"കള്ളത്തരത്തിലൂടെ എനിക്കൊന്നും നേടാനില്ല. പ്രതിഭാഗം യുക്തിക്ക് നിരക്കുന്നത് പറഞ്ഞാൽ നന്നായിരിക്കും"
അഭിഭാഷകൻ ബെയ്‌ലിൻ ദാസിൻ്റെ റിമാൻഡിൽ പ്രതികരിച്ച് മർദനമേറ്റ ജൂനിയർ അഭിഭാഷക ശ്യാമിലി. കോടതിയുടെ തീരുമാനത്തിൽ സന്തോഷമുണ്ടെന്നും ബെയ്‌ലിൻ ദാസിന് പരിക്ക് പറ്റിയത് എങ്ങനെ എന്നറിയില്ലെന്നും ശ്യാമിലി പ്രതികരിച്ചു. കേസ് കോടതിയിൽ എങ്ങനെ നിൽക്കും എന്ന് ബെയ്‌ലിൻ ദാസിന് ബോധ്യമുണ്ടെന്നും ശ്യാമിലി പറഞ്ഞു.
"പുരികത്തിലെ പരിക്ക് സ്വയം ഉണ്ടാക്കിയത് ആയിരിക്കാം. അഞ്ചടി തികച്ചില്ലാത്ത ഞാൻ പുരികത്തിൽ പരിക്കുണ്ടാക്കി എന്നത് യുക്തിക്ക് നിരക്കുന്നതല്ല. ഇതേ ക്രിമിനൽ ലോയറുടെ ജൂനിയർ ആയിരുന്നു ഞാൻ. അദ്ദേഹം ചിന്തിക്കുന്ന ആ രീതിയിൽ എനിക്കും ചിന്തിക്കാൻ കഴിയും. പക്ഷേ അതിൻ്റെ ആവശ്യമില്ല. അവിടെ എന്താണോ നടന്നത് അതാണ് പരാതിയിൽ പറഞ്ഞത്. കള്ളത്തരം വേണ്ട എന്നതാണ് എൻ്റെ നിലപാട്. കള്ളത്തരത്തിലൂടെ എനിക്കൊന്നും നേടാനില്ല. പ്രതിഭാഗം യുക്തിക്ക് നിരക്കുന്നത് പറഞ്ഞാൽ നന്നായിരിക്കും. കോടതിയുടെ പരിധിയിൽ ഇരിക്കുന്ന കാര്യത്തിൽ കൂടുതൽ പറയാനില്ല," ശ്യാമിലി പറഞ്ഞു.
ALSO READ: യുവ അഭിഭാഷകയെ മർദിച്ച കേസ്: ബെയ്‌ലിൻ ദാസ് റിമാൻഡിൽ
ബെയ്‌ലിൻ ദാസിനെ റിമാൻഡ് ചെയ്തതിൽ സന്തോഷമുണ്ട്. എന്നാൽ, സാക്ഷികളെ സ്വാധീനിക്കും എന്ന ഭയം നിലനിൽക്കുന്നുണ്ട്. ഏതൊക്കെ രീതിയിൽ സ്വാധീനിക്കുമെന്ന് അറിയില്ല. ഒരു വിഭാഗം അഭിഭാഷകരുടെ പിന്തുണ ബെയ്ലിൻ ദാസിന് സഹായകമാകാമെന്നും അഭിഭാഷക ശ്യാമിലി പറഞ്ഞു.
ബെയ്‌ലിൻ ദാസിനെ ഈ മാസം 30 വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. ഇയാളുടെ ജാമ്യാപേക്ഷ നാളെ വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. തിരുവനന്തപുരം വഞ്ചിയൂർ കോടതിയാണ് ബെയ്‌ലിൻ ദാസിനെ റിമാൻഡ് ചെയ്തത്. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം തിരുവനന്തപുരം ജില്ലാ ജയിലിലേക്ക് എത്തിച്ചു.
ഓഫീസിലെ തര്‍ക്കത്തെ തുടര്‍ന്നാണ് പാറശാല സ്വദേശിയായ ജൂനിയര്‍ അഭിഭാഷക ശ്യാമിലിക്ക് അതിക്രൂര മര്‍ദനമേറ്റത്. ഓഫീസിലെ ടൈപ്പിസ്റ്റിനെ അപമാനിച്ചുവെന്ന് പറഞ്ഞാണ് സീനിയര്‍ അഭിഭാഷകനായ ബെയ്‌ലിന്‍ ദാസ് ശ്യാമിലിയെ മര്‍ദിച്ചത്.