ഡിസി ബുക്സ് പുറത്തുവിട്ട എല്ലാ പോസ്റ്റുകളും പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നുമായി രുന്നു നോട്ടീസിലെ പ്രധാന ആവശ്യം. ഇല്ലെങ്കിൽ നിയമനടപടിക്ക് പോകുമെന്നും ഇ. പി. ജയരാജൻ അറിയിച്ചു
ആത്മകഥാ വിവാദത്തിൽ ഡിസി ബുക്‌സ് മാപ്പ് പറയണമെന്നാവശ്യപ്പെട്ടു കൊണ്ട് ഇ.പി. ജയരാജൻ വക്കീൽ നോട്ടീസയച്ചു.താൻ അറിയാത്ത കാര്യങ്ങളാണ് ഇന്ന് പുറത്തുവന്നതെന്നും, ഡിസി ബുക്സ് പുറത്തുവിട്ട എല്ലാ പോസ്റ്റുകളും പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നുമായിരുന്നു നോട്ടീസിലെ പ്രധാന ആവശ്യം. ഇല്ലെങ്കിൽ നിയമനടപടിക്ക് പോകുമെന്നും ഇ. പി. ജയരാജൻ അറിയിച്ചു. ഉപതെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ പ്രചരിക്കുന്ന ഇത്തരം വാർത്തകൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നായിരുന്നു ഇ.പി. ജയരാജൻ്റെ പ്രതികരണം.
"എൻ്റെ ആത്മകഥ പൂർത്തിയായിട്ടില്ല. ഇപ്പോഴും എഴുതികൊണ്ടിരിക്കുകയാണ്. ഈ പുസ്തകത്തിൻ്റെ പ്രസിദ്ധീകരണ ചുമതല ഞാൻ ഡിസി ബുക്സിനെ ഏൽപ്പിച്ചിട്ടില്ല. പ്രസിദ്ധീകരണം ആവശ്യപ്പെട്ട് മാതൃഭൂമി സമീപിച്ചിട്ടുണ്ട്. എന്നാൽ നിലവിൽ ആർക്കും പ്രസിദ്ധീകരിക്കാനുള്ള അനുവാദം നൽകിയിട്ടില്ലെന്നും ജയരാജൻ വ്യക്തമാക്കി. പിഡിഎഫ് ഫോർമാറ്റ് പുറത്തുവിട്ട ഡി.സി. ബുക്സിനെതിരെ നിയമനടപടി സ്വീകരിക്കും. 'കട്ടൻ ചായയും പരിപ്പുവടയും' എന്ന് ഞാൻ പുസ്തകത്തിന് പേര് നൽകുമോ," ഇ.പി. ജയരാജൻ ചോദ്യമുന്നയിച്ചിരുന്നു.
എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും മാറ്റിയതിൽ പ്രയാസമുണ്ടെന്നും പാർട്ടി എന്നെ മനസിലാക്കിയില്ലെന്നുമാണ് നിലവിൽ പ്രചരിപ്പിക്കുന്ന 'കട്ടൻ ചായയും പരിപ്പുവടയും' എന്ന ആത്മകഥയിലുള്ളത്. ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ച വിവാദമാക്കിയതിന് പിന്നിലും ഗൂഢാലോചനയുണ്ടെന്നും ആത്മകഥയിലുണ്ട്. കൂടിക്കാഴ്ചയിൽ എന്റെ നിലപാട് കേന്ദ്ര കമ്മിറ്റിയിൽ അറിയിച്ചിട്ടുണ്ട്. ഒന്നര വർഷത്തിന് ശേഷം അത് വിവാദമാക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. കൂടിക്കാഴ്ച വ്യക്തിപരമായിരുന്നു. പൊതുസ്ഥലത്ത് നിന്നാണ് കണ്ടതെന്നും ഇ.പി. ജയരാജൻ്റേതെന്ന പേരിൽ പ്രചരിക്കുന്ന പുസ്തകത്തിൽ ഉള്ളത്.
കട്ടന്‍ചായയും പരിപ്പുവടയും എന്ന പേരു തന്നെ ഇ.പിയെ പരിഹസിക്കുന്നതിന് സമമാണെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണൻ്റെ പ്രതികരണം. പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ കൃത്രിമമാണെന്ന് ഇ.പി. ജയരാജന്‍ തന്നെ പറഞ്ഞു. ഉത്തരവാദിത്തം ആര്‍ക്കാണെന്ന് തനിക്ക് പറയാന്‍ കഴിയില്ലെന്നും അത് ജയരാജന് മാത്രമേ പറയാന്‍ കഴിയൂ എന്നും ടി.പി. രാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. എഡിറ്റ് ചെയ്യാന്‍ കൊടുത്ത സ്ഥലത്തു നിന്ന് ചോര്‍ന്നതാണോ എന്ന് അന്വേഷിക്കണം. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് മാധ്യമങ്ങള്‍ പടച്ചുവിട്ടതെന്നും ജയരാജൻ പ്രതികരിച്ചു.
ഇപ്പോള്‍ ഇത് വിവാദമാക്കിയത് പിന്നില്‍ ഡിസി ബുക്ക്‌സിന്റെ ബിസിനസ് താല്‍പര്യമാണ്. തെരഞ്ഞെടുപ്പ് ദിവസം ഇത് വിവാദമാക്കിയത് പബ്ലിസിറ്റിക്കു വേണ്ടിയാണ്. മാധ്യമങ്ങള്‍ക്കും ഇതില്‍ പങ്കുണ്ട്. താനെഴുതിയ പുസ്തകം താനറിയാതെ എങ്ങനെയാണ് ഇന്ന് രാവിലെ പ്രകാശനത്തിന് വെക്കുക എന്നും ഇ.പി ചോദിച്ചു.സംഭവത്തിൽ ഡിസിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയതിനു പിന്നാലെ അദ്ദേഹം ഡിജിപിക്ക് പരാതിയും നൽകി. ആത്മകഥയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങളിൽ അന്വേഷണം വേണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.