പാലോട് സ്വദേശി ആസിഫ് മുഹമ്മദിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ എൽഎസ്‍ഡി സ്റ്റാമ്പുമായി യുവാവ് പിടിയിൽ. പാലോട് സ്വദേശി ആസിഫ് മുഹമ്മദിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. വിൽപ്പനയ്ക്കെത്തിച്ച 486 മില്ലി ഗ്രാം ലഹരിമരുന്ന് ഇയാളിൽ നിന്നും കണ്ടെത്തി. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ബാലരാമപുരം വെടിവെച്ചാൻ കോവിൽ ഭാഗത്ത് വെച്ച് എക്സൈസ് ഇയാളുടെ വാഹനം പരിശോധിച്ചിരുന്നു. നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രശാന്തിൻ്റെയും റേഞ്ച് പാർട്ടിയുടെയും നേതൃത്വത്തിലായിരുന്നു പരിശോധന. പിന്നാലെയാണ് ലഹരിമരുന്ന് പിടികൂടിയത്. ദേഹപരിശോധനയിൽ രണ്ട് എൽഎസ്ഡി സ്റ്റാമ്പുകൾ പ്രതിയിൽ നിന്ന് ലഭിച്ചു. തുടർന്ന് ഇയാൾ താമസിക്കുന്ന പേരൂർക്കടയിലെ വാടക വീട്ടിൽ നടത്തിയ പരിശോധനയിൽ 16 LSD സ്റ്റാമ്പുകളും 15 ഗ്രാം കഞ്ചാവും എക്സൈസ് പിടിച്ചെടുത്തു.
രഹസ്യ അറയിലാണ് ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്. കോമേഴ്ഷ്യൽ അളവിലുള്ള ലഹരിവസ്തുവാണ് പിടികൂടിയത്. ഡിജെ പാർട്ടികളിൽ വൻതോതിൽ രാസലഹരി വിൽപന നടത്തുന്ന വ്യക്തിയാണ് ആസിഫെന്ന് ഉദ്യോഗസ്ഥർ പറയുന്നു. അന്തർ സംസ്ഥാനങ്ങളുമായി ബന്ധമുള്ള ഇയാൾ ഇടനിലക്കാരെ തരപ്പെടുത്തിയാണ് ജില്ലയിൽ രാസലഹരി എത്തിച്ചിരുന്നത്. പ്രതിയുടെ പക്കലുള്ള ഇരുചക്രവാഹനവും മൊബൈൽ ഫോണും കൂടുതൽ പരിശോധനയ്ക്കായി എക്സൈസ് കസ്റ്റഡിയിലെടുത്തു.