ആദിയുടെ മുന്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായി വലിയ ബജറ്റില്‍ ഗൗരവമുള്ള വിഷയം സംസാരിക്കുന്ന സിനിമയാകും 'കടൈസി ഉലക പോര്‍'
യുവതാരം ഹിപ്ഹോപ് തമിഴ ആദി രചനയും സംവിധാനവും നിര്‍വഹിക്കുന്ന സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'കടൈസി ഉലക പോര്‍'ട്രെയിലര്‍ പുറത്ത്. 2028 -ല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ അരങ്ങേറുന്ന ആഭ്യന്തര കലഹങ്ങളും സംഘര്‍ഷങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം എന്നാണ് റിപ്പോര്‍ട്ട്. ആദിയുടെ മുന്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായി വലിയ ബജറ്റില്‍ ഗൗരവമുള്ള വിഷയം സംസാരിക്കുന്ന സിനിമയാകും 'കടൈസി ഉലക പോര്‍'.
ചിത്രം സെപ്റ്റംബർ 20 ന് തിയേറ്ററിലെത്തും. ഹിപ് ഹോപ് തമിഴ എന്റർടൈൻമെൻറ്റിന്റെ ബാനറിൽ ആദി തന്നെയാണ് ചിത്രം നിർമിക്കുന്നത്. 'മീസയെ മുറുക്ക്', 'ശിവകുമാറിൻ ശപഥം' എന്നീ സിനിമകൾക്ക് ശേഷം ഹിപ്പ് ഹോപ് തമിഴ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നാസർ, നടരാജൻ സുബ്രഹ്മണ്യം, അനഘ, എൻ.അളഗൻ പെരുമാൾ, ഹരീഷ് ഉത്തമൻ, മുനിഷ്കാന്ത്, സിംഗംപുലി, കല്യാൺ മാസ്റ്റർ, ഇളങ്കോ കുമാരവേൽ, തലൈവാസൽ വിജയ്, മഹാനടി ശങ്കർ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രത്തിനായി സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് ഹിപ് ഹോപ് തമിഴ തന്നെയാണ്.
അർജുൻരാജാ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് പ്രദീപ് ഇ രാഘവ് ആണ്. ഹിപ് ഹോപ് തമിഴ നായകനായി എത്തുന്ന എട്ടാമത്തെ ചിത്രമാണിത്. 2017 ൽ പുറത്തിറങ്ങിയ 'മീസയെ മുറുക്ക്' എന്ന ചിത്രത്തിലൂടെയാണ് സംഗീത സംവിധായകനായ ഹിപ് ഹോപ് തമിഴ നായകനായി ബിഗ് സ്ക്രീനിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. സംവിധായകനും നടനുമായ സുന്ദർ സി ആയിരുന്നു ചിത്രം നിർമിച്ചത്.