ഉദ്യോഗസ്ഥരെ തൽസ്ഥാനത്ത് തന്നെ കൊണ്ടുവരുമെന്നാണ് പ്രതീക്ഷയെന്നും കുടുംബം പറഞ്ഞു
കോഴിക്കോട് മാമി തിരോധാന കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതിനെതിരെ മാമിയുടെ കുടുംബം രംഗത്ത്. അന്വേഷണ ഉദ്യോഗസ്ഥനെയും മേൽനോട്ട ചുമതലയുണ്ടായിരുന്ന ഐജിയെയുമാണ് സ്ഥലം മാറ്റിയത്. കോസ്റ്റൽ പൊലീസിലേക്കാണ് ക്രൈംബ്രാഞ്ച് ഐജി പി. പ്രകാശിനെ മാറ്റിയത്. ഇത് കേസ് അന്വേഷണം അട്ടിമറിക്കാനാണെന്നാണ് കുടുംബത്തിൻ്റെ ആരോപണം.
"അന്വേഷണം നല്ല രീതിയിൽ നടക്കുമ്പോഴാണ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം. പ്രതികളിലേക്ക് എത്തും എന്ന ഘട്ടത്തിലാണ് സ്ഥലം മാറ്റം ഉണ്ടായത്. ഇതിനുപിന്നിൽ ബാഹ്യ ശക്തികളുടെ ഇടപെടലുണ്ട്. സ്ഥലംമാറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്". ഉദ്യോഗസ്ഥരെ തൽസ്ഥാനത്ത് തന്നെ കൊണ്ടുവരുമെന്നാണ് പ്രതീക്ഷയെന്നും കുടുംബം പറഞ്ഞു.
നിലമ്പൂർ മുൻ എംഎൽഎ പി.വി. അൻവറിൻ്റെ ഇടപെടലോടെയാണ് മാമി തിരോധാന കേസ് വീണ്ടും സംസ്ഥാന തലത്തിൽ ചർച്ചയായത്. എരമംഗലം സ്വദേശിയും റിയൽ എസ്റ്റേറ്റ് വ്യവസായിയുമായ മുഹമ്മദ് ആട്ടൂരിനെ (മാമി) 2023 ഓഗസ്റ്റ് 22 നാണ് കാണാതാകുന്നത്. വിവിധയിടങ്ങളിലായി പൊലീസ് വ്യാപക തെരച്ചിൽ നടത്തിയെങ്കിലും ആട്ടൂരിനെ കണ്ടെത്താനായില്ല.
ഒൻപത് മാസത്തോളം അന്വേഷിച്ചിട്ടും കേസിൽ പുരോഗതിയില്ലെന്ന് കണ്ടതോടെ മാമിയുടെ തിരോധാനത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ സമീപിച്ചു. തുടർന്ന് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തെങ്കിലും ഇതുവരെ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.