സംസ്ഥാനത്ത് ലഹരിമരുന്നുകളുടെ ഉപയോഗം വ്യാപകമാകുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പ്രചരണം
വാടക കെട്ടിടങ്ങളിൽ നിന്നും ലഹരി പിടികൂടിയാൽ ഉടമകളും പ്രതികളാകും എന്ന അവകാശവാദത്തോടെ ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംസ്ഥാനത്ത് ലഹരിമരുന്നുകളുടെ ഉപയോഗം വ്യാപകമാകുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പ്രചരണം. എന്താണ് ഇതിൻ്റെ വസ്തുത.
'വാടകവീട്ടിൽ നടക്കുന്നത് ഉടമ അറിയണം. വാടക കെട്ടിടത്തിൽനിന്ന് ലഹരി പിടികൂടിയാൽ ഉടമകളും പ്രതികളാകും. എക്‌സൈസിന്റെ കർശന മുന്നറിയിപ്പ്' എന്നാണ് പ്രചരിക്കുന്ന പോസ്റ്റിലെ വാചകങ്ങൾ.
കേരള എക്സൈസ് ഇത്തരത്തിലുള്ള അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ടോ എന്നറിയാനായി നടത്തിയ കീവേർഡ് സെർച്ചിൽ മാധ്യമങ്ങൾ നൽകിയ സമാനരീതിയിലുള്ള വാർത്തകൾ ലഭിച്ചു. തുടർന്ന് കേരളാ എക്സൈസിന്റെ ഔദ്യോഗിക പേജും സോഷ്യൽ മീഡിയ ഹാൻഡിലുകളിലും പരിശോധിച്ചു. എന്നാൽ അത്തരത്തിലുള്ള ഒരറിയിപ്പും കണ്ടെത്തിയില്ല.
സ്ഥിരീകരണത്തിനായി മലപ്പുറം അസിസ്റ്റന്റ് എക്സൈസ് കമ്മീഷ്ണറുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ അത്തരത്തിലൊരറിയിപ്പും നൽകിയിട്ടില്ലെന്നാണ് വ്യക്തമാക്കിയത്. അതിഥി തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലങ്ങളിൽ ലഹരി വിൽപ്പന വ്യാപകമാണെന്ന പരാതിയുണ്ട്. ഈ സാഹചര്യത്തിൽ കെട്ടിടം വാടകയ്ക്കു നൽകുമ്പോൾ ഉടമകൾ ജാഗ്രത പാലിക്കണമെന്നും നിയമാനുസൃത നടപടികൾ കൈക്കൊള്ളണമെന്നുമായിരുന്നു അറിയിപ്പ്. ഇതാണ് തെറ്റായി വ്യഖ്യാനിക്കുന്നത്. വാടക കെട്ടിടത്തിൽ നിന്ന് ലഹരിമരുന്ന് പിടികൂടിയാൽ കെട്ടിട ഉടമകൾ പ്രതിയാകില്ല.