fbwpx
ട്രെയിനില്‍ ഉറങ്ങുന്നതിനിടയില്‍ യാത്രക്കാരിയുടെ തലയില്‍ ബര്‍ത്ത് തകര്‍ന്നു വീണു; റെയില്‍വേക്കെതിരെ ഭര്‍ത്താവ്
logo

ന്യൂസ് ഡെസ്ക്

Last Updated : 13 May, 2025 06:58 PM

പുലര്‍ച്ചെ 1.15 ഓടെ ലോവര്‍ ബര്‍ത്തില്‍ കിടന്നുറങ്ങുകയായിരുന്ന സൂര്യയുടെ മുകളിലേക്ക് ആളില്ലാത്ത മിഡില്‍ ബര്‍ത്ത് തകര്‍ന്നു വീഴുകയായിരുന്നു

NATIONAL


ട്രെയിനില്‍ ബര്‍ത്ത് തകര്‍ന്നു വീണ് യുവതിക്ക് പരിക്ക്. ചെന്നൈ-പാലക്കാട് എക്‌സ്പ്രസിലെ സ്ലീപ്പര്‍ കോച്ചില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. തിങ്കളാഴ്ച പുറപ്പെട്ട ചെന്നൈ-പാലക്കാട് എക്‌സ്പ്രസ് ജോലാര്‍പേട്ട് കഴിഞ്ഞപ്പോഴായിരുന്നു മിഡില്‍ ബര്‍ത്ത് തകര്‍ന്ന് യുവതിയുടെ തലയിലേക്ക് വീണത്.

പരിക്കേറ്റ യുവതിക്ക് റെയില്‍വേ അധികൃതര്‍ പ്രാഥമിക ചികിത്സ നല്‍കിയില്ലെന്ന് ഭര്‍ത്താവ് ആരോപിച്ചു. ട്രെയിന്‍ സേലത്ത് എത്തുന്നതു വരെ ചോരയൊലിച്ചു കൊണ്ട് ഭാര്യക്ക് കാത്തിരിക്കേണ്ടി വന്നുവെന്നും ഭര്‍ത്താവ് ആരോപിച്ചു. സേലത്തു നിന്ന് ആംബുലന്‍സിലാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്.

ചെന്നൈ സ്വദേശിയായ സൂര്യ മുരുഗന് (39) ആണ് പരിക്കേറ്റത്. പുലര്‍ച്ചെ 1.15 ഓടെ ലോവര്‍ ബര്‍ത്തില്‍ കിടന്നുറങ്ങുകയായിരുന്ന സൂര്യയുടെ മുകളിലേക്ക് ആളില്ലാത്ത മിഡില്‍ ബര്‍ത്ത് തകര്‍ന്നു വീഴുകയായിരുന്നു. സൂര്യയുടെ ഭര്‍ത്താവ് ജ്യോതി ജയശങ്കര്‍ മറ്റൊരു കോച്ചിലായിരുന്നു ഉണ്ടായിരുന്നത്. സഹയാത്രക്കാരാണ് ജയശങ്കറിനെ വിവരം അറിയിച്ചത്.


Also Read: "മെഡിക്കൽ സേവനമോ ആംബുലൻസോ ഉണ്ടായില്ല"; വേടന്റെ പരിപാടിയിൽ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കുടുംബം



തലയ്ക്ക് പരിക്കേറ്റ സൂര്യയ്ക്ക് മെഡിക്കല്‍ സഹായം വേണമെന്ന് ടിടിഇയോട് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ലെന്ന് ജയശങ്കര്‍ പറയുന്നു. ട്രെയിനില്‍ ഫസ്റ്റ് എയ്ഡ് കിറ്റ് ഉണ്ടായിരുന്നില്ലെന്നും രക്തം തുടക്കാനുള്ള തുണി പോലും ടിടിഇയുടെ പക്കല്‍ ഉണ്ടായിരുന്നില്ലെന്നും ജയശങ്കര്‍ പറയുന്നു. അടുത്ത സ്‌റ്റേഷനായ മൊറാപ്പൂരിലിറങ്ങി സഹായം തേടാമെന്നാണ് ടിടിഇ മറുപടി നല്‍കിയത്. അര്‍ധരാത്രി പരിചയമില്ലാത്ത സ്റ്റേഷനില്‍ ഇറങ്ങി എന്ത് ചെയ്യുമെന്ന് അറിയാത്തതിനാലാണ് അവിടെ ഇറങ്ങാതിരുന്നത്.

പൊട്ടിയ തലയില്‍ തുണി കൊണ്ട് കെട്ടിയാണ് ഭാര്യ സേലം വരെ ഒന്നര മണിക്കൂര്‍ പിടിച്ചിരുന്നതെന്നും ജയശങ്കര്‍ പറഞ്ഞതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. പുലര്‍ച്ചെ 2.40 ഓടെയാണ് സേലത്ത് ട്രെയിന്‍ എത്തിയത്. ഇവിടെ നിന്ന് ആംബുലന്‍സില്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെ നിന്നും ഓട്ടോറിക്ഷയില്‍ സ്വകാര്യ ആശുപത്രിയില്‍ പോയി അഡ്മിറ്റ് ആയെന്നും ജയശങ്കര്‍ പറഞ്ഞു.


Also Read: ജൂനിയർ അഭിഭാഷകയ്ക്ക് സീനിയറിന്‍റെ മർദനം: ബേയിലിൻ ദാസിനെ സസ്‌പെൻഡ് ചെയ്ത് തിരുവനന്തപുരം ബാർ അസോസിയേഷൻ


ആയിരത്തോളം പേര്‍ യാത്ര ചെയ്യുന്ന ട്രെയിനില്‍ ഫസ്റ്റ് എയ്ഡ് സൗകര്യം പോലും ഇല്ലെന്നത് ഞെട്ടിക്കുന്നതാണെന്നും ജയശങ്കര്‍ പറഞ്ഞു.

അതേസമയം, ദിണ്ടിഗല്‍ ജങ്ഷനില്‍ നടത്തിയ പരിശോധനയില്‍ മിഡില്‍ ബര്‍ത്തിന്റെ ചെയിന്‍ ലോക്കിങ് സംവിധാനത്തിന് തകരാറില്ലെന്ന് കണ്ടെത്തിയതായാണ് റെയില്‍വേ അധികൃതരുടെ വിശദീകരണം. 2005 ല്‍ നിര്‍മിച്ച ഐസിഎഫ് രൂപകല്‍പ്പന ചെയ്ത സ്ലീപ്പര്‍ ക്ലാസ് കോച്ച് കഴിഞ്ഞ മാര്‍ച്ച് 16 ന് നവീകരിച്ചിരുന്നതായും റെയില്‍വേ പറഞ്ഞു.

ഒരുപക്ഷെ, യാത്രക്കാര്‍ ബര്‍ത്ത് കൃത്യമായി ലോക്ക് ചെയ്യാതിരുന്നതാകാം അപകടത്തിന് കാരണമെന്നാണ് റെയില്‍വേയുടെ വിശദീകരണം. 19 വര്‍ഷമുള്ള കോച്ചിന് തകരാറുകളില്ലെന്നും ദക്ഷിണ റെയില്‍വേ വക്താവ് പറഞ്ഞതായി ഹിന്ദു റിപ്പോര്‍ട്ടില്‍ പറയുന്നു.

KERALA
ജൂനിയർ അഭിഭാഷകയ്ക്ക് സീനിയറിന്‍റെ മർദനം: ബേയിലിൻ ദാസിനെ സസ്‌പെൻഡ് ചെയ്ത് തിരുവനന്തപുരം ബാർ അസോസിയേഷൻ
Also Read
user
Share This

Popular

KERALA
KERALA
കശ്മീർ വിനോദയാത്രക്കിടെ പതിമൂന്നുകാരിക്ക് നേരെ ലൈംഗികാതിക്രമം: അധ്യാപകൻ അറസ്റ്റിൽ