റബാഡ തന്നെ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഉത്തേജക മരുന്ന് ഉപയോഗം തുറന്ന് സമ്മതിച്ചത്
ഐപിഎല്‍ സീസണ്‍ അവസാനിക്കുന്നതിനു മുമ്പ് സൗത്ത് ആഫ്രിക്കയില്‍ നിന്നുള്ള ഗുജറാത്ത് ടൈറ്റന്‍സ് താരം കഗീസോ റബാഡ നാട്ടിലേക്ക് മടങ്ങിയതിന്റെ കാരണം പുറത്ത്. ഒരു മാസം മുമ്പാണ് റബാഡ നാട്ടിലേക്ക് മടങ്ങിയത്. താരത്തിന്റെ മടക്കം 'വ്യക്തിപരം' എന്നായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ് വിശദീകരിച്ചിരുന്നത്.
എന്നാല്‍, ഇപ്പോള്‍ റബാഡ തന്നെയാണ് യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തിയത്. നിരോധിത ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് താരത്തിന് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. റബാഡ തന്നെ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഉത്തേജക മരുന്ന് ഉപയോഗം തുറന്ന് സമ്മതിച്ചത്.
സ്വയം ചിന്തിക്കാനും മെച്ചപ്പെടുത്താനുമുള്ള അവസരമായാണ് ഈ കാലഘട്ടത്തെ താന്‍ കാണുന്നതെന്നാണ് പ്രസ്താവനയില്‍ റബാഡ പറയുന്നത്. ഏത് തരം ഉത്തേജക മരുന്നാണ് ഉപയോഗിച്ചതെന്നതിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ പ്രസ്താവനയിലില്ല. ഉത്തേജക പരിശോധനയില്‍ പോസിറ്റീവായതിനെ തുടര്‍ന്നാണ് റബാഡയ്ക്ക് ഐപിഎല്‍ കളിക്കാനാകാതെ നാട്ടിലേക്ക് മടങ്ങേണ്ടി വന്നത്.
Also Read: ചാംപ്യൻസ് ലീഗ് സെമിയിൽ ബാഴ്സയെ വിറപ്പിച്ചു; ആരാണ് ഡെൻസൽ ഡംഫ്രൈസ്?
വേള്‍ഡ് ആന്റി-ഡോപിങ് ഏജന്‍സി (WADA) നിയമപ്രകാരം ഉത്തേജക മരുന്ന് ഉപയോഗം കണ്ടെത്തിയാല്‍ മൂന്ന് മാസം മുതല്‍ നാല് വര്‍ഷം വരെയാണ് ശിക്ഷ. കൊക്കെയ്ന്‍, ഹെറോയിന്‍, എംഡിഎംഎ, കഞ്ചാവ് തുടങ്ങിയവയാണ് 'ദുരുപയോഗ പദാര്‍ത്ഥങ്ങള്‍' വിഭാഗത്തില്‍ പെടുന്നത്.
അതേസമയം, നിലവില്‍ താന്‍ താത്കാലിക വിലക്കിലാണെന്നും ഉടന്‍ തന്നെ ക്രിക്കറ്റിലേക്ക് മടങ്ങി വരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റബാഡ തന്റെ കുറിപ്പില്‍ പറയുന്നു.
ഐപിഎല്ലില്‍ ഗുജറാത്തിനു വേണ്ടി ഈ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ റബാഡയും ഭാഗമായിരുന്നു. പഞ്ചാബ്് കിങ്‌സിനും മുംബൈ ഇന്ത്യന്‍സിനുമെതിരായ മത്സരങ്ങളിലായിരുന്നു റബാഡയും ടീമിനൊപ്പം ഉണ്ടായിരുന്നത്. രണ്ട് മത്സരങ്ങളിലും ഓരോ വിക്കറ്റ് വീതവും നേടി. എന്നാല്‍ ഇതിനു ശേഷമുള്ള മത്സരങ്ങളിലൊന്നും റാബാഡ ഉണ്ടായിരുന്നില്ല.
വ്യക്തിപരമായ കാരണങ്ങളാല്‍ റാബഡ നാട്ടിലേക്ക് മടങ്ങിയെന്ന് മാത്രമായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ് നല്‍കിയ വിശദീകരണം.