ജയ്ഭീം സംവിധായകന്‍ ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ദോശ കിങ് പ്രമാദമായ ഒരു കൊലപാതക കേസിനെ ചുറ്റിപ്പറ്റിയാണ്
ജയ്ഭീം, വേട്ടയ്യന്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. പ്രമുഖ പ്രൊഡക്ഷന്‍ ഹൗസായ ജംഗ്ലി പിക്ചേഴ്സ് നിര്‍മിക്കുന്ന ചിത്രത്തിന് കന്നട ചിത്രം സപ്ത സാഗരദാച്ചേ എല്ലോയിലൂടെ ശ്രദ്ധേയനായ ഹേമന്ത് റാവു തിരക്കഥയൊരുക്കും. 'ദോശ കിങ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഇന്ത്യയൊട്ടാകെ ചര്‍ച്ചയായ ഒരു കൊലപാതക കേസിന്‍റെ ഉള്ളറകളിലേക്കാണ് കടന്നുചെല്ലുന്നത്. ശരവണ ഭവന്‍ ഹോട്ടല്‍ ശ്യംഖലയുടെ ഉടമ പി. രാജഗോപാലും ജീവജ്യോതി എന്ന യുവതിയും തമ്മില്‍ നടന്ന നിയമപോരാട്ടമാണ് സിനിമയുടെ ഇതിവൃത്തം.
ജീവനക്കാരന്‍റെ മകളെ മൂന്നാം ഭാര്യയാക്കാന്‍ അവരുടെ ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍വാസത്തിനിടെ മരണപ്പെട്ട പി.രാജഗോപാലിന്‍റെ കഥ സിനിമയാകുമ്പോള്‍ വെള്ളിത്തിരയില്‍ ഒരു മികച്ച ക്രൈം ത്രില്ലര്‍ കോര്‍ട്ട് റൂം ഡ്രാമ തന്നെ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നു. ഇന്ത്യയിലും വിദേശത്തുമായി വ്യാപിച്ച് കിടക്കുന്ന ശരവണഭവന്‍ ഹോട്ടലുകളുടെ ഉടമ പി. രാജഗോപാല്‍ പ്രതിയായ കൊലപാതകം 2001ലാണ് നടന്നത്.
ശരവണഭവന്‍ 'അണ്ണാച്ചി' എന്ന പേരില്‍ തമിഴ്നാട് മുഴുവന്‍ പ്രശസ്തനായ രാജഗോപാല്‍ ഒരു സാധാരണ ചായവില്‍പ്പനക്കാരനായാണ് തന്‍റെ ജീവിതം ആരംഭിക്കുന്നത്. കഠിനാധ്വാനത്തിലൂടെയുള്ള ബിസിനസ് ജീവിതം അയാളെ ശരവണഭവന്‍ ഹോട്ടല്‍ ശൃംഖലയുടെ മുതലാളിയാക്കി വളര്‍ത്തി. തമിഴ്നാടും ഇന്ത്യയും കടന്ന് വിദേശത്തും ശരവണഭവന്‍റെ പേര് ഭക്ഷണപ്രേമികള്‍ക്കിടയില്‍ സുപരിചതമായി.
ALSO READ : സംഭവം ഇറുക്ക് ! ഫിക്ഷന്‍ ആക്ഷന്‍ ത്രില്ലറുമായി ഹിപ്ഹോപ് തമിഴ ആദി; 'കടൈസി ഉലക പോർ' ട്രെയിലര്‍
ഹോട്ടലില്‍ അസിസ്റ്റന്‍റ് മാനേജരായിരുന്ന രാമസ്വാമിയുടെ മകള്‍ ജീവജ്യോതി ഒരു ദിവസം ട്രാവല്‍ ഏജന്‍സി തുടങ്ങാനുള്ള പണം വായ്പയായി ലഭിക്കുമോ എന്നറിയാന്‍ രാജഗോപാലിനെ കാണാനെത്തി. ആദ്യ കാഴ്ചയില്‍ തന്നെ ജീവജ്യോതിയില്‍ ആകൃഷ്ടനായ രാജഗോപാല്‍ അവരെ തന്‍റെ ഭാര്യയാക്കാന്‍ ആഗ്രഹിച്ചു. ഇതിനോടകം രണ്ട് തവണ വിവാഹിതനായ രാജഗോപാലിന് ഇരുപതുകാരിയായ ജീവജ്യോതിയെ വിവാഹം ചെയ്യണമെന്ന ജ്യോത്സ്യന്‍റെ ഉപദേശം കൂടി ലഭിച്ചു.
ചെന്നൈയില്‍ കുടുംബസമേതം താമസിച്ചിരുന്ന ജീവജ്യോതിയുടെ സഹോദരന് ട്യൂഷനെടുക്കാന്‍ എത്തിയ പ്രിന്‍സ് ശാന്തകുമാറുമായി ജ്യോതി പ്രണയത്തിലായിരുന്നു. ക്രിസ്ത്യാനിയായ ശാന്തകുമാറുമായുള്ള വിവാഹത്തെ അച്ഛന്‍ രാമസ്വാമി എതിര്‍ത്തു. ഒടുവില്‍ 1999-ല്‍ ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്തു.
ശാന്തകുമാറിന്‍റെയും ജീവജ്യോതിയുടെ ദാമ്പത്യത്തില്‍ വിള്ളല്‍ വീഴ്ത്തിയാലെ തന്‍റെ ഉദ്ദേശം നടക്കൂ എന്ന് ബോധ്യപ്പെട്ട രാജഗോപാല്‍ അതിനുള്ള വഴികള്‍ ആരംഭിച്ചു. ശാന്തകുമാറിന് എച്ച്.ഐ.വി ബാധയുണ്ടെന്നും പരിശോധന നടത്തണമെന്നും വരെ രാജഗോപാല്‍ ഡോക്ടറെ കൊണ്ട് പറയിപ്പിച്ചു. രാജഗോപാലിന്‍റെ ശല്യം അതിരുവിട്ടതോടെ 2001-ല്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് ജീവജ്യോതി മുന്നറിയിപ്പ് നല്‍കി. സമ്പത്തും സ്വാധീന ശേഷിയും ഉപയോഗിച്ച് പൊലീസിനെ താന്‍ വരുതിയിലാക്കുമെന്നായി രാജഗോപാല്‍. ജീവജ്യോതിയെ താന്‍ വിവാഹം ചെയ്യുമെന്ന് ശാന്തകുമാറിനോട് ഭീഷണിമുഴക്കുന്ന നിലയിലേക്ക് രാജഗോപാല്‍ കടന്നു.ഇതോടെ ചെന്നൈ വിടാന്‍ ഇരുവരും ചേര്‍ന്ന് തീരുമാനിച്ചു.
രാജഗോപാലിന്‍റെ ഗുണ്ടകള്‍ ശാന്തകുമാറിനെ ആക്രമിച്ചതോടെ പൊലീസില്‍ പരാതി നല്‍കി. ഇതിനിടെ ശാന്തകുമാറിനെ രാജഗോപാലിന്‍റെ ആളുകള്‍ തട്ടിക്കൊണ്ടുപോയി, ജീവജ്യോതിയുടെ പരാതിയില്‍ അന്വേഷണവുമായി പൊലീസ് മുന്നോട്ടു പോയി. പക്ഷെ അപ്പോഴെക്കും കൊടൈക്കനാലിലെ പെരുമാള്‍മലൈയില്‍ ശാന്തകുമാറിനെ അവര്‍ കൊന്ന് കുഴിച്ചുമൂടിയിരുന്നു. കേസിലെ രണ്ടാം പ്രതിയായ ഡാനിയല്‍ പൊലീസിനോട് കൊലപാതക വിവരം തുറന്നുപറഞ്ഞതോടെ രാജഗോപാല്‍ പൊലീസിന്‍റെ പിടിയിലായി. മൂന്ന് വര്‍ഷത്തോളം നീണ്ട വിചാരണക്കും മറ്റ് ശാസ്ത്രീയ പരിശോധനകള്‍ക്കും ശേഷം കോടതി രാജഗോപാലിന് 10 വര്‍ഷം കഠിനതടവ് ശിക്ഷവിധിച്ചു. 2009-ല്‍ ഹൈക്കോടതി ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തി. ഇതിനിടെ ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി രാജഗോപാല്‍ ജാമ്യത്തിലിറങ്ങി. 2019-ല്‍ സുപ്രീം കോടതിയും രാജഗോപാലിന്‍റെ ശിക്ഷ ശരിവെച്ചു. ജാമ്യം നീട്ടി നല്‍കിയത് കോടതി നിരസിച്ചതോടെ വീണ്ടും രാജഗോപാല്‍ ജയിലിലേക്ക്. 2019 ജൂലൈ 19-ന് 72-ാം വയസിൽ ജയിലിൽവെച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ജയിലില്‍ വെച്ച് രാജഗോപാൽ മരണപ്പെട്ടു.