മന്ത്രി കെ. രാജന്‍റെ പ്രസ്താവനയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കും: ബി. ഗോപാലകൃഷ്ണന്‍

ആർഎസ്എസ് ആണ് പൂരം കലക്കിയതെന്ന രാജന്റെ നിയമസഭയിലെ പ്രസ്താവന പച്ച നുണയാണെന്ന് ബി. ഗോപാലകൃഷ്ണൻ ന്യൂസ് മലയാളത്തോട് പറഞ്ഞു
മന്ത്രി കെ. രാജന്‍റെ പ്രസ്താവനയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കും: ബി. ഗോപാലകൃഷ്ണന്‍
Published on


തൃശൂര്‍ പൂരം കലക്കിയത് ആര്‍എസ്എസ് ആണെന്ന റവന്യൂ മന്ത്രി കെ. രാജന്‍റെ നിയമസഭയിലെ പ്രസ്താവനയ്‌‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് ബി. ഗോപാലകൃഷ്ണൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.

"ആർഎസ്എസ് ആണ് പൂരം കലക്കിയതെന്ന രാജന്റെ നിയമസഭയിലെ പ്രസ്താവന പച്ച നുണയാണ്. ആരോപണങ്ങൾ നിയമസഭയിൽ ഉന്നയിക്കുന്നത് നിസ്സാരമായ കാര്യമല്ല. അന്വേഷണം നടക്കും മുന്‍പ് പ്രതികളെ കണ്ടെത്തിയ രാജന്‍ നിയമ നടപടി നേരിണ്ടേി വരും. അടച്ചിട്ട മുറിയിൽ വി.എസ്. സുനിൽകുമാറും കെ. രാജനും തിരുവമ്പാടി ദേവസ്വവുമായി ചർച്ച നടത്തി. വടക്കുംനാഥ ക്ഷേത്രത്തിൽ വച്ച് രാജന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് വെടിക്കെട്ട് നടത്താൻ തീരുമാനമായത്. സുരേഷ് ഗോപി ചർച്ച ചെയ്യുന്നതിന് മുൻപ് ഇവരാരും എന്തുകൊണ്ട് എത്തിയില്ല," ഗോപാലകൃഷ്ണന്‍ ചോദിച്ചു.

പാറമേക്കാവ് ദേവസ്വത്തിനുള്ളിലെ തീപിടുത്തത്തിലും ശക്തൻ തമ്പുരാൻ്റെ പ്രതിമ തകർത്തതിലും അട്ടിമറിയുണ്ടോയെന്ന് പരിശോധിക്കണമെന്നും ബി. ഗോപാലകൃഷ്ണൻ പറഞ്ഞു. "തൃശൂരിലെ ക്ഷേത്രങ്ങളെ തകർക്കുക എന്നത് ചിലർ അജണ്ടയായി ഏറ്റെടുത്തിട്ടുണ്ട്. ആരാണ് അതിന് പിന്നിലെന്ന് കണ്ടെത്തണം. ശക്തൻ തമ്പുരാൻ്റെ പ്രതിമ തകർത്തതിന് പിന്നിലും അട്ടിമറിയുണ്ട്. പാറമേക്കാവ് അഗ്രശാലയിൽ ഉണ്ടായ തീപിടുത്തം സംബന്ധിച്ച അന്വേഷണവും അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ട്," ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് ആരോപിച്ചു.

പൂരം കലക്കാന്‍ നേതൃത്വം നല്‍കിയത് ആര്‍എസ്എസ് ആണെന്ന് കഴിഞ്ഞ ദിവസം മന്ത്രി രാജന്‍ നിയമസഭയില്‍ ആരോപിച്ചിരുന്നു. ഗൂഢാലോചനയ്ക്ക് പിന്നില്‍ ഉദ്യോഗസ്ഥരുണ്ടെങ്കില്‍ അവരും ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യരല്ല. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ തൃശൂര്‍ പൂരത്തെ ഉപയോഗിച്ച് മുതലെടുപ്പ് നടത്തരുതെന്ന് നേരത്തെ തന്നെ സര്‍വകക്ഷി യോഗത്തില്‍ പറഞ്ഞിരുന്നെന്നും രാജന്‍ നിയമസഭയില്‍ പറഞ്ഞു. പൂരത്തിനിടെയുണ്ടായ പൊലീസ് ഇടപെടലിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇതിന് പിന്നില്‍ അണിനിരന്ന ആളുകള്‍ ആരൊക്കെയെന്നത് പൊതുജനത്തിന് അറിയേണ്ടതുണ്ടെന്നും മന്ത്രി കെ രാജന്‍ പറഞ്ഞിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com