
ശതകോടീശ്വരൻ ഇലോൺ മസ്‌കിന് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനുമായും അദ്ദേഹത്തിൻ്റെ ഉന്നത ഉദ്യോഗസ്ഥരുമായുമുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യവുമായി സെനറ്റർമാർ. ഡെമോക്രാറ്റിക് പാർട്ടി റോഡെ ഐലൻ്റ് സെനറ്ററായ ജാക്ക് റീഡ്, ന്യൂ ഹാംപ്ഷയർ സെനറ്ററായ ജിയാൻ ഷഹീൻ എന്നിവരാണ് ആവശ്യമറിയിച്ചത്.
ഒരു സർക്കാർ കരാറുകാരനെന്ന നിലയിലും ക്ലിയറൻസ് ഹോൾഡർ എന്ന നിലയിലും മസ്‌കിൻ്റെ വിശ്വാസ്യതയെക്കുറിച്ചുള്ള ഗുരുതരമായ ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സെനറ്റർമാർ അറ്റോണി ജനറൽ മെറിക്ക് ഗാർലൻ്റിനും, ഡിഫൻസ് വിഭാഗം ഇൻസ്പെക്ടർ ജനറൽ റോബർട്ട് സ്റ്റോർച്ചിനും കത്തയച്ചു. യുഎസ് എതിരാളി റഷ്യയുമായുള്ള മസ്‌കിൻ്റെ ബന്ധം ദേശീയ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുമോ എന്ന് പെൻ്റഗണും നീതിന്യായ വകുപ്പും അന്വേഷിക്കണമെന്നും സെനറ്റർമാർ ആവശ്യപ്പെടുന്നു.
യുഎസ് ദേശീയ സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണിയായി റഷ്യയുടെ ബഹിരാകാശ അഭിലാഷങ്ങൾ സെനറ്റർമാർ ചൂണ്ടിക്കാട്ടി. സമാനമായ ക്ലിയറൻസുകളുള്ള മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി, മസ്‌ക് തൻ്റെ ഉന്നത-രഹസ്യ ലെവൽ ക്ലിയറൻസുള്ള വിദേശ സർക്കാർ കോൺടാക്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് ആശങ്കാജനകമാണ്. യുഎസ് പ്രതിരോധത്തിലും ഇൻ്റലിജൻസ് ഇൻഫ്രാസ്ട്രക്ചറിലും സ്പേസ് എക്സിൻ്റെ ഇടപെടൽ ആശങ്കയുണ്ടാക്കുന്നതായും സെനറ്റർമാർ ചൂണ്ടിക്കാട്ടി.