fbwpx
IPL 2025 | RCB vs CSK | തോറ്റുതോറ്റ് ചെന്നൈ; ആവേശപ്പോരില്‍ ജയം പിടിച്ച് ബെംഗളൂരു
logo

ന്യൂസ് ഡെസ്ക്

Last Updated : 04 May, 2025 12:01 AM

തുടര്‍ച്ചയായ നാലാം ജയത്തോടെ ബെംഗളൂരു പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിച്ചു

IPL 2025

റൊമാരിയോ ഷെപ്പേഡ്



ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തുടര്‍ തോല്‍വി ഒഴിവാക്കാനുള്ള അവസരം ചെന്നൈ സൂപ്പര്‍ കിങ്സ് കളഞ്ഞുകുളിച്ചപ്പോള്‍, ആവേശപ്പോരില്‍ ജയം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. അവസാനപന്ത് വരെ ജയപരാജയം മാറിമറിഞ്ഞ മത്സരത്തില്‍ രണ്ട് റണ്‍സിനായിരുന്നു ബെംഗളൂരുവിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സെടുത്തു. ചെന്നൈയുടെ മറുപടി അഞ്ച് വിക്കറ്റിന് 211 റണ്‍സിലൊതുങ്ങി. തുടര്‍ച്ചയായ നാലാം ജയത്തോടെ ബെംഗളൂരു പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിച്ചു. പ്ലേ ഓഫ് സാധ്യതകള്‍ നേരത്തെ തന്നെ അവസാനിച്ച ചെന്നൈയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്. പട്ടികയില്‍ അവസാന സ്ഥാനക്കാരാണ് ചെന്നൈ.

ജേക്കബ് ബെതെല്‍-വിരാട് കോഹ്‍ലി ഓപ്പണിങ് കൂട്ടുകെട്ടിന്റെ അര്‍ധ സെഞ്ചുറികളും, അവസാന ഓവറുകളില്‍ തകര്‍ത്താടിയ റൊമാരിയോ ഷെപ്പേഡിന്റെ അര്‍ധ സെഞ്ചുറിയുമാണ് മികച്ച സ്കോര്‍ സമ്മാനിച്ചത്. സെഞ്ചുറിക്ക് ആറ് റണ്‍സ് അകലെ വീണ ഓപ്പണര്‍ ആയുഷ് മഹാത്രെയുടെ ഓപ്പണിങ് ഇന്നിങ്സിന്റെ കരുത്തിലായിരുന്നു ചെന്നൈയുടെ തിരിച്ചടി. മധ്യനിരയില്‍ അര്‍ധ സെഞ്ചുറിയുമായി ബാറ്റ് വീശിയ രവീന്ദ്ര ജഡേജ പ്രതീക്ഷകള്‍ നല്‍കിയെങ്കിലും അവസാന ഓവറിലെ നാലാം പന്തില്‍ എം.എസ്. ധോണിയുടെ വിക്കറ്റ് വീണത് മത്സരത്തിന്റെ ഗതി മാറ്റി. യഷ് ദയാലിന്റെ പന്തില്‍ ധോണി വിക്കറ്റിനു മുന്നില്‍ കുടുങ്ങുകയായിരുന്നു. മൂന്ന് പന്തില്‍ 13 റണ്‍സെന്ന നിലയില്‍ നിന്ന് ശിവം ദുബെയും ജഡേജയും ആഞ്ഞുപിടിച്ചെങ്കിലും വിജയത്തിന് മൂന്ന് റണ്‍സിപ്പുറം ചെന്നൈ ഇന്നിങ്സ് അവസാനിച്ചു. ആയുഷ് മഹാത്രെ 48 പന്തില്‍ ഒമ്പത് ഫോറും അഞ്ച് സിക്സും ഉള്‍പ്പെടെ 94 റണ്‍സെടുത്തു. രവീന്ദ്ര ജഡേജ 45 പന്തില്‍ 77 റണ്‍സുമായി പുറത്താകാതെ നിന്നു. ഷെയ്ക് റഷീദ് (14), സാം കറന്‍ (5), ബ്രുവിസ് (0), ധോണി (12), ശിവം ദുബെ (പുറത്താകാതെ 8) എന്നിങ്ങനെയായിരുന്നു ചെന്നൈയുടെ ബാറ്റിങ് പെര്‍ഫോമന്‍സ്. ബംഗളൂരുവിനായി ലുംഗി എംഗിഡി മൂന്ന് വിക്കറ്റ് നേടി. ക്രൂനാല്‍ പാണ്ഡ്യ, യഷ് ദയാല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.


ALSO READ: IPL 2025 | തകര്‍പ്പന്‍ ഫോമില്‍ ഗില്‍; ഹൈദരാബാദിനെ 38 റണ്‍സിന് പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റന്‍സ്


ടോസ് നേടിയ ചെന്നൈ ബെംഗളൂരുവിനെ ബാറ്റിങ്ങിനയച്ചു. ഓപ്പണര്‍മാരായ ജേക്കബ് ബെതെലും വിരാട് കോഹ്‍ലിയും മികച്ച ഫോമില്‍ ബാറ്റ് വീശിയതോടെ, ചെന്നൈ ബൗളര്‍മാര്‍ അടികൊണ്ട് തളര്‍ന്നു. അര്‍ധ സെഞ്ചുറിയുമായി ഇരുവരും കളം വാണതോടെ, ബെംഗളൂരു മികച്ച സ്കോറിലേക്ക് നീങ്ങി. പത്താം ഓവറില്‍ ടീം സ്കോര്‍ 97ല്‍ എത്തിനില്‍ക്കെയാണ് ഓപ്പണിങ് കൂട്ടുകെട്ട് പിരിഞ്ഞത്. മതീഷ് പതിരനയുടെ പന്തില്‍ ഡെവാല്‍ഡ് ബ്രുവിസ് ക്യാച്ചെടുത്തായിരുന്നു ബെതെലിന്റെ മടക്കം. 33 പന്തില്‍ അഞ്ച് വീതം ഫോറും സിക്സും ഉള്‍പ്പെടെ 62 റണ്‍സാണ് ബെതെല്‍ അടിച്ചെടുത്തത്. പന്ത്രണ്ടാം ഓവറില്‍ കോഹ്‍ലിയും മടങ്ങി. സാം കറന്റെ പന്തില്‍ ഖലീല്‍ അഹ്മദിനായിരുന്നു ക്യാച്ച്. 33 പന്തില്‍ 55 റണ്‍സായിരുന്നു കോഹ്‍ലിയുടെ സംഭാവന. എട്ട് ഫോറും രണ്ട് സിക്സും ഉള്‍പ്പെടുന്നതായിരുന്നു കോഹ്ലിയുടെ ഇന്നിങ്സ്. ഡേവിഡ് പടിക്കല്‍ (11), രജത് പട്ടിദാര്‍ (11), ജിതേഷ് ശര്‍മ (7) എന്നിവര്‍ വേഗം മടങ്ങിയെങ്കിലും വിന്‍ഡീസ് താരം റൊമാരിയോ ഷെപ്പേഡിന്റെ ഇന്നിങ്സാണ് ബെംഗളൂരുവിന് മികച്ച സ്കോര്‍ സമ്മാനിച്ചത്.

14 പന്തില്‍ നാല് ഫോറും മൂന്ന് സിക്സും ഉള്‍പ്പെടെ 53 റണ്‍സുമായി അപരാജിതനായി നിന്ന ഷെപ്പേഡിന് മുന്നില്‍ ചെന്നൈ ബൗളര്‍മാരുടെ ഒരു തന്ത്രവും ഫലിച്ചില്ല. ഖലീല്‍ അഹ്‌മദ് എറിഞ്ഞ 19-ാം ഓവറില്‍ നാല് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 32 റണ്‍സാണ് ഷെപ്പേഡ് നേടിയത്. ഒരു നോബോള്‍ ഉള്‍പ്പെടെ ആകെ 33 റണ്‍സ്! അവസാന ഓവറിലും ഷെപ്പേഡ് ആ താളം തുടര്‍ന്നു. പതിരന എറിഞ്ഞ ഓവറില്‍ ആദ്യ പന്ത് ടിം ഡേവിഡ് സിംഗിളെടുത്തു. പിന്നാലെ ഷെപ്പേഡിന്റെ വെടിക്കെട്ട്. രണ്ട് ഫോറും രണ്ട് സിക്സും ആ ബാറ്റില്‍നിന്ന് പിറന്നു. അവസാന ഓവറില്‍ മൊത്തം 21 റണ്‍സ്. ബെംഗളൂരു ടോട്ടല്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സിലെത്തി. മൂന്ന് പന്തില്‍ രണ്ട് റണ്‍സുമായി നിന്ന ടിം ഡേവിഡായിരുന്നു ഷെപ്പേഡിന് കൂട്ട്. ചെന്നൈ ബൗളര്‍മാരില്‍ ഖലീല്‍ അഹ്‌മദാണ് ഏറ്റവും കൂടുതല്‍ തല്ല് വാങ്ങിക്കൂട്ടിയത്. മൂന്നോവറില്‍ 65 റണ്‍സ് വഴങ്ങിയ ഖലീലിന് വിക്കറ്റൊന്നും കിട്ടിയതുമില്ല. മതീഷ് പതിരന നാല് ഓവറില്‍ 36 റണ്‍സിന് മൂന്ന് വിക്കറ്റ് നേടി. നൂര്‍ അഹ്മദ്, സാം കറന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

NATIONAL
ഭീകരാക്രമണത്തിന് ദിവസങ്ങൾക്ക് മുൻപ് കട തുടങ്ങി, ആക്രമണദിവസം തുറന്നില്ല; പഹൽഗാം വ്യാപാരിയെ NIA ചോദ്യം ചെയ്യുന്നു
Also Read
user
Share This

Popular

KERALA
KERALA
തീപിടുത്തത്തിന് കാരണം ബാറ്ററിയിലെ ഇന്റേണല്‍ ഷോര്‍ട്ടേജ്; പൊട്ടിത്തെറിച്ചത് 34 ബാറ്ററികള്‍