ഫോട്ടോഗ്രഫിയുടെയും വീഡിയോ എഡിറ്റിംഗിൻ്റെയും അടിസ്ഥാനപരമായ കാഴ്ചപ്പാടുകൾ പങ്കുവെച്ച പരിപാടി, മാധ്യമപ്രവർത്തകർക്കും യുവമാധ്യമപ്രവർത്തകർക്കും മികച്ച വേദിയായി
ലോക പ്രസ് സ്വാതന്ത്ര്യദിനമായ മേയ് 3ന് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ “മീഡിയ ഇഗ്നൈറ്റ് 2025” സൗജന്യ മീഡിയ വർക്ക്‌ഷോപ്പ് ചിക്കാഗോയിൽ സംഘടിപ്പിച്ചു. ഫോട്ടോഗ്രഫിയുടെയും വീഡിയോ എഡിറ്റിംഗിൻ്റെയും അടിസ്ഥാനപരമായ കാഴ്ചപ്പാടുകൾ പങ്കുവെച്ച പരിപാടി, മാധ്യമപ്രവർത്തകർക്കും യുവമാധ്യമപ്രവർത്തകർക്കും മികച്ച വേദിയായി.
22 വർഷത്തെ അനുഭവസമ്പത്തുള്ള പ്രശസ്ത ഫോട്ടോ ജേർണലിസ്റ്റ് ജോർജ് ലെക്ലയർ ആയിരുന്നു പരിപാടി ഉദ്ഘാടനം ചെയ്ത്, പരിശീലനത്തിന് നേതൃത്വം നൽകിയത്. ജനാധിപത്യത്തിൽ സ്വതന്ത്ര മാധ്യമങ്ങളുടെ അത്യന്താപേക്ഷിതത്വത്തെക്കുറിച്ച് ഉദ്ഘാടനം പ്രസംഗത്തിൽ ജോർജ് ലെക്ലയർ വിശദീകരിച്ചു.
വർഗീസ് പാലമലയിൽ പരിപാടിയിൽ അഭിവാദ്യപ്രസംഗവും പ്രസന്നൻ പിള്ള ഉദ്ഘാടനച്ചടങ്ങിൽ ആമുഖഭാഷണവും നടത്തി. മാധ്യമവിദ്യാഭ്യാസത്തിന്റെ പ്രസക്തി പ്രസന്നൻ പിള്ള അവതരിപ്പിച്ചു. ആലൻ ജോർജാണ് ചടങ്ങിൽ നന്ദി പറഞ്ഞത്.
ഫോട്ടോഗ്രഫിയിലെ ആധുനിക സാങ്കേതിക വിദ്യകൾ, വീഡിയോ എഡിറ്റിംഗ് തന്ത്രങ്ങൾ എന്നിവയുടെ അടിസ്ഥാനപരമായ പരിശീലനം ജോർജ് ലെക്ലയർ ഡെമോയിലൂടെയും ക്ലാസുകളിലൂടെയും അവതരിപ്പിച്ചു.