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി 1977, 1980, 1982 തെരഞ്ഞെടുപ്പില്‍ ജയിച്ച സുന്ദരത്തിനു മുന്നില്‍ സിപിഎം, കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് ഒരുപോലെ കാലിടറി. 1987ല്‍ കോണ്‍ഗ്രസ് സുന്ദരത്തിന് പിന്തുണ നല്‍കി. 1991ല്‍ സുന്ദരം കോണ്‍ഗ്രസ് സീറ്റിലാണ് മത്സരിച്ച് ജയിച്ചു.


തുടര്‍ച്ചയായ ആറാം വിജയം പ്രതീക്ഷിച്ച് 1996ല്‍ പോരാട്ടത്തിനിറങ്ങിയ സുന്ദരത്തിന് സിപിഎമ്മിലെ ടി.കെ. നൗഷാദിനു മുന്നില്‍ കാലിടറി. 596 വോട്ടുകള്‍ക്കായിരുന്നു നൗഷാദിന്റെ ജയം. പക്ഷേ, 2001ല്‍ നൗഷാദിന് തോല്‍വി പിണഞ്ഞു. കെ. ശങ്കരനാരായണനിലൂടെയാണ് കോണ്‍ഗ്രസ് വിജയം പിടിച്ചെടുത്തത്. 2006ല്‍ വീണ്ടും ഇടതു മുന്നണി വിജയം സ്വന്തമാക്കി. സിപിഎമ്മിലെ കെ.കെ. ദിവാകരനായിരുന്നു കോണ്‍ഗ്രസിലെ എ.വി. ഗോപിനാഥനെ പരാജയപ്പെടുത്തിയത്.


ALSO READ: അഭിപ്രായ ഭിന്നതകൾ വോട്ടിനെ ബാധിക്കില്ല, മറ്റ് രാഷ്ട്രീയ പാർട്ടികളിലെ അസ്വാരസ്യങ്ങൾ കോണ്‍ഗ്രസിന് ഗുണമാകും: രാഹുല്‍ മാങ്കൂട്ടത്തില്‍


സ്വതന്ത്രര്‍ക്കൊപ്പം നിലകൊണ്ടും, ഇടതും വലതുമായി മാറിമാറി വീശിയ പാലക്കാടിലെ രാഷ്ട്രീയക്കാറ്റ് കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളില്‍ ഐക്യജനാധിപത്യ മുന്നണിക്കൊപ്പമാണ്. 2011, 2016, 2021 വര്‍ഷങ്ങളില്‍ കോണ്‍ഗ്രസിനായി കളത്തിലിറങ്ങിയ ഷാഫി പറമ്പിലാണ് വിജയിച്ചത്. 2011ല്‍ കെ.കെ. ദിവാകരനെ പരാജയപ്പെടുത്തിക്കൊണ്ടാണ് ഷാഫി ജയിച്ചത്. എന്നാല്‍, കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന്റെ പ്രധാന മത്സരം ബിജെപിയുമായിട്ടായിരുന്നു. 2016ല്‍ ശോഭാ സുരേന്ദ്രനും 2021ല്‍ ഇ. ശ്രീധരനുമാണ് രണ്ടാം സ്ഥാനത്തെത്തിയത്. 2016ല്‍ എന്‍.എന്‍. കൃഷ്ണദാസിലൂടെ മൂന്നാം സ്ഥാനത്തേക്ക് പതിച്ച ഇടതുപക്ഷത്തിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സി.പി പ്രമോദിലൂടെ നില മെച്ചപ്പെടുത്താനായെങ്കിലും മൂന്നാം സ്ഥാനംകൊണ്ട് തന്നെ തൃപ്തിപ്പെടേണ്ടിവന്നു.


47641 വോട്ട് നേടിയാണ് ഷാഫി പറമ്പിൽ പാലക്കാട് ആദ്യ വിജയം രേഖപ്പെടുത്തിയത്. എതിര്‍ സ്ഥാനാർഥി കെ.കെ ദിവാകരന് 40238 വോട്ടുണ്ടായിരുന്നു. ബിജെപിക്കായി മത്സരിച്ച സി. ഉദയശങ്കര്‍ മൂന്നാം സ്ഥാനത്തുമായിരുന്നു. 2016ല്‍ തെരഞ്ഞെടുപ്പ് രംഗം ആകെ മാറിമറിഞ്ഞു. ഷാഫിയെ പാലക്കാടുകാര്‍ കൈവിട്ടില്ല.


പക്ഷേ, ഇടത് സ്ഥാനാർഥി എൻ.എൻ. കൃഷ്ണദാസിനെ പിന്നിലാക്കിക്കൊണ്ട് ബിജെപി രണ്ടാം സ്ഥാനത്തെത്തി. ശോഭ സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കിയ ബിജെപി നീക്കം ഫലം കാണുകയായിരുന്നു. ഷാഫി 57,559 വോട്ട് നേടി തെരഞ്ഞടുപ്പ് ഗോദയിൽ വിജയക്കൊടി ഉയർത്തി, വോട്ട് ശതമാനം 41.77. ശോഭ സുരേന്ദ്രനിലൂടെ 40,076 വോട്ടാണ് ബിജെപിയുടെ അക്കൗണ്ടിലെത്തിയത്. അതായത് 29.08 % വോട്ട്. മുന്നാം സ്ഥാനത്തെത്തിയ കൃഷ്ണദാസിന് 38,675 വോട്ട് മാത്രമേ നേടാൻ സാധിച്ചുള്ളു. ഇടതു പക്ഷത്തിൻ്റെ നെഞ്ചിലേറ്റ ആദ്യത്തെ ആഘാതമായിരുന്നു അത്.


ഹാട്രിക് വിജയത്തിനായി 2021ൽ ജനവിധി തേടിയിറങ്ങിയ ഷാഫിയുടെ നീക്കം വെറുതെയായില്ല. വീണ്ടും കൈ പിടിച്ച പാലക്കാടൻ ജനത, ഇടതുപക്ഷത്തെ വീണ്ടും മൂന്നാം സ്ഥാനത്തേക്ക് തട്ടിമാറ്റി. മെട്രോമാനായ ഇ.ശ്രീധരൻ, ബിജെപിയുടെ സ്വാധീനം പാലക്കാടൻ മണ്ണിൽ ഒന്നുകൂടി ഉറപ്പിച്ചു. താമരയെ വാടാതെ നിലനിർത്തിയെന്നു കാണിച്ചു തെരഞ്ഞടുപ്പ് കൂടിയായിരുന്നു അത്. ഷാഫിക്ക് ലഭിച്ചത് 54079 വോട്ടുകള്‍. രണ്ടാം സ്ഥാനത്തെത്തിയ എന്‍ഡിഎ സ്ഥാനാര്‍ഥി ശ്രീധരന് കിട്ടിയത് 50220 വോട്ടുകള്‍. സി.പി. പ്രമോദിന് ലഭിച്ചത് 36433 വോട്ടുകളും. ഷാഫിയും ശ്രീധരനും തമ്മിലുള്ള വോട്ടകലം വെറും 3859 വോട്ട് മാത്രമായിരുന്നു.


ALSO READ: പാർട്ടി വിടല്‍, സമവായം, ഭിന്നത; പാലക്കാട് തെരഞ്ഞെടുപ്പിനോട് അടുക്കുമ്പോള്‍ പാളയത്തിലെ പടനീക്കം തടയാന്‍ മുന്നണികള്‍


പാലക്കാടിൻ്റെ രാഷ്ട്രീയ മനസ് പിടിച്ചുപറ്റാന്‍ 1967 മുതല്‍ ബിജെപി നടത്തിയ ശ്രമങ്ങള്‍ വിജയത്തോട് ഏറെയടുത്തിരിക്കുന്നുവെന്ന തോന്നലുകള്‍ ബാക്കിവെക്കുന്നതായിരുന്നു 2021ലെ തെരഞ്ഞെടുപ്പ് ഫലം. യുഡിഎഫും എന്‍ഡിഎയും തമ്മിലുള്ള ജനാധിപത്യ പോരാട്ടഭൂമിയായി പാലക്കാട് മണ്ണ് മാറിയ സാഹചര്യത്തില്‍ കൂടിയാണ് ഉപതെരഞ്ഞെടുപ്പ്. ഇക്കുറിയും സങ്കീര്‍ണമായ രാഷ്ട്രീയാന്തരീക്ഷത്തിലാണ് മുന്നണികള്‍ ജനവിധി തേടുന്നത്. അതുകൊണ്ട് തന്നെ സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചകള്‍ ചൂടുപിടിച്ചത്.


ഷാഫിക്ക് പകരക്കാരനാകാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെയാണ് കോണ്‍ഗ്രസ് തീരുമാനിച്ചത്. എന്നാല്‍, രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തിലുള്ള അതൃപ്തി കോണ്‍ഗ്രസിനെയാകെ ചൂഴ്ന്നുനിന്നു. യുവാക്കളായ നേതാക്കള്‍ ഉള്‍പ്പെടെ പരസ്യപ്രതികരണമായി രംഗത്തെത്തി. പി.സരിന്‍, എ.കെ ഷാനിബ് എന്നിവര്‍ കോണ്‍ഗ്രസില്‍നിന്ന് പുറത്തുവന്നു. പി. സരിന്‍ സിപിഎമ്മിലേക്ക് ചാഞ്ഞു. സ്ഥാനാര്‍ഥി പ്രഖ്യാപനത്തെക്കുറിച്ച് അതുവരെ യാതൊരു സൂചനയും നല്‍കാതിരുന്ന ഇടതുപക്ഷം സരിനെ പാലക്കാട് സ്ഥാനാര്‍ഥിയാക്കി.


ALSO READ: ഒന്നുകിൽ കോൺഗ്രസിനെ പിന്തുണയ്ക്കണം, അല്ലെങ്കിൽ മൂന്ന് മുന്നണികളോടും മത്സരിച്ച് കരുത്തുകാട്ടണം; വെട്ടിലായി പി.വി. അൻവർ


അതേസമയം, ഷാനിബ് പാലക്കാട് വിമതനായി മത്സരിക്കാന്‍ രംഗത്തെത്തി. എന്നാല്‍ സരിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ, ഷാനിബ് മത്സരത്തില്‍നിന്ന് പിന്മാറി. ഇരുവരും ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പാലക്കാട് സരിനെ പിന്തുണയ്ക്കുമെന്ന് ഷാനിബ് നിലപാടും അറിയിച്ചു. പി. സരിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെ, ഇടത്-വലത് മുന്നണി നേതാക്കളുടെ രാഷ്ട്രീയ പോര്‍വിളികളും ആരോപണ-പ്രത്യാരോപണങ്ങളും മുറുകി.


സരിനെ ചേര്‍ത്തുപിടിച്ചതിനു പിന്നാലെ, അദ്ദേഹം ഉയര്‍ത്തിവിട്ട ആക്ഷേപങ്ങള്‍ ആവര്‍ത്തിച്ചായിരുന്നു ഇടതു നേതാക്കളുടെ ആക്രമണം. സ്വന്തമായൊരു സ്ഥാനാര്‍ഥിയെ കണ്ടെത്താനാകാതെ, സ്ഥാനമോഹിയായി പാര്‍ട്ടി വിട്ടൊരാളെ പാലക്കാട് നിര്‍ത്തിയ ഇടതു നിലപാടുകളെയായിരുന്നു കോണ്‍ഗ്രസും മുന്നണി നേതാക്കളും കടന്നാക്രമിച്ചത്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെ, വിമത ചര്‍ച്ചകള്‍ക്കും നീക്കങ്ങളുമൊക്കെ ഇരു മുന്നണിയിലും സംഭവിക്കുന്നുമുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി ശോഭാ സുരേന്ദ്രന്‍ വന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍, പിന്നീട് സി. കൃഷ്ണകുമാറിലേക്ക് എത്തി.


ALSO READ: പാലക്കാട് LDF - UDF ഡീൽ പൊളിഞ്ഞ് പാളീസാകും; മെട്രോ മാനെ വർഗീയവാദിയാക്കിയതിന്റെ പാപഭാരം എൽഡിഎഫ് അനുഭവിക്കും


മാറിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കൊപ്പം, ഇടത്, വലത് മുന്നണികള്‍ നേരിടുന്ന വിമതശല്യവും പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ പ്രവര്‍ത്തനങ്ങള്‍. മണ്ഡലത്തില്‍ വര്‍ധിക്കുന്ന വോട്ട് ശതമാനവും, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ച കുതിപ്പുമൊക്കെ ഇക്കുറി തുണയ്ക്കുമെന്നാണ് ബിജെപിയുടെ കണക്കുക്കൂട്ടല്‍.


പാലക്കാട്ടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തോട് അടുക്കുമ്പോള്‍, ചൂടും ചൂരും ഏറുകയാണ്. പതിവ് അവകാശവാദങ്ങളെ കൂട്ടുപിടിച്ചിരിക്കാതെ, കനത്ത ചൂടിലും ജനങ്ങളുടെ മനസ് പിടിച്ചെടുക്കാനുള്ള കഠിന പ്രയത്നത്തിലാണ് മുന്നണികള്‍. കാല്‍പ്പാത്തി രഥോത്സവത്തിന്റെ ആഘോഷനാളുകള്‍ക്കൊപ്പമാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ പങ്കാളിയാകുന്നത്. അത് വോട്ടെടുപ്പിനെയും വോട്ടിങ് ശതമാനത്തെയും ബാധിക്കുന്നത് എങ്ങനെ ഫലത്തെ ബാധിക്കുമെന്നതും പ്രധാനമാണ്.

IFFK 2024
പ്രേക്ഷക പങ്കാളിത്തം കൊണ്ട് ഐഎഫ്എഫ്കെ ലോകശ്രദ്ധയാകർഷിക്കുന്നു: മന്ത്രി സജി ചെറിയാൻ
Also Read
user
Share This

Popular

WORLD
IFFK 2024
WORLD
ഹോസ്വ ബൈഹൂഹ് ഫ്രാൻസിൻ്റെ പ്രധാനമന്ത്രിയാകും; പ്രഖ്യാപനവുമായി ഇമ്മാനുവേൽ മാക്രോൺ