പാക് ആക്രമണത്തിൽ ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു
ജമ്മു ആർഎസ് പുര സെക്ടറിൽ പാകിസ്ഥാനുമായുണ്ടായ ഏറ്റുമുട്ടലിൽ ബിഎസ്എഫ് ജവാന് വീരമൃത്യു. ബിഎസ്എഫ് സബ് ഇൻസ്പെക്ടർ മുഹമ്മദ് ഇംതിയാസാണ് കൊല്ലപ്പെട്ടത്. ആർഎസ് പുര സെക്ടറിൽ അന്താരാഷ്ട്ര അതിർത്തിക്കടുത്തുണ്ടായ വെടിവെപ്പിലാണ് മരണം. പാക് ആക്രമണത്തിൽ ഏഴ് പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. ഉധംപൂരിൽ ഇന്നുണ്ടായ ഷെല്ലാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈനികനും വീരമൃത്യു വരിച്ചു.
അതിർത്തിയിൽ ഇന്ന് നടന്ന ഏറ്റുമുട്ടലിലാണ് സൈനികൻ വീരമൃത്യു വരിച്ചത്. അതിർത്തി കാക്കുന്ന ബിഎസ്എഫ് സേനയെ ധീരമായി മുന്നിൽ നിന്ന് നയിക്കുകയായിരുന്നു മുഹമ്മദ് ഇംതിയാസ്. ഇതിനിടെയാണ് മരണമെന്ന് അതിർത്തി സുരക്ഷാ സേനയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. വെടിവയ്പ്പിൽ അദ്ദേഹത്തോടൊപ്പം മറ്റ് ഏഴ് പേർക്കും പരിക്കേറ്റിട്ടുണ്ട്. മറ്റ് ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. പാകിസ്ഥാൻ്റെ ആക്രമണത്തിൽ 23 ഇന്ത്യക്കാരാണ് ഇതുവരെ കൊല്ലപ്പെട്ടത്.
ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള 2,000 കിലോമീറ്ററിലധികം നീളമുള്ള മുൻനിരയുടെ കാവൽ ചുമതല ബിഎസ്എഫിനാണ്. ഇംതിയാസിനെ ആദരിക്കുന്നതിനായി ഞായറാഴ്ച പലൗറയിലെ ബിഎസ്എഫ് ജമ്മു അതിർത്തി ആസ്ഥാനത്ത് പുഷ്പചക്രം അർപ്പിക്കുന്ന ചടങ്ങ് നടക്കും.
ഉധംപൂരിൽ ഇന്നുണ്ടായ പാക് ഷെല്ലാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഇന്ത്യൻ വ്യോമസേനയുടെ അസിസ്റ്റന്റ് മെഡിക്കൽ സർജൻ്റ് സുരേന്ദ്ര കുമാറും വീരമൃത്യു വരിച്ചു. ശനിയാഴ്ച പുലർച്ചെ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിലാണ് 36കാരനായ സുരേന്ദ്ര കുമാർ വീരമൃത്യു വരിച്ചത്.
അതേസമയം ശനിയാഴ്ച വൈകീട്ടോടെ പ്രഖ്യാപിച്ച വെടിനിർത്തൽ കരാർ മറികടന്ന് അതിർത്തിയിൽ ഡ്രോൺ ആക്രമണങ്ങൾ തുടരുകയാണ് പാകിസ്ഥാൻ. ശ്രീനഗർ, ജമ്മു കശ്മീർ, ഉദ്ദംപൂർ തുടങ്ങി വിവിധയിടങ്ങളിൽ പാക് ഡ്രോണുകളെ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനമായ എസ് 400 ശക്തമായി പ്രതിരോധിക്കുന്നുണ്ട്. ശ്രീനഗറിൽ ഒന്നിലേറെ സ്ഫോടനങ്ങളുണ്ടായതായി എഎൻഐ റിപ്പോർട്ട് ചെയ്തു. ജമ്മുവിൽ സ്ഫോടനങ്ങൾ നടന്നതായി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും സ്ഥിരീകരിച്ചു.