ജോജു ജോര്‍ജ് അടുത്തിടെ പണിയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരുന്നു. ചിത്രീകരണം ഡിസംബറില്‍ ആരംഭിക്കുമെന്നും ജോജു സമൂഹമാധ്യമത്തിലൂടെ അറിയിച്ചു
കമല്‍ ഹാസന്‍ തന്റെ ഏറ്റവും പുതിയ ചിത്രമായ തഗ് ലൈഫിന്റെ പ്രമോഷന്‍ പരിപാടികളിലാണ്. അടുത്തിടെ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് പേളി മാണിക്ക് നല്‍കിയ അഭിമുഖത്തില്‍ താരം മലയാള സിനിമയെ കുറിച്ചും ജോജുവിന്റെ പണിയിലെ വില്ലന്‍ കഥാപാത്രങ്ങളെ കുറിച്ചും സംസാരിച്ചു. ജോജു ജോര്‍ജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പണി. ചിത്രത്തില്‍ ബിഗ് ബോസ് താരങ്ങളായ സാഗര്‍ സൂര്യ, ജുനൈസ് എന്നിവരായിരുന്നു വില്ലന്‍മാരായി എത്തിയത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചതെങ്കിലും ഇവര്‍ രണ്ട് പേരുടെയും അഭിനയത്തെ എല്ലാവരും പ്രശംസിച്ചിരുന്നു. അത് തന്നെയാണ് ഇപ്പോള്‍ കമല്‍ ഹാസനും ചെയ്തിരിക്കുന്നത്.
"ചെറിയ ബജറ്റിലാണ് മലയാള സിനിമകള്‍ എടുക്കുന്നത്. അവയിലെ ചെറിയ അഭിനേതാക്കളെ പോലും ഓര്‍മയുണ്ടാകും. അവരാരും അഭിനയിക്കുകയല്ല, ജീവിക്കുകയാണ് ചെയ്യുന്നത്. പുതുതായി വന്നവര്‍ പോലും അസാധ്യമായാണ് അഭിനയിക്കുന്നത്. ജോജു ജോര്‍ജിന്റെ സിനിമയില്‍ രണ്ട് പേര്‍ അങ്ങനെ അഭിനയിച്ചിട്ടുണ്ട്. അവരുടെ രണ്ടാമത്തേയോ മൂന്നാമത്തെയോ സിനിമയായിരിക്കും അത്. പക്ഷേ അവര്‍ക്ക് ആ വേഷം അത്രയും അറിയാം എന്നത് ആശ്ചര്യപ്പെടുത്തി", കമല്‍ ഹാസന്‍ പറഞ്ഞു.
ഈ വീഡിയോ ജുനൈസ് തന്റെ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. "കമല്‍ ഹാസന്‍ എന്ന ഇതിഹാസം ഞങ്ങളെ അംഗീകരിക്കുന്നതിനേക്കാള്‍ വലിയ ബഹുമതിയില്ല", എന്നാണ് ജുനൈസ് കുറിച്ചത്.
അതേസമയം ജോജു ജോര്‍ജ് അടുത്തിടെ പണിയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരുന്നു. ചിത്രീകരണം ഡിസംബറില്‍ ആരംഭിക്കുമെന്നും ജോജു സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. രണ്ടാം ഭാഗം ഒന്നാം ഭാഗത്തേക്കാള്‍ കൂടുതല്‍ തീവ്രമായിരിക്കുമെന്ന് ജോജു പറഞ്ഞിരുന്നു. ആദ്യ ഭാഗവുമായി രണ്ടാം ഭാഗത്തിന് ബന്ധമില്ലെന്നും സംവിധായകന്‍ വ്യക്തമാക്കി.
നിലവില്‍ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായിട്ടുണ്ട്. രണ്ടാം ഭാഗത്തിന് ശേഷം ചിത്രത്തിന്റെ മൂന്നാം ഭാഗവും ഉണ്ടാകുമെന്ന് ജോജു അറിയിച്ചിരുന്നു. രാജ്യത്തെ മികച്ച സാങ്കേതിക വിദഗ്ധര്‍ ആയിരിക്കും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആയി എത്തുക.