നീചം, പൈശാചികം; പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് സുപ്രീം കോടതി

ബുദ്ധിശൂന്യമായ അക്രമത്തിൻ്റെ പൈശാചിക പ്രവൃത്തി എല്ലാവരുടെയും ഉള്ളുലച്ചിരിക്കുന്നു എന്നും പ്രമേയത്തിൽ പറയുന്നു
നീചം, പൈശാചികം; പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് സുപ്രീം കോടതി
Published on

ജമ്മുകശ്മീരിലെ പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് സുപ്രീം കോടതി. ഏപ്രിൽ 22ന് ജമ്മു കശ്മീരിലുണ്ടായ ആക്രമണത്തിന് പിന്നാലെ തീവ്രവാദ പ്രവർത്തനത്തെ പ്രതിരോധിക്കുന്നതിനുള്ള പ്രമേയം ഫുൾ കോർട്ട് ഏകകണ്ഠമായി അംഗീകരിച്ചു.

ബുദ്ധിശൂന്യമായ അക്രമത്തിൻ്റെ പൈശാചിക പ്രവൃത്തി എല്ലാവരുടെയും ഉള്ളുലച്ചിരിക്കുന്നു എന്നും, തീവ്രവാദം അഴിച്ചുവിടുന്ന ക്രൂരതയുടെയും മനുഷ്യത്വരാഹിത്യത്തിൻ്റെയും വ്യക്തമായ ഓർമപ്പെടുത്തലാണിതെന്നും പ്രമേയത്തിൽ പറയുന്നു. പഹൽഗാം ആക്രമണത്തിൽ കൊല്ലപ്പെട്ട നിരപരാധികൾക്ക് ആദരാഞ്ജലികളും സുപ്രീം കോടതി അറിയിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് അനുശോചനവും രേഖപ്പെടുത്തി. പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെ എന്നും രാജ്യം ജീവൻ നഷ്ടപ്പെട്ടവരോടും അവരുടെ കുടുംബാംഗങ്ങളോടും ഒപ്പമാണെന്നും സുപ്രീം കോടതി പറഞ്ഞു. ഇരകളോടും അവരുടെ ദുഃഖിതരായ കുടുംബങ്ങളോടും ഐക്യദാർഢ്യം രേഖപ്പെടുത്തുന്നതിൻ്റെ ഭാഗമായി ജഡ്ജിമാർ, അഭിഭാഷകർ, കോടതിയിലെ മറ്റ് ജീവനക്കാർ തുടങ്ങിയവർ കോടതി നടപടികൾ നിർത്തിവച്ച് രണ്ട് മിനിട്ട് മൗനം ആചരിച്ചു.

മറ്റൊരു പ്രമേയത്തിൽ സുപ്രീം കോടതി അഡ്വക്കേറ്റ്സ് ഓൺ റെക്കോർഡ് അസോസിയേഷനും രാജ്യത്തെ പിടിച്ചുലച്ച പഹൽഗാമിലെ നീചമായ ആക്രമണത്തെ ശക്തമായി അപലപിച്ചു. മതത്തിൻ്റെയും രാഷ്ട്രീയത്തിൻ്റെയും പേരിൽ നിഷ്കളങ്കരായ ജനങ്ങളെ കൊലപ്പെടുത്തുന്ന പ്രവണതയ്ക്ക് ഒരു അന്ത്യമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അസോസിയേഷൻ പ്രതികരിച്ചു.

അതേസമയം, രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം നടത്തിയ ഭീകരരേയും അവര്‍ക്ക് പിന്നിലുള്ള ഗൂഢാലോചനക്കാരേയും കണ്ടെത്താന്‍ ഊര്‍ജിതമായ അന്വേഷണത്തിലാണ് രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികള്‍. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള നിരോധിത ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബയ്ക്ക് (എല്‍ഇടി) കീഴിലുള്ള റെസിസ്റ്റന്‍സ് ഫ്രണ്ട് ചൊവ്വാഴ്ച തന്നെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com