സംഘർഷ സാഹചര്യത്തിൽ നിന്ന് ഇരുരാജ്യങ്ങളും പിൻമാറണമെന്ന് യുഎൻ സെക്രട്ടറി ജനറൽ ആൻ്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു
ഇന്ത്യ - പാക് സംഘർഷസാഹചര്യം ചർച്ച ചെയ്യാൻ യുഎൻ രക്ഷാ സമിതി യോഗം ചേരും. രാത്രി പന്ത്രണ്ട് മണിയോടെ യോഗം തുടങ്ങും. ഇരുരാജ്യങ്ങളും തമ്മിലുള്ള നിലവിലെ സാഹചര്യം യോഗത്തിൽ വിലയിരുത്തും. വിഷയം ചർച്ച ചെയ്യണമെന്ന പാകിസ്ഥാന്റെ അഭ്യർത്ഥനയെത്തുടർന്നാണ് തീരുമാനം.
യോഗത്തിന് മുൻപ് പഹൽഗാം ഭീകരാക്രമണത്തെ യുഎൻ സെക്രട്ടറി ജനറൽ ആൻ്റോണിയോ ഗുട്ടറസ് അപലപിച്ചു. സാധാരണക്കാരെ കൊല്ലുന്നത് അസ്വീകാര്യമാണ്. കുറ്റവാളികളെ നിയമ പ്രകാരം ശിക്ഷിക്കണം. സൈനികനടപടി ഒന്നിനും പരിഹാരമാർഗമല്ല, ഇരുരാജ്യങ്ങളും സംയമനം പാലിക്കണം. സംഘർഷ സാഹചര്യത്തിൽ നിന്ന് ഇരുരാജ്യങ്ങളും പിൻമാറണമെന്നും ഗുട്ടറസ് ആവശ്യപ്പെട്ടു. സമാധാനം പുനഃസ്ഥാപിക്കാൻ ഐക്യരാഷ്ട്രസഭ എന്ത് സഹായത്തിനും തയ്യാറാണെന്നും ഗുട്ടറസ് വ്യക്തമാക്കി.
അതേസമയം, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷ സാഹചര്യങ്ങൾ നിലനിൽക്കെ സംസ്ഥാനങ്ങൾ മോക്ക് ഡ്രിൽ നടത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശം നൽകി. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ മോക്ക് ഡ്രിൽ നടത്താനാണ് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം. മെയ് ഏഴിനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മോക്ക് ഡ്രിൽ നടത്താൻ നിർദേശം നൽകിയത്. അതേസമയം ഇതേക്കുറിച്ച് കൂടിയാലോചനകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ പങ്കെടുത്ത ചർച്ച നടന്നു.
ALSO READ: ഗാസ പൂർണമായി പിടിച്ചടക്കാൻ ഇസ്രയേൽ; പദ്ധതിക്ക് അംഗീകാരം നൽകി ഇസ്രയേൽ സെക്യൂരിറ്റി ക്യാബിനറ്റ്
അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സുരക്ഷാ വിലയിരുത്തലിനായി സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തനക്ഷമത പരിശോധിക്കണം, ആക്രമണം നേരിടാൻ ജനങ്ങൾക്കും വിദ്യാർഥികൾക്കും പരിശീലനം നൽകണം, ക്രാഷ് ബ്ലാക്ക് ഔട്ട് നടപടിക്രമങ്ങൾ പരിശോധിക്കണം, ഒഴിപ്പിക്കൽ നടപടികൾ അടക്കം പരിശീലിക്കണം എന്നീ നിദേശങ്ങളാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നൽകിയത്.