കാനഡയിൽ ഖലിസ്ഥാൻ ആക്രമണം, ഹിന്ദു ക്ഷേത്രത്തിനുള്ളിൽ കടന്നുകയറി വിശ്വാസികളെ മർദിച്ചു

അക്രമം അംഗീകരിക്കാനാവില്ലെന്നും ഓരോ കാനഡക്കാരനും സ്വതന്ത്രമായി വിശ്വാസം ആചരിക്കാൻ അവകാശമുണ്ടെന്നും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രതികരിച്ചു
കാനഡയിൽ ഖലിസ്ഥാൻ ആക്രമണം, ഹിന്ദു ക്ഷേത്രത്തിനുള്ളിൽ കടന്നുകയറി വിശ്വാസികളെ മർദിച്ചു
Published on

കാനഡയിലെ ബ്രാംപ്റ്റണിൽ ക്ഷേത്രത്തിന് നേരെ ഖലിസ്ഥാൻ ആക്രമണം. ഹിന്ദുമഹാസഭയുടെ ക്ഷേത്രത്തിനുള്ളിൽ കടന്നുകയറി അക്രമികൾ വിശ്വാസികളെ മർദിച്ചു. ഖലിസ്ഥാൻ പതാകയുമായി എത്തിയ സംഘമാണ് വിശ്വാസികൾക്ക് നേരെ ആക്രമണം അഴിച്ചു വിട്ടത്. അക്രമം അംഗീകരിക്കാനാവില്ലെന്നും ഓരോ കാനഡക്കാരനും സ്വതന്ത്രമായി വിശ്വാസം ആചരിക്കാൻ അവകാശമുണ്ടെന്നും പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രതികരിച്ചു.

കൂടാതെ സമൂഹത്തെ സംരക്ഷിക്കുന്നതിനും സംഭവം അന്വേഷിക്കുന്നതിനും വേഗത്തിൽ ഇടപെട്ടതിന് പൊലീസിന് അദ്ദേഹം നന്ദി പറഞ്ഞു. ആക്രമണത്തിൽ കാനഡ മന്ത്രി അനിത ആനന്ദും ആശങ്ക രേഖപ്പെടുത്തി. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ അറസ്റ്റ് ചെയ്യുകയും കുറ്റം ചുമത്തുകയും ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

"എവിടെയും അക്രമം തെറ്റാണെന്നും, സമാധാനത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു കൊണ്ടാണ് സിഖ് എംപിയായ ജഗ്മീത് സിംഗ് പ്രതികരിച്ചത്. "ഓരോ കാനഡക്കാരനും സമാധാനത്തോടെ അവരുടെ ആരാധനാലയം സന്ദർശിക്കാൻ സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. ഹിന്ദു സഭാ മന്ദിറിലെ അക്രമ സംഭവങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും സമാധാനത്തിനായി ആഗ്രഹിക്കുന്ന സമുദായ നേതാക്കൾക്ക് താൻ പിന്തുണ അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: ഇറാനിൽ അടിവസ്ത്രം ധരിച്ച് പ്രതിഷേധിച്ച യുവതി; ഹിജാബിന് വിലക്കേർപ്പെടുത്തിയ ഫ്രാൻസ്; വസ്ത്ര സ്വാതന്ത്ര്യം ഹനിക്കുന്ന ഭരണകൂടങ്ങൾ

സമാധാനപരമായും സുരക്ഷിതമായും പ്രതിഷേധിക്കാനുള്ള അവകാശത്തെ ഞങ്ങൾ മാനിക്കുന്നു, എന്നാൽ അക്രമവും ക്രിമിനൽ പ്രവൃത്തികളും വെച്ചുപൊറുപ്പിക്കില്ലെന്ന് പീൽ റീജിയണൽ പൊലീസ് മേധാവി നിഷാൻ ദുരൈയപ്പ പറഞ്ഞു. ഹിന്ദു ക്ഷേത്രത്തിന് നേരെ നടക്കുന്ന അക്രമങ്ങളെക്കുറിച്ച് കേട്ടതിൽ നിരാശയുണ്ടെന്ന് ബ്രാംപ്റ്റൺ മേയർ പാട്രിക് ബ്രൗൺ വ്യക്തമാക്കി. "മതസ്വാതന്ത്ര്യം കാനഡയിൽ അടിസ്ഥാന അവകാശമാണ്. എല്ലാവർക്കും അവരുടെ ആരാധനാലയങ്ങളിൽ സുരക്ഷിതരായിരിക്കണം. ആരാധനാലയത്തിന് നേരെയുള്ള ഏത് അക്രമങ്ങളേയും ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.


ക്ഷേത്രത്തിന് നേരെയുള്ള ഖലിസ്ഥാനി ആക്രമണത്തെ അപലപിച്ചാണ് കനേഡിയൻ എംപി ചന്ദ്ര ആര്യ രംഗത്തെത്തിയത്. കാനഡയിലെ ക്രൂരവും അക്രമാസക്തവുമായ തീവ്രവാദത്തിൻ്റെ ഉയർച്ചയാണ് ഈ ആക്രമണത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ആക്രമണത്തിനു മുമ്പ് 1984 ലെ സിഖ് വിരുദ്ധ കലാപത്തെ അനുസ്മരിക്കാൻ ഖാലിസ്ഥാൻ അനുകൂലികൾ പ്രകടനം നടത്തിയിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. സംഭവം പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. നിരവധി പൊലീസ് ഉദ്യോഗസ്ഥരെയാണ് സംഭവത്തെ തുടർന്ന് പ്രശ്നബാധിത മേഖലയിൽ വിന്യസിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com