ഒന്നര മാസത്തിനുള്ളിൽ ആവശ്യങ്ങൾ പരിഗണിക്കാം എന്ന് മന്ത്രി ഉറപ്പു നൽകിയതോടെ സമരം ഉപേക്ഷിക്കാൻ സംഘടനകൾ തീരുമാനിക്കുകയായിരുന്നു
സിനിമാ സംഘടനകളുമായി ഒന്നര മാസത്തിനകം ചർച്ച നടത്താം എന്ന ഉറപ്പ് സർക്കാർ പാലിച്ചില്ലെന്ന് ആരോപണം. ഇരട്ട നികുതി, വൈദ്യുതിക്ക് നിശ്ചിത ചാർജ്, തുടങ്ങിയ ആവശ്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്ന ഉറപ്പിലായിരുന്നു സിനിമാ സമരം ഉപേക്ഷിക്കാൻ സംഘടനകൾ തീരുമാനിച്ചത്. ഇനിയും വൈകിയാൽ സമരവുമായി മുന്നോട്ടു പോകുമെന്ന് സിനിമാ സംഘടനകൾ അറിയിച്ചു
മാർച്ച് 17 നാണ് ഫിലിം ചേംബർ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ തുടങ്ങിയ സിനിമാസംഘടനകളുമായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ തിരുവനന്തപുരത്ത് ചർച്ച നടത്തിയത്. ജൂൺ ഒന്നുമുതൽ സമരവുമായി മുന്നോട്ടു പോകുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ആയിരുന്നു ചർച്ചകൾ നടത്തിയത്. ഒന്നര മാസത്തിനുള്ളിൽ ആവശ്യങ്ങൾ പരിഗണിക്കാം എന്ന് മന്ത്രി ഉറപ്പു നൽകിയതോടെ സമരം ഉപേക്ഷിക്കാൻ സംഘടനകൾ തീരുമാനിക്കുകയായിരുന്നു.
ALSO READ: ലിയോ പതിനാലാമൻ്റെ സ്ഥാനാരോഹണം ഇന്ന്; ചടങ്ങിന് സാക്ഷിയാകാൻ ലോകനേതാക്കൾ വത്തിക്കാനിൽ
വിനോദ നികുതിയും, ജിഎസ്‌ടിയും ഒരുമിച്ച് ഈടാക്കുന്ന ഇരട്ട നികുതി സംവിധാനം ഒഴിവാക്കണമെന്നതാണ് സംഘടനകളുടെ പ്രധാന ആവശ്യം. സിനിമ തീയറ്ററുകളുടെ വൈദ്യുതി നിരക്ക് കുറയ്ക്കണം എന്നതാണ് രണ്ടാമത്തേത്. ധന വകുപ്പ്, തദ്ദേശ വകുപ്പ്, വൈദ്യുതി വകുപ്പ് മന്ത്രിമാരുമായി ചർച്ച ചെയ്യേണ്ട വിഷയങ്ങൾ ആയതിനാൽ സമയം വേണം എന്നായിരുന്നു മന്ത്രിയുടെ ആവശ്യം. ഉറപ്പ് നൽകി 2 മാസം കഴിഞ്ഞിട്ടും ചർച്ചയ്ക്കുള്ള തീയതി പോലും തീരുമാനിച്ചിട്ടില്ല. രണ്ടാഴ്ചക്കുള്ളിൽ വിവിധ വകുപ്പുകളുമായി ചർച്ച ചെയ്ത് മാർഗരേഖ സമർപ്പിക്കും എന്ന ഉറപ്പും പാലിക്കപ്പെട്ടില്ലെന്നും സംഘടനകൾ ആരോപിച്ചു.
ALSO READ: PSLV C 61 വിക്ഷേപണം പരാജയം; സ്ഥിരീകരിച്ച് ISRO ചെയർമാൻ
ചർച്ച ഉടൻ വേണം എന്ന ആവശ്യപ്പെട്ട് നിർമാതാക്കളുടെ സംഘടന ആഴ്ചകൾക്ക് മുൻപ് കത്തയച്ചിരുന്നു.ചർച്ച ഉടൻ ഉണ്ടാകും എന്നാണ് അന്ന് മന്ത്രിയുടെ ഭാഗത്തുനിന്ന് ലഭിച്ച വാക്കാലുള്ള മറുപടി. ഈ മാസം 29 ന് ഫിലിം ചേബറിന്റെ എക്സിക്യൂട്ടീവ് യോഗം ചേരും. യോഗത്തിൽ വിഷയം ചർച്ച ചെയ്യാനാണ് തീരുമാനം. അതിന് ശേഷം ഫിലിം ചേബറും സർക്കാരിന് കത്ത് അയക്കും. അനുകൂല മറുപടി ഉണ്ടായില്ലെങ്കിൽ സമരവുമായി മുന്നോട്ടു പോകണം എന്നാണ് ചില അംഗങ്ങളുടെ അഭിപ്രായം.