ഞായറാഴ്ച്ച നടന്ന പരിപാടിയില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവര്‍ക്കൊപ്പം മഞ്ജു വാര്യര്‍, ശ്രീനിവാസന്‍ എന്നിവരും പങ്കെടുത്തു
പ്രായമായാല്‍ താരങ്ങള്‍ക്ക് ഒന്നിച്ച് താമസിക്കാന്‍ ഗ്രാമം ഉണ്ടാക്കാന്‍ തീരുമാനിച്ച് അഭിനേതാക്കളുടെ സംഘടനയായ AMMA. അതിനുള്ള ശ്രമം ആരംഭിച്ചതായി നടന്‍ ബാബുരാജ് അറിയിച്ചു. സംഘടനയുടെ സഞ്ജീവനി ജീവന്‍രക്ഷാപദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു താരം. ഈ ആശയം നടന്‍ മോഹന്‍ലാലിന്റേതാണെന്നും ബാബുരാജ് പറഞ്ഞു.
'നമുക്ക് നമ്മുടേതായ ഗ്രാമമെന്ന ആശയം ലാലേട്ടന്റേതാണ്. നമുക്കെല്ലാം വയസ്സായിക്കഴിഞ്ഞാല്‍ ഒരുമിച്ച് ജീവിക്കാന്‍ പറ്റിയ ഗ്രാമം ഉണ്ടാക്കണം. അതിനുള്ള പ്രയത്നം തുടങ്ങിക്കഴിഞ്ഞു. ഈ മൂന്ന് തൂണുകളുണ്ടെങ്കില്‍ നമ്മള്‍ ഗ്രാമമല്ല, ഒരുപ്രദേശം മുഴുവന്‍ വാങ്ങും. അതിനുള്ള ധൈര്യം നമുക്കുണ്ട്', എന്നാണ് ബാബുരാജ് പറഞ്ഞത്.
'ഗ്രാമത്തിന്റെ കാര്യം വളരെക്കാലം മുമ്പേ പറഞ്ഞതാണ്. സര്‍ക്കാരുമായി സംസാരിച്ച് എവിടെയെങ്കിലും കുറച്ചുപേര്‍ക്ക് താമസിക്കാനുള്ള സൗകര്യം. പണ്ട് തമിഴ്നാട് സര്‍ക്കാരൊക്കെ കൊടുത്തിട്ടുണ്ട്. പക്ഷേ അവിടെയൊന്നും ശരിയായി നടപ്പാക്കിയിട്ടില്ല', എന്ന് മോഹന്‍ലാലും പറഞ്ഞു.
ഞായറാഴ്ച്ച നടന്ന പരിപാടിയില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവര്‍ക്കൊപ്പം മഞ്ജു വാര്യര്‍, ശ്രീനിവാസന്‍ എന്നിവരും പങ്കെടുത്തു. കൊച്ചി ഓഫീസില്‍ വെച്ച് റിപ്പബ്ലിക് ദിനാഘോഷത്തിന് ശേഷമായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം നടന്നത്.