എടുക്കുന്ന ജോലി ആർക്കൊക്കെയോ കിട്ടുന്നുണ്ട് എന്നതിന്റെ തെളിവാണ് ഉയരുന്ന വിമർശനങ്ങളെന്നും വേടൻ
ആർഎസ്‌എസ് വാരിക കേസരിയുടെ പത്രാധിപർ എൻ.ആർ. മധുവിൻ്റെ വിദ്വേഷ പരാമർശത്തിൽ പ്രതികരിച്ച് റാപ്പർ വേടൻ. ജാതി ഭീകരത എന്നത് കോമഡിയാണ്. താൻ വിശ്വസിക്കുന്നത് അംബേദ്‌കർ രാഷ്ട്രീയത്തിലാണ്. ഇത്തരം പരാമർശങ്ങൾ ഇതിനു മുൻപും കേട്ടിട്ടുണ്ടെന്നും വേടൻ പ്രതികരിച്ചു.
"അദ്ദേഹത്തിന് അഭിപ്രായം പറയാം. എടുക്കുന്ന ജോലി ആർക്കൊക്കെയോ കിട്ടുന്നുണ്ട് എന്നതിന്റെ തെളിവാണ് ഉയരുന്ന വിമർശനങ്ങൾ. അമ്പലങ്ങളിൽ പരിപാടികൾ കിട്ടിയാൽ ഇനിയും പാടാനായി ചെല്ലും. നിലവിലെ പ്രശ്നങ്ങൾ കരിയറിനെ ബാധിച്ചിട്ടുണ്ട്. ഈ സമയം കടന്നു പോകും" റാപ്പർ വേടൻ പറഞ്ഞു.
കൊല്ലം കുണ്ടറയിലെ ക്ഷേത്ര പരിപാടിയിലായിരുന്നു വേടനെതിരെയുള്ള എൻ.ആർ. മധുവിന്റെ പരാമർശം. വേടൻ്റെ പാട്ടുകള്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നുണ്ടെന്നും ഇതിൻ്റെ പിന്നില്‍ രാജ്യത്തിൻ്റെ വിഘടനം സ്വപ്നം കാണുന്ന സ്പോണ്‍സർമാരാണെന്നുമായിരുന്നു മധു പറഞ്ഞത്.
വളർന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിത്. കലാഭാസങ്ങൾ നാലമ്പലങ്ങളിലേക്ക് കടന്നു വരുന്നത് തടയണം. ആള് കൂടാൻ വേടൻ്റെ പാട്ട് വെക്കുന്നവർ നാളെ അമ്പല പറമ്പിൽ ക്യാബറെ ഡാൻസും വെക്കുമെന്നും മധു പറഞ്ഞിരുന്നു.