ഫിലാഡെൽഫി ഇടനാഴിയുടെ നിയന്ത്രണം വിട്ടുനൽകില്ലെന്ന് നെതന്യാഹു; ബന്ദികളുടെ വധത്തിൽ ജനങ്ങളോട് മാപ്പ് പറഞ്ഞു

ഇസ്രയേലി മാധ്യമം ഹാരറ്റ്സിൻ്റെ മുഖപ്രസംഗത്തില്‍ ഉള്‍പ്പെടെ രൂക്ഷ വിമര്‍ശനം ഉണ്ടായ സാഹചര്യത്തിലാണ് നെതന്യാഹുവിൻ്റെ പ്രതികരണം
ഫിലാഡെൽഫി ഇടനാഴിയുടെ നിയന്ത്രണം വിട്ടുനൽകില്ലെന്ന് നെതന്യാഹു; ബന്ദികളുടെ വധത്തിൽ ജനങ്ങളോട് മാപ്പ് പറഞ്ഞു
Published on

വെടിനിര്‍ത്തല്‍ കരാറിലൂടെ ബന്ദികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നില്ലെന്ന് വിവിധ ഭാഗങ്ങളിൽ നിന്ന് ആരോപണങ്ങൾ ഉയരുന്നതിനിടെ പരസ്യമായി മാപ്പ് ചോദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അതേസമയം, ഗാസ-ഈജിപ്ത് അതിർത്തിയിലെ തന്ത്രപ്രധാനമായ ഫിലാഡെൽഫി ഇടനാഴിയുടെ നിയന്ത്രണം ഇസ്രയേൽ വിട്ടുനൽകില്ലെന്ന് നെതന്യാഹു പറഞ്ഞു. യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ്റെ വിമർശനങ്ങളേയും ബ്രിട്ടൻ്റെ ആരോപണങ്ങളെയും അദ്ദേഹം തള്ളിക്കളഞ്ഞു.

"ആറ് ബന്ദികളെ കൂട്ടക്കൊല ചെയ്യുന്നത് ഇസ്രയേൽ അംഗീകരിക്കില്ല. ഹമാസ് ഇതിന് വലിയ വില നൽകേണ്ടി വരും. ഇറാൻ്റെ നേതൃത്വത്തിലുള്ള തിന്മയുടെ അച്ചുതണ്ടിന് ഫിലാഡൽഫി ഇടനാഴികൾ ആവശ്യമാണ്, ഇസ്രായേൽ അത് നിയന്ത്രിക്കണം," നെതന്യാഹു പറഞ്ഞു. അതേസമയം, വെടിനിർത്തലിന് തയ്യാറായില്ലെങ്കിൽ കൂടുതൽ ബന്ദികളുടെ മൃതദേഹങ്ങൾ ശവപ്പെട്ടിയിലാക്കി അയക്കുമെന്ന് ഹമാസ് മുന്നറിയിപ്പ് നൽകി.

ഇസ്രയേലി മാധ്യമം ഹാരറ്റ്സിൻ്റെ മുഖപ്രസംഗത്തില്‍ ഉള്‍പ്പെടെ രൂക്ഷവിമര്‍ശനം ഉണ്ടായ സാഹചര്യത്തിലാണ് നെതന്യാഹുവിൻ്റെ പ്രതികരണം. ബന്ദികളാക്കപ്പെട്ടവരുടെ മരണത്തില്‍ പ്രധാന പങ്ക് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനാണെന്ന് ഹമാസ് ആരോപിച്ചിരുന്നു. ഇസ്രയേലിൻ്റെ കാവല്‍ക്കാരനെന്ന് അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന നെതന്യാഹുവിൻ്റെ ചരിത്രം രചിക്കപ്പെടുക ബന്ദികളുടെ ചോരയിലാകുമെന്നാണ് മുഖപ്രസംഗത്തില്‍ പറഞ്ഞിരിക്കുന്നത്. ഇസ്രയേല്‍ സൈനിക സമ്മര്‍ദം തുടര്‍ന്നാല്‍ ഗാസയില്‍ തടവിലാക്കപ്പെട്ടവര്‍ ശവപ്പെട്ടികളില്‍ ഇസ്രയേലിലേക്ക് മടങ്ങുമെന്ന് ഹമാസിൻ്റെ സായുധ വിഭാഗം പറഞ്ഞു.

അതേസമയം, ഒക്ടോബർ ഏഴിന് നടന്ന ഹമാസ് ആക്രമണത്തിന് ശേഷം ആദ്യമായി ഇസ്രയേലില്‍ ഇന്നലെ രാജ്യവ്യാപകമായി പണിമുടക്ക് നടത്തിയിരുന്നു. ഇസ്രയേലിലെ ഏറ്റവും വലിയ ട്രേഡ് യൂണിയനായ ഹിസ്റ്റാഡ്രട്ടാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. നെതന്യാഹു സർക്കാർ ഗാസ യുദ്ധം കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകളുടെ പശ്ചാത്തലത്തിലാണ് പണിമുടക്ക് നടത്തിയത്.

കഴിഞ്ഞ ദിവസം ഇസ്രയേല്‍ ബന്ദികളുടെ മൃതദേഹം റഫയില്‍ നിന്നും കണ്ടെത്തിയതും ജനരോഷത്തിന് കാരണമായിട്ടുണ്ട്. സ്കൂളുകള്‍, സ്വകാര്യ ബിസിനസ് സ്ഥാപനങ്ങള്‍, സർക്കാർ-മുന്‍സിപ്പല്‍ ഓഫീസുകള്‍ എന്നിവയെല്ലാം പണിമുടക്കിൻ്റെ ഭാഗമായി. ഇസ്രയേല്‍ അന്താരാഷ്ട്ര എയർപോർട്ട് ഉൾപ്പെടെ അടച്ചുപൂട്ടിയിരുന്നു.

ജനങ്ങളുടെ ഇടപെടല്‍ മാത്രമേ 'ഇളകേണ്ടവരെ ഇളക്കുകയുള്ളൂ' എന്ന് ഹിസ്റ്റാഡ്രട്ട് അധ്യക്ഷന്‍ അർനോണ്‍ ബാർ ഡേവിഡ് പറഞ്ഞു. രാഷ്ട്രീയമായ താല്‍പര്യങ്ങള്‍ കാരണമാണ് ബന്ദി കൈമാറ്റ ഉടമ്പടികള്‍ പുരോഗമിക്കാത്തതെന്ന് അർനോണ്‍ കുറ്റപ്പെടുത്തി. സൈന്യം എത്തുന്നതിന് ഏതാനും നിമിഷങ്ങള്‍ക്ക് മുന്‍പാണ് ബന്ദികള്‍ കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ സൈന്യത്തിന്‍റെ വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

എന്നാല്‍, ഹമാസും അവരുടെ സായുധ വിഭാഗവും ഇതിനോട് പ്രതികരിച്ചിട്ടില്ല. ഹമാസിനോട് പകരം വീട്ടുമെന്നായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ പ്രതികരണം. അതേസമയം പ്രതിപക്ഷ കക്ഷികള്‍, ട്രേഡ് യൂണിയനുകള്‍, ബന്ദികളുടെ കുടുംബം എന്നിവർ സർക്കാരിനു മേലുള്ള സമ്മർദം വർധിപ്പിച്ചിരിക്കുകയാണ്. ബന്ദി ഉടമ്പടിയെ പറ്റി നെതന്യാഹു ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com