fbwpx
"കേരളത്തിൽ ഒന്നും നടക്കില്ലെന്ന ധാരണ അപ്രത്യക്ഷമായി"; വെള്ളിയാഴ്ച പ്രോഗ്രസ് റിപ്പോർട്ട്, ആമുഖമായി നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി
logo

ന്യൂസ് ഡെസ്ക്

Posted : 20 May, 2025 06:03 PM

സർക്കാർ വിചാരിച്ചാൽ ഒന്നും നടക്കില്ലാ എന്ന് പറഞ്ഞവരും നിശബ്ദരായതായി മുഖ്യമന്ത്രി പറഞ്ഞു

KERALA

പിണറായി വിജയൻ


നവകേരളമെന്ന സങ്കൽപ്പത്തിലേക്ക് ഉറച്ച ചുവടുകളോടെ കേരളം മുന്നേറുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരളം ഇന്ന് അവ്യക്തമോ അതിശയോക്തിപരമോ ആയ സങ്കൽപ്പം അല്ല. സമത്വവും നീതിയും മാനവികതയും പുലരുന്ന ഇടമാണ് നവകേരളം. അതിലേക്ക് കേരളത്തെ നയിക്കുന്ന നയമാണ് ഇടത് സർക്കാർ നടപ്പാക്കുന്നത്. വെള്ളിയാഴ്ച നടക്കുന്ന വാർഷികാഘോഷ സമാപന റാലിയിൽ ഈ വർഷത്തെ സ‍ർക്കാരിന്റെ പ്രോ​ഗ്രസ് റിപ്പോ‍ർട്ട് പ്രകാശനം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.


"വികസനത്തിന്റെയും സാമൂഹിക പുരോ​ഗതിയുടെയും ഒൻപത് വർഷങ്ങളാണ് നാം പിന്നിട്ടിരിക്കുന്നത്. സമ​ഗ്രവും സർവതല സ്പർശിയുമായ വികസനത്തിന്റെയും സമത്വവും സാഹോദര്യവും അന്വർഥമാക്കുന്ന സാമൂഹിക പുരോ​ഗതിയുടെയും സന്ദേശമാണ് ഈ സന്ദർഭത്തിൽ ലോകത്തിന് മുന്നിൽ കേരളം ഉയർത്തി പിടിക്കുന്നത്. നവകേരളം എന്നത് അവ്യക്തമായതോ അതിശയോക്തിപരമായതോ ആയ സങ്കൽപ്പമല്ല. കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള സുവ്യക്തമായ കാഴ്ചപ്പാടാണത്," മുഖ്യമന്ത്രി പറഞ്ഞു.



കൊവിഡ് മഹാമാരി ഉണ്ടാക്കിയ സാമ്പത്തിക ബുദ്ധിമുട്ടിന് പിന്നാലെ കേന്ദ്രസർക്കാരിന്‍റെ സാമ്പത്തിക നിയന്ത്രണങ്ങളും കേരളത്തെ ബുദ്ധിമുട്ടിക്കുന്നുവെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. അർഹമായ പലതും തടഞ്ഞുവച്ച് കേന്ദ്രം സംസ്ഥാനത്തെ ഞെരുക്കുന്നു. സമരം ചെയ്തും നിയമപോരാട്ടം നടത്തിയും അവകാശങ്ങൾ സംരക്ഷിക്കാൻ കേരളം നിർബന്ധിതമായിരിക്കുന്നുവെന്നും പിണറായി പറഞ്ഞു. സമാനതകളില്ലാത്ത പ്രകൃതി ദുരന്തങ്ങൾ മറികടന്നതുപോലെ ഈ ഘട്ടത്തേയും കേരളം മറികടക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Also Read: പിണറായി സർക്കാർ പത്താം വർഷത്തിലേക്ക്; ഭരണത്തുടർച്ച ലക്ഷ്യമിട്ട് എൽഡിഎഫ്


കേരളത്തിൽ ഒന്നും നടക്കില്ല എന്ന ധാരണ അപ്രത്യക്ഷമായതായും പിണറായി വിജയൻ പറഞ്ഞു. ഈ സർക്കാർ വിചാരിച്ചാൽ ഒന്നും നടക്കില്ല എന്ന് പറഞ്ഞവരും നിശബ്ദരായി. വിഴിഞ്ഞം തുറമുഖം, ദേശീയപാതാ വികസനം എന്നിങ്ങനെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. ദേശീയപാതാ അതോറിറ്റി ഓഫീസ് പൂട്ടി സ്ഥലം വിട്ട ഘട്ടം കേരളത്തിലുണ്ടായിരുന്നു. ജനങ്ങൾക്ക് ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കി സ്ഥലം ഏറ്റെടുക്കാൻ നമുക്കായി. ഇഴഞ്ഞുനീങ്ങിയ കൊച്ചി മെട്രോയും കണ്ണൂർ വിമാനത്താവളവും പൂർത്തിയാക്കി നാടിന് സമർപ്പിച്ചു. അസാധ്യമെന്ന് കരുതി യുഡിഎഫ് സർക്കാർ ഉപേക്ഷിച്ച ഗെയ്ൽ പൈപ് ലൈൻ പദ്ധതി പൂർത്തീകരിച്ചു. ഇടമൺ കൊച്ചി പവർ ഹൈവേ ഉപേക്ഷിക്കപ്പെട്ട അവസ്ഥയിൽ നിന്ന് വീണ്ടെടുത്ത് പൂർത്തീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.



കൊച്ചി വാട്ടർ മെട്രോ, പശ്ചിമതീര കനാൽ പദ്ധതി, ഡിജിറ്റൽ സയൻസ് പാർക്ക് എന്നിങ്ങനെ കേരളത്തിൻ്റെ മുഖച്ഛായ മാറ്റുന്ന വൻ പദ്ധതികൾ കേരള സർക്കാർ ആവിഷ്കരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. പിഎസ്‌സി വഴിയുള്ള രാജ്യത്തെ ആകെ നിയമനങ്ങളിൽ 40 ശതമാനം കേരളത്തിൽ നിന്നാണ്. നാല് ലക്ഷത്തിൽ അധികം പട്ടയം വിതരണം ചെയ്തു. അടുത്ത ഒരു വർഷം കൊണ്ട് ഒരു ലക്ഷം പട്ടയങ്ങൾ വിതരണം ചെയ്യും. രാജ്യത്ത് ഏറ്റവും കുറഞ്ഞ ബഹുമുഖ ദാരിദ്ര്യ സൂചിക ഉള്ള സംസ്ഥാനമായി കേരളം മാറി. 2,80,934 ഉദ്യോഗാർത്ഥികൾക്ക് ഇടതു സർക്കാർ പിഎസ്‌സി വഴി നിയമനം നൽകി. ലൈഫ് പദ്ധതിയിലൂടെ 4,51,631 വീടുകൾ നിർമിച്ച് നൽകി. ഇടത് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം 4,00,956 പട്ടയം വിതരണം ചെയ്തു. അടുത്ത ഒരു വർഷം കൊണ്ട് ഒരു ലക്ഷം പട്ടയം കൂടി വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നീതി അയോഗ് കണക്ക് പ്രകാരം കേരളത്തിലെ ദരിദ്രർ 0.48 ശതമാനം മാത്രമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ദേശീയ അടിസ്ഥാനത്തിൽ ജനസംഖ്യയുടെ 11.28 ശതമാനമാണ് ദരിദ്രർ. വരുന്ന നവംബർ ഒന്നിന് കേരളം അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി മാറും. എല്ലാ മാസവും 60 ലക്ഷം പേർക്ക് കേരളം സാമൂഹിക ക്ഷേമ പെൻഷൻ ഇനത്തിൽ 1,600 രൂപ വീതം നൽകുന്നു.

Also Read: രണ്ടാം പിണറായി സർക്കാരിൻ്റെ നാലാം വാർഷികത്തിൽ കേക്ക് മുറിച്ച് ആഘോഷിച്ച് മുഖ്യമന്ത്രി; കോടികളുടെ ധൂർത്തെന്ന് വി.ഡി. സതീശൻ

മൂന്ന് വർഷം തുടർച്ചയായി ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള ദേശീയ പുരസ്കാരം കേരളത്തിനാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി ഓർമപ്പെടുത്തി. കഴിഞ്ഞ നാല് വർഷം കൊണ്ട് കേരളം 7000 കോടി രൂപയുടെ സൗജന്യ ചികിത്സ നൽകി. കേരളത്തിലെ 674 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി. എല്ലാ ജില്ലാ ജനറൽ ആശുപത്രികളിലും കാത്ത് ലാബും ഇൻ്റന്‍സീവ് കൊറോണറി യൂണിറ്റും തുടങ്ങി. 44 അധിക ഡയാലിസിസ് യൂണിറ്റുകൾ സർക്കാർ ആശുപത്രികളിൽ ആരംഭിച്ചു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം 43 ലക്ഷം കുടുംബങ്ങളിലെ 73 ലക്ഷം ആളുകൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്നു. രാജ്യത്ത് ഏറ്റവും കൃത്യമായി കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തിയത് കേരളമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.




രണ്ട് മെഡിക്കൽ കോളേജുകളും സർക്കാർ അനുബന്ധ മേഖലയിൽ 15 നഴ്സിങ് കോളേജുകളും ഇടത് സർക്കാർ തുടങ്ങിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയ റാങ്കിങ് പട്ടികയിൽ ഇതാദ്യമായി കേരളത്തിലെ നഴ്സിങ് കോളേജുകൾ ഉൾപ്പെട്ടു. സ്കൂളുകളുടെ അടിസ്ഥാന സൗകര്യത്തിനായി മാത്രം 5000 കോടിയോളം രൂപ അനുവദിച്ചു. 513 സ്കൂൾ കെട്ടിടങ്ങൾ പണിതു, അരലക്ഷത്തിലധികം ക്ലാസ് മുറികൾ ഹൈ ടെക് ആക്കി മാറ്റി. അധ്യാപർക്കും വിദ്യാർത്ഥികൾക്കും എഐ പരിശീലനം നൽകിയ ആദ്യ സംസ്ഥാനം കേരളമാണ്. എട്ട് സർവകലാശാലകൾക്കും 359 കോളേജുകൾക്കും നാക്ക് (NAAC) അംഗീകാരം കിട്ടി. രാജ്യത്തെ മികച്ച 12 പൊതു സർവകലാശാലകളിൽ മൂന്ന് എണ്ണം കേരളത്തിൽ നിന്നാണ്. NIRF റാങ്കിങ്ങിൽ രാജ്യത്തെ മികച്ച 200 കോളേജുകളിൽ 42 എണ്ണം കേരളത്തിലാണ്. ഭാവിയിൽ കേരളത്തെ വിജ്ഞാന സമ്പദ് വ്യവസ്ഥയാക്കി പരിവർത്തനപ്പെടുത്തും. വൈജ്ഞാനിക രംഗത്ത് കേരളം നടത്തുന്നത് സമാനതകളില്ലാത്ത കുതിച്ചുചാട്ടമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.


2016ൽ കേരളത്തിലെ ഐടി പാർക്കുകളിൽ 702 കമ്പനികളാണ് ഉണ്ടായിരുന്നത്.  ഇന്ന് അത് 1156 ആണെന്നും മുഖ്യമന്ത്രി അറിയിച്ചു. 2016ൽ കേരളത്തിലെ ആകെ ഐടി കയറ്റുമതി 34,123 കോടിയാണെങ്കില്‍  ഇന്ന് 90,000 കോടിയാണ്. 2016ൽ കേരളത്തിൽ ഉണ്ടായിരുന്നത് വെറും 300 സ്റ്റാർട്ട് അപ്പുകളാണ്. ഇന്ന് 6400 സ്റ്റാർട്ട് അപ്പുകളും. സംരഭകത്വ പ്രോത്സാഹനത്തിൻ്റെ ഭാഗമായി ഐടി മേഖലയിൽ കേരളത്തിൽ 22,688 കോടിയുടെ നിക്ഷേപം വന്നു. 7,49,712 തൊഴിലവസരങ്ങൾ ഐടി മേഖലയിൽ സൃഷ്ടിക്കാനായി ഇത് ഇന്ത്യയിലെ ഏറ്റവും മികച്ച നേട്ടമെന്ന് കേന്ദ്രം വിശേഷിപ്പിച്ചുവെന്നും പിണറായി ചൂണ്ടിക്കാട്ടി.

TAMIL MOVIE
"ഇനി ഒന്നും ഒളിച്ചുവെക്കാനില്ല, ഞങ്ങൾ തമ്മിൽ 15 വർഷത്തെ പരിചയം"; വിശാലുമായുള്ള പ്രണയത്തെക്കുറിച്ച് നടി സായി ധൻഷിക
Also Read
user
Share This

Popular

NATIONAL
WORLD
വിഖ്യാത കവിത 'ഹം ദേഖേങ്കേ' ചൊല്ലിയതിനും കേസ്; സാംസ്കാരിക പ്രവർത്തകർക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്ത് നാഗ്പൂർ പൊലീസ്