മല്ലപ്പള്ളി സ്വദേശികളായ ഉദയൻ, ജോബിൻ, ജയൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
പത്തനംതിട്ടയിൽ പട്ടാപ്പകൽ ബസ് ഡ്രൈവർക്ക് നേരെ നാലംഗ സംഘത്തിന്റെ വടിവാൾ ഭീഷണി. തിരുവല്ല മല്ലപ്പള്ളി റൂട്ടിലോടുന്ന സ്വകാര്യ ബസിലാണ് ഭീഷണി മുഴക്കിയത്. ഇന്നലെ വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. കേസിൽ മല്ലപ്പള്ളി സ്വദേശികളായ ഉദയൻ, ജോബിൻ, ജയൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
തിരുവല്ല മല്ലപ്പള്ളി റൂട്ടിലോടുന്ന തിരുവമ്പാടി ബസിന്റെ സമയക്രമത്തെ ചൊല്ലിയാണ് ഡ്രൈവർ വിഷ്ണുവും പ്രതികളും തമ്മിൽ തർക്കമുണ്ടാകുന്നത്. റൂട്ടിലെ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സമയക്രമത്തെ ചൊല്ലിയുള്ള തർക്കം പതിവാണ്. കഴിഞ്ഞ ദിവസങ്ങളിലും വിഷ്ണുവും പ്രതികളും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് ഇന്നലെ വൈകിട്ട് നാലുമണിയോടെ വടിവാളുമെടുത്ത് വന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
ALSO READ: ജോലി വാഗ്ദാനം ചെയ്ത് കേരളത്തിലെത്തിച്ച് സെക്സ് റാക്കറ്റ്; പതിനേഴുകാരി രക്ഷപ്പെട്ടത് സിനിമാ കഥ പോലെ
യാത്രക്കാരുമായി പോയ ബസ് അക്രമിസംഘം നടുറോഡിൽ തടഞ്ഞു. തുടർന്ന് സംഘം ഡ്രൈവറുടെ ക്യാബിനുള്ളിൽ കയറി. കയ്യിൽ ഇരുന്ന വടിവാൾ വിഷ്ണുവിന് നേരെ വീശി ഭീഷണിപ്പെടുത്തുകയും ചീത്ത വിളിക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കം ബസിലുള്ളപ്പോഴായിരുന്നു ആക്രമണം. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്യും