താൻ പോരിമയും ധിക്കാരവും മുഖമുദ്രയാക്കിയ സതീശന്, രാജഭരണത്തെ ഓർമിപ്പിക്കുന്ന തരത്തിലുള്ള പെരുമാറ്റമാണെന്നായിരുന്നു സരിൻ്റെ ആരോപണം
ഡോ. പി. സരിൻ്റെ ആരോപണങ്ങളെ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സിപിഎം നേതാക്കൾ തയ്യാറാക്കി നൽകിയ കഥ സരിൻ അവതരിപ്പിക്കുകയായിരുന്നെന്നാണ് വി.ഡി. സതീശൻ്റെ പക്ഷം. സിപിഎമ്മിൽ പോകാൻ തീരുമാനിച്ച ഒരാൾ പത്രസമ്മേളനത്തിൽ തനിക്ക് അനുകൂലമായി സംസാരിക്കില്ലെന്നും സതീശൻ പറഞ്ഞു. താൻപോരിമയും ധിക്കാരവും മുഖമുദ്രയാക്കിയ സതീശന്, രാജഭരണത്തെ ഓർമിപ്പിക്കുന്ന തരത്തിലുള്ള പെരുമാറ്റമാണെന്നായിരുന്നു സരിൻ്റെ ആരോപണം.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ സാക്ഷാൽ കെ.വി. തോമസ് സിപിഎം വേദിയിൽ പോയിട്ടും ചലനമുണ്ടായില്ല പിന്നെയല്ലേ സരിനെന്നും വി.ഡി,സതീശൻ പരിഹസിച്ചു. ബിജെപി സ്ഥാനാർഥിയാകാൻ ശ്രമിച്ച് നടക്കാത്തത് കൊണ്ടാണ് സരിൻ സിപിഎമ്മിനെ സമീപിച്ചത്. സിപിഎം സരിന് നൽകിയ മറുപടി എന്താണെന്നത് വ്യക്തമല്ല. സരിൻ ഉയർത്തിയ ആരോപണങ്ങളെല്ലാം സിപിഎം നരേറ്റീവാണ്. എം.ബി. രാജേഷ് എഴുതിക്കൊടുത്ത വാക്കുകളാണ് ഇന്ന് സരിൻ പത്രസമ്മേളനത്തിൽ വായിച്ചതെന്നും വി.ഡി. സതീശൻ ആരോപിച്ചു.
ALSO READ: 'ലെഫ്റ്റ് ടേണ്‍'; ഇനി ഇടതുപക്ഷത്തോടൊപ്പം; നിലപാട് വ്യക്തമാക്കി പി. സരിൻ
നേരത്തെ ഇടതുപക്ഷം ഉന്നയിച്ചതിന് സമാന ആരോപണങ്ങളാണ് ഇപ്പോൾ സരിൻ ഉയർത്തിയിരിക്കുന്നത്. സിപിഎമ്മിൻ്റെ ആരോപണങ്ങളൊന്നും തന്നെക്കുറിച്ചല്ല. മറിച്ച് 'കടക്ക് പുറത്തെ'ന്ന് പറയുന്ന ചിലരോട് പറയാൻ കഴിയാത്ത കാര്യങ്ങളാണ് പാർട്ടി തൻ്റെ നേരെ ഉയർത്തുന്നതെന്നും സതീശൻ പരിഹസിച്ചു.
കോൺഗ്രസിൽ ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കുന്നെന്നും സജീവ ചർച്ചകൾ നടക്കുന്നില്ലെന്നുമുള്ള സരിൻ്റെ വാദം സതീശൻ പൂർണമായും തള്ളി. ടീമായി പ്രവർത്തിക്കുന്ന കോൺഗ്രസിൽ തീരുമാനമെടുക്കുന്ന ഒരാൾ മാത്രമാണ് താനെന്ന് പറഞ്ഞ സതീശൻ, മുതിർന്ന നേതാക്കളോടെല്ലാം സംസാരിച്ചാണ് കോൺഗ്രസ് തീരുമാനമെടുക്കുകയെന്നും വ്യക്തമാക്കി.
അതേസമയം, സരിനെ ശാസിച്ചെന്ന കാര്യത്തെ തള്ളാതെയായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ പ്രസ്താവന. ബിജെപിയുമായും സിപിഎമ്മുമായും ചർച്ച നടത്തുന്ന ഒരാളെ എങ്ങനെ ഞങ്ങൾ സ്ഥാനാർഥിയാക്കുമെന്നും സതീശൻ ചോദിച്ചു . സ്ഥാനാർഥിത്വം വേണമെന്ന് ചോദിക്കുന്നതിൽ തെറ്റില്ല, എന്നാൽ ഒരാൾക്ക് സീറ്റ് കൊടുക്കരുതെന്ന് പറഞ്ഞാൽ ശാസിക്കുമെന്ന് വി.ഡി. സതീശൻ പറഞ്ഞു. മറ്റ് കോൺഗ്രസ് നേതാക്കളിൽ നിന്ന് വ്യത്യസ്തമായി പാർട്ടി കാര്യങ്ങളിൽ കാർക്കശ്യം കാണിക്കുന്നയാളാണ് താൻ. പാർട്ടി പറയുന്ന കാര്യങ്ങൾ കൃത്യമായി നടക്കണമെന്നാണ് തന്റെ രീതിയെന്നും സതീശൻ വ്യക്തമാക്കി.