
പൂരം വിഷയത്തിൽ ഇതുവരെ അന്വേഷണം നടന്നിട്ടില്ലെന്ന് കാണിക്കുന്ന വിവരാവകാശ രേഖ എന്ന തരത്തിൽ പ്രചരിക്കുന്ന റിപ്പോർട്ട് സത്യമാണോ എന്ന് പരിശോധിക്കണമെന്ന് മന്ത്രി കെ. രാജൻ. തൃശൂർ പൂരം കലക്കിയത് സംബന്ധിച്ച വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു കെ. രാജൻ. എഡിജിപി എം ആർ അജിത്ത് കുമാറിനെ മാറ്റണം എന്ന നിലപാടിൽ സിപിഐക്ക് മാറ്റമില്ലെന്നും മന്ത്രി പറഞ്ഞു.
വയനാട് ദുരന്തത്തിൻ്റെ എസ്റ്റിമേറ്റ് ചെലവ് എന്ന തരത്തിൽ പുറത്തുവന്ന കണക്ക് കേന്ദ്ര സർക്കാറിന് നൽകിയ മെമ്മോറാണ്ടമാണ്. ചെലവ് പെരുപ്പിച്ച് കാണിച്ചിട്ടില്ല. കേരളത്തിന് ഒരു പണവും നൽകാത്ത കേന്ദ്രസർക്കാർ നടപടിയേ എങ്ങനെ ന്യായീകരിക്കും. ഒരു രൂപയും നൽകാതെ കേരളം കൂടുതൽ പണം ചോദിച്ചു എന്നത് അപഹാസ്യമാണ്. കഴിഞ്ഞ കാലങ്ങളിൽ എത്ര പണം നൽകി എന്ന് ചിന്തിക്കണമെന്നും മന്ത്രി കെ. രാജൻ പറഞ്ഞു.
അതേസമയം, പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ എഡിജിപി അജിത് കുമാർ കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ പ്രതികരിച്ചിരുന്നു. കുറ്റവാളിയെ സംരക്ഷിക്കുന്ന നിലപാടല്ല സർക്കാരിൻ്റേത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഫയൽ എത്തിയപ്പോൾ വെച്ചു താമസിപ്പിച്ചിട്ടില്ല. കുറ്റവാളിയെ സംരക്ഷിക്കുന്ന നിലപാട് സർക്കാരിനില്ല. സർക്കാർ നിലപാട് കൃത്യമായി സ്വീകരിക്കും. വിജിലൻസ് അന്വേഷണ റിപ്പോർട്ട് വരട്ടെ. അപ്പോഴേ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിഷയത്തിൽ വ്യക്തത വരൂവെന്നും ടി.പി. രാമകൃഷ്ണൻ പ്രതികരിച്ചു.