ബില്ലുകളില്‍ തീരുമാനം എടുക്കുന്നതിന് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരായ രാഷ്ട്രപതിയുടെ നീക്കം പ്രതിരോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്റ്റാലിന്റെ കത്ത്
ബിജെപി ഇതര സംസ്ഥാനങ്ങൾക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ കത്ത്. ബില്ലുകളില്‍ തീരുമാനം എടുക്കുന്നതിന് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരായ രാഷ്ട്രപതിയുടെ നീക്കം പ്രതിരോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്റ്റാലിന്റെ കത്ത്. സുപ്രീംകോടതിയിലെ രാഷ്ട്രപതിയുടെ റഫറൻസിനെ എതിർക്കണമെന്ന് പ്രതിപക്ഷ മുഖ്യമന്ത്രിമാരോട് സ്റ്റാലിന്‍ കത്ത് മുഖേന ആവശ്യപ്പെട്ടു. പ്രതിപക്ഷ സർക്കാരുകളെ മുൻനിർത്തി സ്റ്റാലിൻ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു.
കേരളം ഉൾപ്പടെയുള്ള എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കാണ് സ്റ്റാലിൻ കത്തയച്ചത്. ഫെഡറലിസവും ഭരണഘടനയുടെ അടിസ്ഥാന ഘടനയും സംരക്ഷിക്കാനുള്ള നിയമപോരാട്ടത്തിന് പ്രതിപക്ഷം ഒന്നിച്ച് നിൽക്കണമെന്നാണ് കത്തിലെ ആവശ്യം. രാഷ്ട്രപതിയുടെ സുപ്രീം കോടതിയോടുള്ള 14 ചോദ്യങ്ങൾ തമിഴ്നാട് സംസ്ഥാന സർക്കാർ vs ഗവർണർ കേസിലെ വിധി ചോദ്യം ചെയ്യുന്നതാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
Also Read: ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി; സുപ്രീം കോടതിയില്‍ ചോദ്യങ്ങളുമായി രാഷ്ട്രപതി
തമിഴ്നാട് സര്‍ക്കാര്‍-ഗവര്‍ണര്‍ കേസില്‍ സംസ്ഥാന ബില്ലുകളില്‍ ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ച കോടതി വിധിയിലായിരുന്നു രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ഇടപെടൽ. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 200 പ്രകാരം ഒരു ബില്‍ അവതരിപ്പിക്കുമ്പോള്‍ ഗവര്‍ണര്‍ക്ക് ലഭ്യമായ ഭരണഘടനാ സാധ്യതകളേപ്പറ്റി സുപ്രീം കോടതിയുടെ അഭിപ്രായം അറിയിക്കാനാണ് രാഷ്ട്രപതി ആവശ്യപ്പെട്ടിരിക്കുന്നത്. പ്രസിഡൻഷ്യൽ റഫറൻസിനുള്ള സവിശേഷ അധികാരം ഉപയോഗിച്ച് 14 വിഷയങ്ങളില്‍ വ്യക്തത തേടിയാണ് രാഷ്ട്രപതി സുപ്രീം കോടതിയെ സമീപിച്ചത്. ബില്ലുകളില്‍ തീരുമാനമെടുക്കുന്ന കാര്യത്തില്‍ മന്ത്രിസഭയുടെ സഹായവും ഉപദേശം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍മാര്‍ ബാധ്യസ്ഥര്‍ ആണോയെന്ന ചോദ്യവും ദ്രൗപദി മുര്‍മു ഉന്നയിച്ചു.
രാഷ്ട്രപതി ബില്ലുകളില്‍ അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി മുന്‍പ് വ്യത്യസ്ത വിധികള്‍ പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഭരണഘടനയുടെ 143 (1) വകുപ്പ് പ്രകാരം ഇക്കാര്യത്തില്‍ വ്യക്തത തേടുന്നതെന്നും രാഷ്ട്രപതി സുപ്രീം കോടതിയില്‍ വ്യക്തമാക്കി.
ഏപ്രിൽ എട്ടിനാണ്, സംസ്ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ച് സുപ്രീം കോടതി ഉത്തരവിട്ടത്. തമിഴ്നാട് ഗവർണർക്കെതിരായ കേസിൽ ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ മഹാദേവൻ എന്നിവരുടേതായിരുന്നു വിധി.